കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പാറോട്ടുകോണത്ത് പ്രവർത്തിക്കുന്ന രാസവള ഗുണനിയന്ത്രണ പരിശോധനാ ലബോറട്ടറിക്ക് നാഷണൽ അക്ക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) എന്ന ദേശീയ അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ അടിസ്ഥാനമാക്കി, നിർദ്ദിഷ്ട ടെസ്റ്റുകൾ/അളവുകൾക്കുള്ള സാങ്കേതിക കഴിവിന് ഔപചാരികമായ അംഗീകാരമാണ് ഇത് വഴി ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ലാബിനു ഈ അംഗീകാരം ലഭിക്കുന്നത്.
കൃഷിക്കാവശ്യമായ എല്ലാ രാസവളങ്ങളുടെയും ഗുണ നിലവാര പരിശോധന ഈ ലാബിൽ നടത്തി വരുന്നുണ്ട്. നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാഷ്യം, ദ്വിതീയ മൂലകങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ എന്നിവ അടങ്ങിയിട്ടുള്ള നേർവളങ്ങൾ, മിക്‌സ്ച്ചറുകൾ, കോംപ്ലക്സ് വളങ്ങൾ എന്നിവയുടെ ഗുണ നിലവാര പരിശോധനയാണ് പ്രധാനമായും ഈ ലാബിൽ നടന്നു വരുന്നത്. രാസ പരിശോധനയ്ക്കുള്ള ISO / IEC 17025: 2017 അംഗീകാരമാണ് നിലവിൽ ലഭിച്ചിട്ടുള്ളത്.