കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകർ അവിടത്തെ നൂതന കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാക്കുന്നു. കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ഇസ്രയേൽ സന്ദർശിച്ച 27 അംഗ സംഘത്തിലുണ്ടായിരുന്ന യുവ കർഷകൻ സുജിത്താണ് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അർത്തുങ്കലിലെ കൃഷിയിടത്തിലാണ് ഇസ്രയേലിലെ നൂതന കൃഷിരീതികൾ അവലംബിച്ച് കൃഷിയിറക്കുന്നത്. ഒരേക്കർ വരുന്ന കൃഷിയിടത്തിൽ വിവിധയിനങ്ങളിലായി 1000 ടിഷ്യുകൾച്ചർ വാഴകളാണ് സുജിത്ത് കൃഷി ചെയ്യുന്നത്. ഇസ്രയേൽ സന്ദർശിച്ച 27 കർഷകരും, അവർ മനസ്സിലാക്കിയ കൃഷിരീതികൾ ആദ്യഘട്ടത്തിൽ സ്വന്തം കൃഷിയിടത്തിലും, ശേഷം മറ്റുള്ളവരുടെ കൃഷിയിടത്തിലും നടപ്പിലാക്കും. അതിൻ്റെ തുടക്കമാണ് സുജിത്തിൻ്റെ കൃഷിയിടം. ഇത്തരം നൂറുകണക്കിന് കൃഷിയിടങ്ങൾ കേരളത്തിൽ ഉണ്ടാക്കും.
വെള്ളത്തിൻ്റെയും വളത്തിൻ്റെയും ഉപയോഗം പരിമിതപ്പെടുത്തി, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ, ചിലവ് കുറച്ച് കൂടുതൽ വിളവും വരുമാനവും ലഭിക്കുന്ന തരത്തിലുള്ള ഇസ്രയേലിലെ നൂതന കൃഷിരീതി നടപ്പിലാക്കുന്നതോടെ കേരളത്തിൻ്റെ കാർഷികരംഗത്ത് പുത്തനുണർവ് ഉണ്ടാകും.
ഇസ്രയേൽ കൃഷിരീതികൾ പ്രകാരം കാറ്റിനേയും കീടങ്ങളേയും ചെറുക്കുവാൻ ഷീറ്റുകൾ കൊണ്ട് കൃഷിയിടത്തിന് സംരക്ഷണമൊരുക്കിയും, വളരെ ചെറിയ അകലത്തിൽ മൂന്ന് വാഴത്തൈകൾ വരെ നട്ടുമാണ് സുജിത്ത് കൃഷിയിറക്കുന്നത്. മാത്രമല്ല ഈ വാഴ കൂട്ടങ്ങൾ തമ്മിൽ 2 മീറ്റർ അകലമാണ് നൽകിയിരിക്കുന്നത് ഇവിടെയാണ് പചക്കറി വിളകളായ വെള്ളരി, മത്തൻ, കുമ്പളം, തുടങ്ങിയവ ഇടവിളയായി നട്ടിട്ടുണ്ട് . കൂടാതെ തീരദേശപ്രദേശത്തോട് വളരെച്ചേർന്ന് കിടക്കുന്ന വളക്കൂറ് വളരെ കുറവുള്ള ചൊരിമണൽ പ്രദേശം യന്ത്രസഹായത്തോടെ കൃഷിക്കായി ഒരുക്കി, കോഴിവളം ,ഉണക്ക ചാണകം ,കമ്പോസ്റ്റ് ,ഉമിക്കരി എന്നിവയാണ് അടിവളമായി നൽകിയിട്ടുള്ളത്. ടൈമറിൻ്റേയും സെൻസറിൻ്റേയും സഹായത്തോടെ കൃത്യതാ കൃഷിരീതിയിലൂടെ വെള്ളവും, വളവും കൃത്യമായ അളവിൽ തൈകളുടെ ചുവട്ടിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും കൃഷിയിടത്തിൽ ഒരുക്കിയിട്ടുണ്ട്.