'Navotthan' to give new life to the agriculture sector

കാർഷിക മേഖലയ്ക്ക് നവചൈതന്യമേകാൻ ‘നവോത്ഥാൻ’

കൃഷിക്ക് അനുയോജ്യമായ ഭൂമി വിട്ടു നൽകുവാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും കണ്ടെത്തി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പ്രത്യേകിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ഹോർട്ടികൾച്ചർ, ഹൈഡ്രോപോണിക്സ്, കൃത്യതാ കൃഷി, സംരക്ഷിത കൃഷി, കൂൺ കൃഷി, സംയോജിത കൃഷി തുടങ്ങിയ വൈവിധ്യമാർന്ന ഫാമിംഗ് രീതികൾ അവലംബിക്കുവാൻ താൽപര്യമുള്ള വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവർക്ക് സർക്കാർ ഇടപെടലിൽ ഭൂമി ലഭ്യമാക്കുക എന്നതാണ് നവോത്ഥാൻ പദ്ധതിയുടെ മുഖ്യ ഉദ്ദേശം. ന്യൂ അഗ്രികൾച്ചർ വെൽത്ത് ഓപ്പർച്യൂണീറ്റീസ് ഡ്രൈവിങ് ഹോർട്ടികൾച്ചർ ആൻഡ് അഗ്രിബിസിനസ് നെറ്റ് വർക്കിങ് എന്നതാണ് നവോത്ഥാൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഹോർട്ടികൾച്ചർ മേഖലയും അഗ്രി ബിസിനസുമായി ബന്ധപ്പെടുത്തി ആകർഷകമായ വരുമാനം കർഷകർക്ക് ഉറപ്പുവരുത്തുന്നതിന് ഇതിലൂടെ കഴിയും.

ആദ്യഘട്ടത്തിൽ സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളുടെ കിഴിലുള്ളതും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൃഷിയോഗ്യമായ ഭൂമിയായിരിക്കും താല്പര്യമുള്ള കർഷക ഗ്രൂപ്പുകൾക്ക് കൃഷിക്കായി നൽകുക. അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി ഭൂമി തരം തിരിച്ച ശേഷമായിരിക്കും അതാതു മേഖലയിൽ അനുയോജ്യമായ കാർഷികവിളകൾ തെരഞ്ഞെടുക്കുന്നത്. 10 ഏക്കറിന്റെ ഒരു യൂണിറ്റ് എന്ന നിലയിലായിരിക്കും ഭൂമി കൃഷിക്കായി വിഭജിച്ചു നൽകുക. കാബ്കോയാണ് പദ്ധതി നിർവഹണ ഏജൻസി. വിപണി കണ്ടെത്തൽ, കയറ്റുമതി, മൂല്യവർദ്ധനവ് തുടങ്ങിയ മേഖലകളിൽ കാബ്‌കോയും കൃഷിവകുപ്പും സാങ്കേതിക ഉപദേശം കർഷകർക്കു നൽകും.

പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യോല്പന്നങ്ങളുടെ ഉൽപാദനം 30 ലക്ഷം മെട്രിക് ടൺ ആയി വർദ്ധിപ്പിക്കുക, ഇടവിള കൃഷി സാധ്യമാക്കിക്കൊണ്ട് നിലവിലെ ഭൂമിയിൽ നിന്നുള്ള ഉൽപാദനക്ഷമതയിൽ 40 ശതമാനം വർദ്ധനവ് ഉണ്ടാക്കുക, ഹൈടെക് ഫാമിംഗിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, നൂതന സാങ്കേതികവിദ്യകളുടെ പരിചയപ്പെടുത്തുക, ഭൂരഹിതരും തൊഴിൽരഹിതരുമായവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, ദേശീയതലത്തിലും അന്തർദേശീയ സാങ്കേതികവിദ്യാ കൈമാറ്റം തലത്തിലുമുള്ള ഏജൻസികളുമായി സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ. കൃഷിഭൂമി കണ്ടെത്തൽ, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ, സാമ്പത്തിക സഹായം ഉറപ്പാക്കൽ, ഫാമുകളിൽ നിന്നുള്ള സേവനം ഉറപ്പാക്കൽ, വിള ഇൻഷുറൻസും മറ്റു സാങ്കേതിക സഹായങ്ങളും, വിവിധ പദ്ധതികളുടെ സംയോജനം എന്നിവയാണ് പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ.