കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ – കതിർ ആപ്പ് ഘട്ടം 2
ഏഴരലക്ഷം കർഷക രജിസ്ട്രേഷനുമായി കൃഷി വകുപ്പിന്റെ “കതിർ ആപ്പ്” ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ ചിങ്ങം 1-ന് കർഷകരുടെയും കാർഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ കതിർ ആപ്പ് ഇതിനോടകം തന്നെ കർഷകരുടെ ഇടയിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. കാർഷിക, കാർഷികേതര വിഭവസ്രോതസ്സുകളുടെ സമഗ്രമായ വിവരശേഖരണം നടത്തുകയും അതുവഴി ഭാവിയിൽ നയങ്ങൾ, പദ്ധതികൾ എന്നിവ രൂപീകരിക്കുന്നതിനും, കർഷകർക്കാവശ്യമായ വിവരങ്ങൾ, സേവനങ്ങൾ എന്നിവ നൽകുന്നതിനും, കൃഷി ഉദ്യോഗസ്ഥർ, ഗവേഷകർ, മുതലായവർക്ക് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് ഉപകാരപ്രദമാകുന്ന തരത്തിലുമാണ് കതിർ ആപ്പ് ആവിഷ്കരിച്ചിട്ടുള്ളത്.
കേരളത്തിലെ മുഴുവൻ കർഷകരെയും, കാർഷിക മേഖലയെയും സംബന്ധിച്ച സമഗ്ര വിവരങ്ങൾ ഒരു കുട കീഴിൽ സംയോജിപ്പിച്ചും കാർഷിക കാലാവസ്ഥ മേഖല ആസൂത്രണം നടപ്പിലാക്കിയും നിർമ്മിത ബുദ്ധി/ഉപഗ്രഹ വിവരം എന്നിവ ഉപയോഗപ്പെടുത്തി അതിർത്തികൾ നിർണ്ണയിച്ചും ഈ പ്ലാറ്റ്‌ഫോം ഓരോ ഘട്ടത്തിലും കാർഷിക മേഖലയിൽ അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു. കൃഷി സംബന്ധമായ വിവരങ്ങളുടെയും, സേവനങ്ങളുടെയും ഒരു ഏകജാലകം എന്ന നിലയിൽ വ്യക്തിഗത രജിസ്ട്രേഷൻ അടിസ്ഥാനമാക്കി പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും പ്രവർത്തിക്കുന്ന കതിർ ആപ്പ് സംസ്ഥാനത്തെ ഏറ്റവും വിജയകരമായ സർക്കാർ മൊബൈൽ ആപ്ലിക്കേഷനുകളിലൊന്നായി മാറിയെന്ന് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
സർക്കാരിന്റെ വിവിധ ആപ്പുകളിൽ, കെ.എസ്.ഇ.ബി, പോൾ ആപ്പ് (കേരളാ പോലീസ്) എന്നിവയാണ് മുൻപന്തിയിൽ. പി.ആർ.ഡി ലൈവ്, സ്പാർക്ക് ഓൺ മൊബൈൽ എന്നിവയോടൊപ്പം നിലവിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സംസ്ഥാനത്തെ മികച്ച 10 ആപ്പുകളിൽ ഒന്നാണ് കതിർ. 2024 ആഗസ്റ്റ് 17 ന് ബഹു. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത കതിർ ആപ്പിൽ, കഴിഞ്ഞ രണ്ടു മാസത്തെ രജിസ്‌ട്രേഷൻ നിരക്കിൽ വൻ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. നിലവിൽ 15,000-20,000 കർഷകരാണ് കതിർ ആപ്പിൽ പ്രതിദിനം രജിസ്റ്റർ ചെയ്യുന്നത്. കർഷകർ നൽകുന്ന വ്യക്തിഗത ഭൂമി, വിളകൾ സംബന്ധിച്ച പ്രധാന വിവരങ്ങൾ എന്നിവ കൃഷി ഭവൻ തലത്തിലും കൃഷി അസിസ്റ്റന്റ് ഡയറക്ടർ തലത്തിലും രണ്ടു ഘട്ടങ്ങളിലായി പരിശോധിച്ചശേഷമാണ് സ്ഥിരീകരിച്ച് രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്തും (1.20 ലക്ഷം പേർ) കതിർ വെബ് പോർട്ടൽ മുഖേനയും രജിസ്റ്റർ ചെയ്ത ഏഴുലക്ഷം കർഷകരുടെ വിവിരങ്ങൾ ഇപ്രകാരം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് വരുന്ന രണ്ടു മാസത്തിൽ സംസ്ഥാനത്തെ പി.എം. കിസാൻ ഉപഭോക്താക്കളായ 28 ലക്ഷം കർഷകരെയും കതിർ ആപ്പിന്റെ ഭാഗമാക്കാനാണ് കൃഷി വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
കതിർ ആപ്പ് വിവരങ്ങൾ ഫാർമാർ രജിസ്ട്രി, വിള രജിസ്ട്രി എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ കർഷകർക്കുള്ള വിവിധ ബാങ്കിംഗ്, സബ്സിഡി, ഇൻഷ്വറൻസ് സേവനങ്ങൾ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ കതിർ ആപ്പിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കാനാകും. നെൽകൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കും കതിർ ആപ്പ് മുഖേനയുള്ള വിവരശേഖരണത്തിലൂടെ നെല്ല്സംഭരണ പ്രക്രിയ കുറ്റമറ്റതാക്കാനും സമയബന്ധിതമായി സംഭരണ തുക ലഭ്യമാക്കാനും സാധിക്കും.
കൃഷിഭവൻ പ്രവത്തനങ്ങളെ കുറിച്ച് പൊതുജനാഭിപ്രായം തേടി കൃഷി ഓഫീസുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ‘അനുഭവം പദ്ധതി’, ഇതിനോടകം തന്നെ കതിർ ആപ്പ് മുഖേന നടപ്പിലാക്കിയിട്ടുണ്ട്. കാർഷിക വിളകളിലെ രോഗ-കീട നിയന്ത്രണ മാർഗങ്ങൾ വ്യക്തിഗതമായി ലഭ്യമാക്കുന്ന വിള ഡോക്ടർ, മണ്ണ് പരിശോധന സംവിധാനങ്ങൾ, കർഷക ഐ.ഡി. കാർഡ് വിതരണം എന്നീ പ്രവർത്തികളും ആപ്പ് മുഖേന ലഭ്യമാക്കി തുടങ്ങി. ഇതോടൊപ്പം ഉൽപ്പനങ്ങളുടെ വിപണി വില, വിപണന സാധ്യതകൾ എന്നിവയും ഓരോ വിളകളുടെ പ്രാദേശിക അനുയോജ്യതയും മനസ്സിലാക്കുന്ന പ്രവർത്തങ്ങൾ, കാർഷിക യന്ത്രങ്ങളുടെ ലഭ്യത, വിവിധ സേവന കേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവയും കതിർ ആപ്പിലൂടെ ലഭ്യമാക്കുന്നതാണ്. കൃഷിയിടത്തിന്റെയും വിളയുടെയും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന വ്യക്തിയധിഷ്ഠിത വിളപരിപാലന മുറകൾ, വെള്ളപ്പൊക്കം, വരൾച്ച മുതലായ കെടുതികൾ മുൻകൂട്ടി മനസ്സിലാക്കി പ്രാദേശിക തലത്തിൽ വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനം എന്നിവയും ആപ്പിന്റെ സവിശേഷതകൾ ആണ്. ഒറ്റത്തവണ രജിസ്ട്രഷനിലൂടെ കർഷകർക്ക് ആവശ്യമായ പദ്ധതി വിവരങ്ങൾ, കാലാവസ്ഥാധിഷ്ഠിത സേവനങ്ങൾ, വിൽപ്പനക്കാരുമായി നേരിട്ടു വിപണനത്തിനുള്ള ഇ-മാർക്കറ്റ്പ്ലേസ് സംവിധാനം, കാർഷിക യന്ത്രവത്ക്കരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഘട്ടം ഘട്ടമായി നടപ്പിലാക്കും.
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ
1. ഏകീകൃത കാർഷികവിവര സാങ്കേതം.
2. ജിയോപോർട്ടലും, മൊബൈൽ ആപ്ലിക്കേഷനും.
3. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കി കൃഷിയിടങ്ങളുടെ അതിർത്തി നിർണ്ണയം.
4. ഏകീകൃത കർഷക വിവരം.
5. കാലാവസ്ഥാധിഷ്ഠിത വിള ആസൂത്രണം.
6. കാർബൺ ന്യൂട്രൽ, കാർബൺ ക്രഡിറ്റ് വിശദാംശങ്ങൾ.
7. കർഷക, ഉദ്യോഗസ്ഥ ഡാഷ്‌ബോർഡുകൾ.
8. കർഷികോപദേശ സേവനങ്ങൾ.
a. കൃഷി ഭൂമിയുടെ സജ്ജീകരണം
b. വിള വിത/നടീൽ മുതലുള്ള ഉപദേശങ്ങൾ (മഴയെ ആശ്രയയിച്ചുള്ള കൃഷി)
c. വിളയുടെ വിവിധ വളർച്ചാസമ്മർദങ്ങൾ മനസ്സിലാക്കിയുള്ള ഉപദേശങ്ങൾ.
d. കാലാവസ്ഥാ മുന്നറിയിപ്പുകൾ.
e. രോഗ/കീടങ്ങളെ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ
f. മണ്ണിന്റെ ഫലഭൂയിഷ്ഠിത (മണ്ണ് പരിശോധന കാർഡ് അധിഷ്ഠിത) പോഷക ശിപാർശകൾ
g. ഉൽപ്പന്നങ്ങളുടെ വിളവെടുപ്പാനന്തര പരിപാലനം.
h. വിളയുടെ നാശനഷ്ടം റിപ്പോർട്ടിങ് സംവിധാനം.
9. വിദൂര നിരീക്ഷണം (റിമോട്ട് സെൻസിങ്) ഉപയോഗിച്ചുള്ള വിള വർഗ്ഗീകരണവും, വിസ്തൃതി നിർണ്ണയവും.
10. വിള ആരോഗ്യ നിരീക്ഷണം.
11. വിള ഉത്പാദനം കണക്കാക്കലും, ഉത്പാദന കൂട്ടങ്ങളുടെ കൈകാര്യവും.
12. മണ്ണിന്റെ ഈർപ്പാധിഷ്ഠിത ജലസേചനം.
13. വിദൂര നിരീക്ഷണം (റിമോട്ട് സെൻസിങ്) ഉപയോഗിച്ചുള്ള വിളവെടുപ്പ് നിർണ്ണയം.
14. കാലാവസ്ഥാ കെടുതികൾ സംബന്ധിച്ച് മുന്നറിയിപ്പ്.
15. വിള പരിരക്ഷ.
16. കേന്ദ്രീകൃത ധനവിതരണ സംവിധാനം.
17. കൃഷിയിട യന്ത്രവത്കരണം.
18. കർഷകർക്കുള്ള സഹായ സേവനം (ഹെല്പ് ഡെസ്ക്)
19. ഇലക്ട്രോണിക് വിപണന സംവിധാനങ്ങളുമായുള്ള സംയോജനം.
20. ജലസേചന സമയം അറിയുന്നതിനുള്ള ജലവിഭവ വിവരങ്ങൾ (ജലലഭ്യത, ജല വിതരണം തുടങ്ങിയവ).
കർഷകർ മുതൽ ഉദ്യോഗസ്ഥ തലം വരെ വിവിധ തട്ടുകളുടെ സംയോജനത്തിലൂടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും സംസ്ഥാനത്തിന്റെ സമഗ്ര കാർഷിക അഭിവൃദ്ധി ലക്ഷ്യം വെച്ച് നിലവിൽ വന്ന കതിർ ആപ്പ് കർഷകർ ഏവരും ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഉപയോഗിക്കണമെന്ന് മന്ത്രി അറിയിച്ചു.
ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 9496841932 വിഷ്ണു നാരായൺ, ഡെപ്യൂട്ടി മാനേജർ, ഐ.ടി. സെൽ, കൃഷി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനതപുരം.