കർഷക വരുമാന വർദ്ദനവ് സർക്കാരിന്റെ പ്രധാനലക്ഷ്യം
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും കൃഷി ഉൽപ്പന്നങ്ങൾ അടിസ്ഥാനപ്പെടുത്തി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്കും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കും, തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും വിപണന ശൃംഖല വികസിപ്പിക്കുന്നതിനും മേൽ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കുന്നത്.
പ്രാഥമിക കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുന്ന ഉൽപാദന/ നിർമ്മാണ പ്രക്രിയകൾ, വിപണനം, സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമാനവും എന്നാൽ വ്യത്യസ്തമല്ലാത്തതുമായ ഉൽപ്പന്നങ്ങൾക്ക് പ്രീമിയം നൽകാനുള്ള ഉപഭോക്താവിന്റെ സന്നദ്ധത വർധിപ്പിക്കുന്നതിലൂടെ ഉത്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുക എന്ന ആശയത്തിലാണ് മിഷൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള പ്രധാന നേട്ടങ്ങൾ നിലവിലുള്ള അവസരങ്ങൾ, വിടവുകൾ, നയം,വിപണി, സ്ഥാപന പരം, സാങ്കേതികവശങ്ങൾ എന്നിവ പരിഗണിച്ച് പ്രധാനമായും ഇടപെടേണ്ട മേഖലകൾ കണ്ടെത്തി അതുവഴി മൂല്യവർധിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി മിഷൻ കൈക്കൊള്ളും. ഇതിനായി മിഷൻ പ്രത്യേക വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും പ്രവർത്തനം നടത്തുകയും ചെയ്യും. കാർഷിക വ്യവസായം, സാങ്കേതികവിദ്യ വിജ്ഞാന ശേഖരണവും ആയതിന്റെ ഉപയോഗപ്പെടുത്തൽ, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഊന്നിയാണ് വർക്കിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുക.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ 25000ത്തിലധികം കൃഷി കൂട്ടങ്ങൾ ഉണ്ടായിക്ക ഴിഞ്ഞു. ഇതിൽ 80 ശതമാനവും ഉൽപാദന മേഖലയിൽ ആണ്. 20 ശതമാനം മൂല്യവർധന മേഖലയിലാണ്. മൂല്യവർധിത കൃഷി മിഷന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ഇവിടെയാണ് ഉണ്ടാവുക. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അടിസ്ഥാനമാക്കിയുള്ള കൃഷിയിലേക്കായിരിക്കും ഉൽപാദന മേഖലയിലുള്ള “കൃഷി കൂട്ടങ്ങൾ” പ്രഥമ പരിഗണന നൽകുക. മൂല്യവർദ്ധിത മേഖലയിലുള്ള കൃഷി കൂട്ടങ്ങൾക്കു പ്രാദേശികമായ പിന്തുണ ഇക്കാര്യത്തിൽ നൽകും. ഗുണനിലവാരമുള്ളതും ആരോഗ്യ പൂർണ്ണവുമായ കാർഷിക ഉൽപ്പന്നങ്ങൾ ഇതുവഴി ഉണ്ടാക്കുവാൻ സാധിക്കും. ഉൽപാദന മേഖലയിൽ ഏറെക്കുറെ മുന്നേറുവാൻ സാധ്യമായെങ്കിലും വിപണന മേഖലയിലും മൂല്യവർദ്ധിത മേഖലയിലും കൂടുതൽ ഇടപെടൽ ആവശ്യമുണ്ട്. കൃഷി കൂട്ടങ്ങളുടെ വരവോടെ വിപണന മേഖലയിലും മൂല്യവർധന മേഖലയിലും കൂടുതൽ കർഷകരുടെ പങ്കാളിത്തം ലക്ഷ്യമിടുകയാണ്. ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വില ഉറപ്പാക്കാൻ സംഭരണവും അടിസ്ഥാന വിലയും സർക്കാർ ഉറപ്പാക്കുന്നുണ്ടെങ്കിലും ഉൽപ്പന്നങ്ങൾ യഥാവിധി പ്രയോജനപ്പെടുത്തുവാൻ സാധ്യമാകാത്തതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. വാല്യു ആഡഡ് അഗ്രികൾച്ചർ മിഷൻ (VAAM) പ്രവൃത്തിപഥത്തിൽ വരുന്നതോടെ ഈ കാര്യത്തിന് പരിഹാരം ആകുകയാണ്.
വ്യവസായ വകുപ്പിന്റെയും നോർക്കയുടെയും സഹായത്തോടെ കേരളത്തെ ഗൾഫിലെ അടുക്കളയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ഫ്രൂട്ട് പ്ലേറ്റ് ആയും വിഭാവനം ചെയ്ത് കേരളത്തിന്റെ തനത് ആഹാരങ്ങൾ അന്തർദേശീയ അടിസ്ഥാനത്തിൽ ബ്രാൻഡ് ചെയ്യാൻ ഈ മിഷൻ വിഭാവനം ചെയ്യുന്നു. മുഖ്യമന്ത്രി അധ്യക്ഷനായും കൃഷി വകുപ്പ് മന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും ഉപാധ്യക്ഷൻ മാരായും ധനകാര്യ-തദ്ദേശസ്വയംഭരണ-സഹകരണ-ജലവിഭവ-മൃഗസംരക്ഷണ- ഫിഷറീസ്-വൈദ്യുതി -പൊതുവിതരണ വകുപ്പ് മന്ത്രിമാർ അംഗങ്ങളായുള്ള ഗവേണിങ് ബോഡിയും ഓരോ മേഖലക്കായി കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായുള്ള വിദഗ്ധ സംഘങ്ങളുടെ വർക്കിംഗ് ഗ്രൂപ്പുകളും വിഭാവനം ചെയ്തിരിക്കുന്നു.മിഷന് സംസ്ഥാനതലത്തിൽ കോർഡിനേറ്ററും ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഉണ്ടാക്കും.