സുരക്ഷിതമായ പോഷകാഹാരം സാധാരണക്കാർക്ക് ലഭ്യമാക്കുവാൻ ശാസ്ത്ര സമൂഹം മുന്നോട്ടു വരണം
വെള്ളായണി കാർഷിക കോളേജിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പകുതിയിലധികം രോഗങ്ങൾക്ക് കാരണം അനാരോഗ്യകരമായ ഭക്ഷണക്രമമാണെന്നും സുരക്ഷിതമായ പോഷകാഹാരം സാധാരണക്കാർക്ക് ഉറപ്പുവരുത്തുവാൻ ആവശ്യമായ സംഭാവന നൽകേണ്ടത് നമ്മുടെ ശാസ്ത്ര സമൂഹത്തിൻറെ ഉത്തരവാദിത്വമാണ് .
‘ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന മാർഗ്ഗങ്ങൾ- ഭക്ഷ്യ സമ്പുഷ്ടീകരണത്തിലൂടെ’ എന്ന വിഷയത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (യു.എൻ ഡബ്ല്യു.എഫ്.പി) പ്രോജക്റ്റായ റൈസ് ഫോർട്ടിഫിക്കേഷനായുള്ള സാങ്കേതിക സഹായയൂണിറ്റും, വെള്ളായണി കാർഷിക കോളേജിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സംയുക്തമായാണ് രണ്ടു ദിവസത്തെ സെമിനാർ സംഘടിപ്പിക്കുന്നത്.
യു.എൻ ഡബ്ല്യു.എഫ്.പി ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ഡോ. നോസോമി ഹാഷിമോട്ടോ മുഖ്യപ്രഭാഷണം നടത്തി. കാർഷിക സർവകലാശാലയുമായി ചേർന്നുകൊണ്ട് അരിയുടെ പോഷക സമ്പുഷ്ടീകരണയൂണിറ്റുകൾ വഴി പോഷകാഹാര സുരക്ഷയ്ക്കും അതിൻറെ പ്രചാരണത്തിനും ആവശ്യമായ സാങ്കേതിക സഹായം തുടർന്നും നൽകുന്നതിന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണം ഉണ്ടാകുമെന്ന് അറിയിച്ചു.
രണ്ടുദിവസമായി നടത്തുന്ന സെമിനാറിൽ ദേശീയ അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള വൈജ്ഞാനിക പ്രമുഖരുടെ വൈവിധ്യമാർന്ന പാനൽ ചർച്ചകൾക്കൊപ്പം, സമ്പുഷ്ടീകരണത്തിലൂടെപോഷകാഹാര സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങളെക്കുറിച്ചുള്ള പ്രബന്ധ അവതരണങ്ങൾ, ചർച്ചകൾ, എന്നിവയും നടക്കും. ആഗോളതലത്തിൽ പോഷകാഹാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയങ്ങൾ പങ്കിടുന്നതിനും ഭക്ഷ്യ സമ്പുഷ്ടീകരണത്തിലൂടെ പോഷകസുരക്ഷ ഉറപ്പുവരുത്തുന്നതിന് മാർഗ്ഗരേഖകൾ രൂപീകരിക്കുന്നതിനും സെമിനാർ സഹായകരമാകും.