ഹരിപ്പാടിന്റെ കൃഷിയിടത്തിൽ വച്ച് 3.05 കോടി രൂപയുടെ വിള ഇൻഷുറൻസ് നഷ്ടപരിഹാര ഉത്തരവ് പുറപ്പെടുവിച്ചു. 2021 ഏപ്രിൽ മുതൽ കൃഷിനാശം സംഭവിച്ച കൃഷി ഇൻഷ്വർ ചെയ്ത കർഷകർക്ക് പ്രയോജനപ്രദമാകുന്ന ഉത്തരവാണ് കൃഷിദർശന്റെ നാലാം ദിനത്തിൽ കൃഷിയിട സന്ദർശനത്തിനിടെ പുറപ്പെടുവിച്ചത്. ഹരിപ്പാട് കാർഷിക ബ്ലോക്കിലെ നിരവധി കർഷകർ ഇൻഷുറൻസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിങ്ങോലി കൃഷിഭവന്റെ പരിധിയിലെ കൃഷിയിടത്തിൽ വച്ച് ഇൻഷ്വറൻസ് തുക അനുവദിച്ച് ഉത്തരവിറക്കി കർഷകരുടെ പ്രശ്നങ്ങൾക്ക് കൃഷിയിടങ്ങളിൽ വച്ച് തന്നെ പരിഹാരം കണ്ടു.
കുട്ടനാടും ഓണാട്ടുകരയും ഒത്തുചേർന്ന ഹരിപ്പാട് കാർഷിക ബ്ലോക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുകൊണ്ട് കൃഷിയിട സന്ദർശനം നടത്തുകയുണ്ടായി. ഹരിപ്പാട് കാർഷിക ബ്ലോക്കിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ ഭാഗമായാണ് കൃഷിയിടങ്ങൾ സന്ദർശിച്ച് പ്രശ്നങ്ങൾ വിലയിരുത്തിയത്. ഹരിപ്പാട് ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന ചെറുതന, വീയപുരം, ഹരിപ്പാട്, പള്ളിപ്പാട്, ചിങ്ങോലി, കാർത്തികപ്പള്ളി, കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളാണ് സന്ദർശിച്ചത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ, ധനസഹായ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ജലനിർഗമന മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉദ്യോഗസ്ഥരുടെ അഭാവം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി ഹരിപ്പാട് ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെ കർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള അടിയന്തര നടപടികൾ കൃഷിയിടങ്ങളിൽ വച്ച് തന്നെ സ്വീകരിച്ചു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി സർക്കാർ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും, കുട്ടനാട് വികസന ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യത്യസ്ത ആവശ്യങ്ങൾ കർഷകരുടെ കൂടെ അഭിപ്രായങ്ങൾ പരിഗണിച്ച് വിവിധ വകുപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്തും. വീയപുരം അച്ഛനാരി പടിഞ്ഞാറ് പാടശേഖരത്തിന് 50 HP VAF പമ്പ്സെറ്റ് ഉൾപ്പെടെ 7 കോടി രൂപയോളം 30 പമ്പ്സെറ്റുകൾക്കായി അനുവദിച്ചു. കേരള കാർഷിക സർവകലാശാല നെല്ലിലെ വിഷാംശവുമായി ബന്ധപ്പെട്ട് ഒരു പഠന റിപ്പോർട്ട് തയ്യാറാക്കുവാൻ ഒരു സമിതിയെ നിയോഗിച്ചു. വിവിധ കൃഷിക്കൂട്ടങ്ങൾക്ക് ആവശ്യമായ യന്ത്രങ്ങൾ 80%ഇൽ അധികം സബ്സിഡി, ഹരിപ്പാട് ബോയ്സ് ഹയർസക്കന്ററി സ്കൂളിൽ പ്രത്യേക കാർഷിക പദ്ധതി, പച്ചക്കറികൾ കൃഷി ചെയ്യുന്ന കൃഷിക്കൂട്ടങ്ങൾക്ക് 55% സർക്കാർ ധനസഹായം തുടങ്ങിയവയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ വൃന്ദവും ഉണ്ടായിരുന്നു.
വീയപുരം മുതൽ കാഞ്ഞിരംതുരുത്ത് വരെയുള്ള റോഡ് വികസനത്തിന് രമേശ് ചെന്നിത്തല, തോമസ് കെ തോമസ് എം എൽ എമാർ 50 ലക്ഷം രൂപ വീതം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. എം എൽ എ ഫണ്ടിൽ നിന്നും പള്ളിപ്പാട് പള്ളിക്കൽ മുല്ലേമൂല പാടശേഖരത്തിൽ കരിങ്കൽ ബണ്ട് നിർമ്മിക്കുന്നതിനു ആവശ്യമായ 15 ലക്ഷം രൂപ, പള്ളിപ്പാട് ആയിരത്തും പടവ് പാടശേഖരത്തിന്റെ മോട്ടോർ തറയും ഷെഡും നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപ എന്നിവ അനുവദിച്ചു, സംസ്ഥാന സർക്കാരിന്റെ പിന്തുണയുടെ കാർഷിക മേഖലയിലെ ജലനിർഗമന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പള്ളിപ്പാട് ചേപ്പാട് പഞ്ചായത്തുകൾ ചേരുന്ന കരിപ്പുഴ പാലം മുതൽ പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം വരെയുള്ള ഇരുകരകളും കൽബണ്ട് ഇല്ലാത്ത സ്ഥലങ്ങളിൽ കൽബണ്ട് കെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ അനുമതിയായി.