കാർഷിക ഉൽപ്പന്നങ്ങളുടെ വിളവെടുപ്പാനന്തര പരിപാലനം മാർഗ്ഗരേഖ പുറത്തിറക്കും
കാർഷികോൽപാദനത്തിലെ ഒരു പ്രധാന വെല്ലുവിളിയായ വിളവെടുപ്പാനന്തര പരിപാലനത്തിൽ സംസ്ഥാനത്തിന് ആവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനു വിളവെടുപ്പാനന്തര പരിപാലനം മാർഗ്ഗരേഖ പുറത്തിറക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പാനന്തര പരിപാലനം എന്ന വിഷയത്തിൽ സംസ്ഥാന കാർഷിക വില നിർണയ ബോർഡ് സംഘടിപ്പിച്ച ദേശീയ ശിൽപശാല കുടപ്പനക്കുന്ന് നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനപ്പെട്ട 13 വിളകളിൽ സംസ്ഥാന കാർഷിക വില നിർണയ ബോർഡ് നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് സംസ്ഥാനത്തെ വിളവെടുപ്പാനന്തര നഷ്ടം 1507.39 കോടി രൂപയാണെന്നും ഇതിൽ കർഷകർക്ക് മാത്രം നേരിട്ടുണ്ടാകുന്ന നഷ്ടം 1147.71 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. നാളികേരം, അടയ്ക്ക, കുരുമുളക്, വാഴ, കശുമാവ്, പൈനാപ്പിൾ, മാങ്ങ, മരച്ചീനി, നെല്ല്, ക്യാരറ്റ്, പയർ, പടവലം, പാവയ്ക്ക എന്നീ വിളകളിലാണ് പഠനം നടത്തിയത് അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക വില നിർണയ ബോർഡ് സംഘടിപ്പിച്ച ദേശീയ ശിൽപശാലയിൽ ഉയർന്നുവന്ന ആശയങ്ങൾ ക്രോഡീകരിച്ച് വിവിധ ദേശീയ സ്ഥാപനങ്ങളുടെ സഹായത്തോടെ മാർഗ്ഗരേഖ പുറത്തിറക്കാനാകുമെന്നും കർഷകർക്ക് ഇത്തരത്തിൽ നേരിട്ടുണ്ടാകുന്ന നഷ്ടം ഒഴിവാക്കി വരുമാനവർദ്ധനവ് ഉറപ്പാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ സാധ്യതകളും, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ (SHM) അപേട (APEDA) നബാർഡ് (NABARD) എന്നിവയുടെ സഹായങ്ങളും വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതിന് പാക്ക് ഹൗസുകൾ കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകൾ ഇതിന്റെ പ്രധാന ഭാഗമായി പ്രചരിപ്പിക്കും. കൃഷിഭവനകളുടെ പുതിയ ഇടപെടലുകളായി വിളവെടുപ്പാനന്തര പരിപാലനം മാറേണ്ടതുണ്ട്, സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നുള്ള പരിശീലനം കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതിന്റെ ഭാഗമായി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ദ്വിതീയ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി കേരള കാർഷിക മേഖലയെ ഒരു നൂതന പന്ഥാവിലേക്ക് നയിക്കുവാനുള്ള ശ്രമങ്ങൾ ആണ് കൃഷിവകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്നത്. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന പദ്ധതി എല്ലാ കൃഷിഭവനുകളും ഏറ്റെടുത്ത് കഴിഞ്ഞു. അടുത്തഘട്ടമായി പരിമിതമായ അളവിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിപുലപ്പെടുത്തേണ്ടതും ഉൽപ്പന്നങ്ങളുടെ വിറ്റു വരവ് വർദ്ധിപ്പിക്കേണ്ട ആവശ്യകതയും മുന്നിലുണ്ട്. ഇതിനുള്ള സാമ്പത്തിക സാങ്കേതിക സഹായം കേര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് ഏറ്റവും പ്രാധാന്യം നൽകിയ ഒരു മേഖല ഉൽപ്പന്നങ്ങളുടെ പാക്കിംഗ് ആണ്. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങുമായി (IIP) സാങ്കേതികവിദ്യ കൈമാറ്റത്തിന് കൃഷിവകുപ്പ് ധാരണ പത്രം ഒപ്പു വച്ചിട്ടുണ്ട്. ഇത് ദിലീകാർഷിക മേഖലയുടെ ഉന്നമനത്തിന് കൂടുതൽ ഊർജ്ജം പകരുമെന്നും മന്ത്രി പറഞ്ഞു.