കാർഷിക മേഖലയിൽ കാലാവസ്ഥ അതിജീവനശേഷിയും ഊർജ്ജ കാര്യക്ഷമതയും ശില്പശാല
കാർഷിക മേഖലയിൽ കാലാവസ്ഥ അതിജീവനശേഷിയും ഊർജ്ജ കാര്യക്ഷമതയും എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തി. കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ചുള്ള ബദൽ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗംമായിട്ടാണ് ശില്പശാല.
സൗരോർജ്ജം ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി കാർഷിക മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് ബദൽ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തണം. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിലൂടെ കൃഷിവകുപ്പ് നടത്തിവരുന്നു.
കാലാവസ്ഥ, ഊർജ്ജം, കൃഷി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, കൃഷിയിടത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ കൃഷിയുടെ വികാസത്തിൽ പ്രാധാന്യമുണ്ടായിട്ടുള്ള ഘടകങ്ങളാണ്. പഴയ കാലങ്ങളിലെ കൃഷിരീതികൾക്കും കാലാവസ്ഥയ്ക്കും അനുസൃതമായി കാർഷിക കലണ്ടറും കൃഷി പഴഞ്ചൊല്ലുകളും കേരളത്തിൽ രൂപപ്പെട്ടു. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി കാർഷികോല്പപാദനത്തിൽ കുറവ് വരുന്നതിന് കാരണമായിട്ടുണ്ട്. അതുപോലെ യുദ്ധങ്ങൾ കാരണം വളങ്ങളും മറ്റ് ഉത്പാദന ഉപാധികളും കർഷകർക്ക് ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിൽ കാർഷിക മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെ മറികടക്കുവാൻ കർഷകരുടെയൊപ്പം വിവിധ വികസന പ്രവർത്തനങ്ങൾ കൃഷിവകുപ്പ് നടത്തിവരുന്നു. പ്രദേശത്തിന്റെ ഭൂ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള കൃഷി രീതികളും പദ്ധതികളുമാണ് നമുക്കാവശ്യം. കൃഷിയുടെ ആസൂത്രണം കൃഷിയിടങ്ങളിൽ വച്ച് നടത്തുന്ന തരത്തിൽ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി കൃഷിവകുപ്പ് നടപ്പിലാക്കി. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം ആരംഭിച്ചത് കേരളത്തിലാണ്.
നിലവിലെ കൃഷി രീതി സമ്പ്രദായത്തിൽ വലിയ മാറ്റം കൊണ്ടുവന്ന് ഉൽപാദന വർദ്ധനവ് സാധ്യമാക്കണം. വിവിധ കാർഷിക ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങൾക്ക് ലഭിക്കേണ്ട ന്യായവില ലഭ്യമാകുന്നില്ല. പ്രിസിഷൻ ഫാമിംഗ് ഉൾപ്പെടെയുള്ള വിവിധ നവീന സാങ്കേതികവിദ്യകൾ കർഷകരിലേക്കെത്തിച്ച് ഉത്പാദന വർദ്ധനവിനൊപ്പം ഊർജ്ജ സംരക്ഷണം നടത്തുകയും ചെയ്യാം.