കേര പദ്ധതി: നെൽകൃഷി മേഖലയിലെ പ്രവർത്തനങ്ങൾ IRRI-യുമായി സഹകരിച്ച് നടപ്പിലാക്കും
കേര പ്രൊജക്റ്റ് ഡയറക്ടറേറ്റ് IRRI-യുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു
സംസ്ഥാനത്ത് കാലാവസ്ഥ അനുരൂപക കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേര പദ്ധതിയിലെ ഒരു സുപ്രധാന ഘടകമായ കുറഞ്ഞ മലിനീകരണ തോതിലുള്ള നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ അന്താരാഷ്ട്ര നെല്ല് ഗവേഷണ സ്ഥാപനവുമായി (ഐ.ആർ.ആർ.ഐ.) സുപ്രധാന കരാറിൽ ഒപ്പുവച്ചു. കേര അഡീഷണൽ പ്രോജക്ട് ഡയറക്ടർ ഡോ. വിഷ്ണുരാജ് പി ഐ.എ.എസും ഐ.ആർ.ആർ.ഐയിലെ ഗവേഷണ ഡയറക്ടർ ഡോ. വീരേന്ദർ കുമാറും കരാറിൽ ഒപ്പുവച്ചു. കേരളത്തിലെ പ്രത്യേക കാലാവസ്ഥയെ പ്രതിരോധിക്കുന്നതും നൂതനവുമായ നെൽകൃഷി രീതികൾ വികസിപ്പിക്കാനും അത് കർഷകരിലേക്ക് എത്തിക്കാനും ഈ കരാറിലൂടെ വഴിയൊരുങ്ങും. നെൽകൃഷിയിൽ കുറഞ്ഞ മീഥേൻ എമിഷൻ പാക്കേജുകൾ (LEP-കൾ) വികസിപ്പിക്കൽ, ഡിജിറ്റൽ ജല മാനേജ്മെന്റ് സംവിധാനങ്ങളുടെ പ്രോത്സാഹനം, നെൽകൃഷിയിലെ ജല ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുക, കാർഷിക ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. "കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിയിലേക്കുള്ള നമ്മുടെ യാത്രയിലെ ഒരു നാഴികക്കല്ലാണ് ഐആർആർഐയുമായുള്ള ഈ സഹകരണം. വിള ഉൽപാദനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാതെ ജല ഉപയോഗം വർദ്ധിപ്പിക്കുന്നതിൽ ഐ.ആർ.ആർ.ഐയുടെ ജലസംരക്ഷണ ഇടപെടലുകൾ നിർണായകമാണ്. കാർബൺ വ്യാപാര സംവിധാനങ്ങളിൽ ഭാവിയിലെ പങ്കാളിത്തത്തിനും ഈ സുസ്ഥിര സാങ്കേതികവിദ്യകൾ വഴിയൊരുക്കും," ധാരണാപത്രം ഒപ്പുവയ്ക്കൽ ചടങ്ങിൽ ഡോ. വിഷ്ണുരാജ് പി ഐ.എ.എസ്. പറഞ്ഞു. കേരള കാർഷിക സർവകലാശാല (KAU), സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (CWRDM), പാടശേഖര സമിതികൾ, വാട്ടർ യൂസർ അസോസിയേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവത്തനങ്ങളിൽ ഭാഗമാകും. പാലക്കാട് ജില്ലയിൽ കനാൽ ജലസേചനമുള്ള ഉയർന്ന പ്രദേശങ്ങളും തൃശൂരിലെ കോൾ തണ്ണീർത്തടങ്ങളും ഉൾപ്പെടെ പ്രധാന നെല്ല് ഉൽപ്പാദിപ്പിക്കുന്ന മേഖലകളിലെ 45,000 കർഷകരെ ലക്ഷ്യമിട്ട് 22,000 ഹെക്ടറിലധികം സ്ഥലത്ത് പദ്ധതി നടപ്പിലാക്കും. കേരളത്തിലെ കാർഷിക ഭൂപ്രകൃതിയിൽ മീഥേൻ ബഹിർഗമനത്തിന് ഗണ്യമായ സംഭാവന നൽകുന്ന ഈ പ്രദേശങ്ങളിൽ ആൾട്ടർനേറ്റ് വെറ്റിംഗ് ആൻഡ് ഡ്രൈയിംഗ് (എഡബ്ല്യുഡി) ജലസേചന സാങ്കേതിക വിദ്യകൾ, ഡിജിറ്റൽ നിരീക്ഷണം, സുസ്ഥിര കാർഷിക രീതികൾ എന്നിവ നടപ്പിലാക്കുന്നതിലൂടെ കേരളത്തെ ഇന്ത്യയിലെ കുറഞ്ഞ എമിഷൻ നെൽകൃഷിയുള്ള സംസ്ഥാനമാക്കാനാണ് ലക്ഷ്യം. ഐ.ആർ.ആർ.ഐ., കോർണൽ യൂണിവേഴ്‌സിറ്റി, കേരള കാർഷിക സർവകലാശാല, കേര സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (എസ്.പി.എം.യു) എന്നിവിടങ്ങളിലെ വിദഗ്ധർ ഒപ്പുവയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു.