മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമത്തിന് തുടക്കമായി
മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി. 100 ഹെക്ടറിലാണു രണ്ടാം വട്ട കേരഗ്രാമം പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. മൂല്യവർധിത കേര ഉൽപ്പന്നങ്ങളുടെ അനന്ത സാധ്യതകൾ കണ്ടെത്തുകയും വിപുലപ്പെടുത്തുകയും ചെയ്തു കൊണ്ടാവണം രണ്ടാം കേരഗ്രാമം പദ്ധതി നടപ്പിലാക്കേണ്ടത്. ഒന്നാം കേരഗ്രാമം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച് മാതൃകയായ പഞ്ചായത്താണ് മാടക്കത്തറ. പദ്ധതിക്ക് തുടർച്ച ഉണ്ടാവണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ അടക്കം ഉത്പാദനം ലക്ഷ്യമിട്ട നഴ്സറിയും ലൈസൻസും ഉൾപ്പെടെയുള്ളവ നേടിയെടുത്തത്.
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ കൃഷിദർശൻ പരിപാടിയുടെ ഗുണഫലമായാണ് കേരഗ്രാമം നാളികേര വികസന പദ്ധതി മാടക്കത്തറയിൽ വിഭാവനം ചെയ്യപ്പെട്ടത്. ഉത്പാദനവർദ്ധനവിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് കേരകർഷകർക്ക് ധനസഹായം നൽകനാണു പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. പുതിയ കർഷകരെ കണ്ടെത്തിക്കൊണ്ട് പദ്ധതി വിപുലീകരിക്കാനും രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നുണ്ട്. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.കേരഗ്രാമം ഗുണഭോക്താക്കൾക്ക് ഇടവിള കിറ്റും ജൈവവള വിതരണവും കേരസമിതിക്ക് ഡിപിആർ കൈമാറ്റവും പൂർത്തിയായി.