എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്

എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്.

മേളയിൽ ശ്രദ്ധേയമായി കൃഷി വകുപ്പ് സ്റ്റാളുകൾ

രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കനകക്കുന്നിൽ മെയ് 17 ന് ആരംഭിച്ച എന്റെ കേരളം 2025 പ്രദർശന വിപണന മേളകളയിൽ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകൾ സന്നർശകർക്കിടയിൽ ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മെയ് 17-ന് ഉദ്‌ഘാടനം ചെയ്ത മേളയിൽ തീം പവലിയനിൽ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളിൽ ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന തരത്തിലാണ് സജ്ജികരിച്ചിരിക്കുന്നത്. ഡ്രോൺ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനത്തിനും അവബോധം സൃഷ്‌ടിക്കുന്നതിനും ഡ്രോൺ പ്രവർത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോൺസ്ട്രഷനും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉൽപ്പന്നങ്ങളുടെയും മില്ലറ്റ് ഉൽപ്പന്നങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ എന്ന സമഗ്ര ആശയത്തിൽ നിലവിൽ വന്ന കതിർ ആപ്പ് രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡെസ്ക്കുകളും തീം പവലിയനിൽ ഒരുക്കിയിരിക്കുന്നത് സന്ദർശകർക്ക് കൃഷി വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതികളെ കുറിച്ച് കൂടുതൽ അവബോധം സൃഷ്‌ടിക്കുന്നതരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 1500 സ്ക്വയർ ഫീറ്റിൽ കൃഷി വകുപ്പ് തിരുവനന്തപുരം ജില്ല ഒരുക്കിയിരിക്കുന്ന നടീൽ വസ്തുക്കളുടെയും, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും പ്രദർശന വിപണന മേളയും പൊതുജന പങ്കാളിത്തം കൊണ്ട് സജീവമാണ്. കർഷക വന്യജീവി സംഘർഷം എന്ന വിഷയത്തിൽ ജില്ലാ സ്റ്റാൾ വിപുലമായി ഒരുക്കിയിട്ടുണ്ട്. കൃഷി വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിലാണ് സജ്ജീകരിച്ചിരിക്കുന്ന “ഡിജിറ്റൽ അഗ്രികൾച്ചർ” തീം സ്റ്റാളിൽ കാർഷിക മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകൾ, സാങ്കേതിക വിദ്യകൾ -“വെളിച്ചം”, “അനുഭവം” എന്നീ പദ്ധതികൾ പരിചയപ്പെടുന്നതിനും തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനായി ആവിഷ്കരിച്ച നവോധൻ പദ്ധതി എന്നീ പദ്ധതികൾ പരിചയപ്പെടുന്നതിനും കതിർ ആപ്പിൽ തൽസമയ കർഷക രജിസ്ട്രേഷൻ നടത്താനും സൗകര്യമുണ്ട്. ഇൻഫർമേഷൻ സെൻറർ, വിള ആരോഗ്യപരിപാലന കേന്ദ്രം എന്നീ സംവിധാനങ്ങളും കേരള മെയ്ഡ് ഫ്രൂട്ട് വൈൻ-നിള, കേരള ഗ്രോ ബ്രാൻഡ് ഉൽപന്നങ്ങൾ, മില്ലറ്റ് ഉല്പന്നങ്ങൾ, അഗ്രോ ക്ലിനിക് മുതലായവ കർഷകർക്കും പൊതു ജനങ്ങളകും നേരിട്ട് മനസിലാകത്തക്ക രീതിയിൽ സജീകരിച്ചിട്ടുണ്ട്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, ആത്മ, കർഷക ഉത്പാദക സംഘങ്ങൾ, വി.എഫ്.പി.സി.കെ., ഹോർട്ടികോർപ്പ്, കേരളഗ്രോ ബ്രാൻഡ് ഷോപ്പ്, മില്ലറ്റ് കഫെ, വിവിധ കാർഷിക ബ്ലോക്കുകൾ, കൃഷിക്കൂട്ടങ്ങൾ, ഫാമുകൾ തുടങ്ങിയവയിൽ നിന്നുള്ള വൈവിധ്യമേറിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്റ്റാളുകളും മേളയുടെ പ്രധാന ആകർഷണമാണ്.

വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദർശന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, ഭക്ഷ്യമേള, പ്രശസ്ത കലാകാരന്മാർ നയിക്കുന്ന കലാവിരുന്ന് എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. ഏഴ് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ എഴുപത്തി അയ്യായിരം ചതുരശ്ര അടിയിലാണ് പവലിയൻ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ അമ്പത്തിനാലായിരം ചതുരശ്ര അടി പൂർണമായും ശീതികരിച്ച പവലിയനാണ്. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ആകെ ഇരുന്നൂറ്റി അമ്പത് സ്റ്റാളുകളാണുള്ളത്. ഇതിൽ 161 സർവീസ് സ്റ്റാളുകളും 89 കൊമേഴ്‌സ്യൽ സ്റ്റാളുകളുമാണ്. ഏപ്രിൽ 21ന് കാസർഗോഡ് നിന്നും ആരംഭിച്ച വാർഷികാഘോഷ പരിപാടികൾ മേയ് 23ന് തിരുവനന്തപുരത്താണ് സമാപിക്കുക. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.