സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 22 വ്യാഴാഴ്ച) രാവിലെ പത്തുമണിക്ക് നടത്തും. മുഹമ്മ ഗവൺമെൻറ് സംസ്കൃത സ്കൂളിന് എതിർവശമുള്ള പുരയിടത്തിലാണ് ഉദ്ഘാടനച്ചടങ്ങ്.
സംസ്ഥാന തലത്തിൽ ഫലവർഗവിളകളുടെ കൃഷി വിസ്തൃതി വർദ്ധിപ്പിക്കുക, ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, സമൂഹത്തിൻറെ പോഷക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. നാടൻ ഫലവർഗ വിളകളായ മാവ് ,പ്ലാവ്,വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിൻ,റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്,അവക്കാഡോ തുടങ്ങിയ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.