കേരഫെഡിൽ ആദ്യമായി പി.എസ്.സി. മുഖേന 22 ഉദ്യോഗസ്ഥർക്ക് നിയമനം
കേരഫെഡിൽ റിക്രൂട്ട്മെന്റ് റൂൾ നിലവിൽ വന്നതിനുശേഷം അനുവദിച്ച 290 തസ്തികകളിൽ അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ്/കാഷ്യർ എന്നീ തസ്തികകളിൽ പി.എസ്.സി. മുഖേനയുള്ള ആദ്യനിയമനത്തിലൂടെ ജോലിയിൽ പ്രവേശിക്കുന്ന 22 പേർക്ക് ഒരു മാസത്തെ IMG (Institute of Management in Government) ട്രെയിനിംഗ് നൽകാൻ തീരുമാനമായി. മെയ് 5 മുതൽ ആരംഭിച്ച് ഒരു മാസം നീണ്ട് നിൽക്കുന്ന ട്രെയിനിംഗ് പൂർത്തിയാക്കി കേരഫെഡിന്റെ വിവിധ ഓഫീസുകളിൽ ജൂൺ 1 മുതൽ ഇവർ ജോലിയിൽ പ്രവേശിക്കും.
റിക്രൂട്ട്മെന്റ് റൂൾ നിലവിൽ വന്നതിനുശേഷം അനുവദിച്ച 290 തസ്തികകളിൽ 47 തസ്തികകൾ നികത്തുന്നതിന് പി.എസ്.സി. യിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള തസ്തികകളിൽ നിയമനം നടത്തുവാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ റൂൾ പരിഷ്കരിക്കുന്നതിന് സർക്കാർ ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തുകയും തുടർപ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുകയാണ്. അസിസ്റ്റന്റ്/കാഷ്യർ തസ്തികയിൽ റിപ്പോർട്ട് ചെയ്ത 23 ഒഴിവുകളിൽ 19 ഉം, അസിസ്റ്റന്റ് മാനേജർ തസ്തികയിൽ റിപ്പോർട്ട് ചെയ്ത 3 വാക്കൻസികളിലേക്കുമാണ് പി.എസ്.സി. നിയമനം നൽകിയിരിക്കുന്നത്.