കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തകൾക്കും കർഷക സഭകൾക്കും തുടക്കമായി. പരമ്പരാഗത കൃഷിയിൽ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യവും കാലാവസ്ഥയും കൃഷിയുമായുള്ള ബന്ധവും പുതുതലമുറയെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. കൃഷി വകുപ്പിന്റെ ഫാമുകൾ, കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും ഞാറ്റുവേല ചന്തയിൽ ലഭിക്കും.
കാർഷിക രംഗത്തെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, കർഷകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയവയാണ് കർഷക സഭകളും ഞാറ്റുവേല ചന്തകളും വഴി നടപ്പാക്കുക. കർഷകർക്കുള്ള പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കാനുള്ള നടപടികൾ സംബന്ധിച്ച് കർഷകരുടെ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാൻ കർഷക സഭകളിൽ സാധിക്കും. കൃഷി, മൃഗസംരക്ഷണം, ജലസേചനം, മത്സ്യബന്ധനം, മണ്ണ് പര്യവേഷണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കർഷക സഭകളിൽ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിലാണ് കർഷക സഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുന്നത്.