ഇന്ത്യ-യു.എസ്. സ്വതന്ത്ര വ്യാപാര കരാർ (FTA) സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ കാർഷിക മേഖലയെ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം കർഷകരുടെ ഉപജീവനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തെ കർഷകരുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന കൃഷിവകുപ്പു മന്ത്രിമാരെ ഓർമ്മിപ്പിച്ചു കൊണ്ടും ഇക്കാര്യത്തിൽ അതാത് സംസ്ഥാനങ്ങളുടെ കാർഷിക താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നടപടികൾ കൈക്കൊള്ളുവാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ധം ചെലുത്തണമെന്ന് അറിയിച്ചുകൊണ്ടും എല്ലാ സംസ്ഥാനങ്ങളിലെയും കൃഷിമന്ത്രിമാർക്ക് കേരള കൃഷിമന്ത്രി ശ്രീ. പി. പ്രസാദ് കത്ത് അയച്ചു.
ഭരണഘടന പ്രകാരം കൃഷി ഒരു സംസ്ഥാന വിഷയമായതിനാൽ, കാർഷിക മേഖലയെ ബാധിക്കുന്ന ഏതൊരു വ്യാപാര കരാറും സംസ്ഥാന സർക്കാരുകളുമായി വിശദമായ കൂടിയാലോചനകൾ നടത്താതെ മുന്നോട്ട് കൊണ്ടുപോകുന്നത് ഗുരുതരമായ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ജൂലൈ 9-നകം കരാർ പൂർത്തിയാക്കേണ്ട സമയപരിധി അടുക്കുന്നതിനാൽ, യു.എസ്. 26% പ്രതികാരനികുതി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, ചില മേഖലകളിലെ ഉല്പന്നങ്ങളുടെ കയറ്റുമതിക്ക് കോട്ടം വരാത്ത വിധം നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കാർഷിക-ക്ഷീര മേഖലകളിൽ യു.എസ്. ആവശ്യപ്പെടുന്ന വൻ ഇളവുകൾ കേന്ദ്രസർക്കാർ നൽകിയാൽ അത് ഇന്ത്യയിലെ കർഷകർക്ക് ഭീഷണിയാകും
ഇന്ത്യയിലെ 700 ദശലക്ഷത്തിലധികം ആളുകളെ പിന്തുണയ്ക്കുന്ന കാർഷിക മേഖല, പ്രധാനമായും ചെറുകിട-ഇടത്തരം കർഷകർക്ക് വേണ്ടിയാണ്. യു.എസിൽ വൻതോതിൽ സർക്കാർ സബ്‌സിഡി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ (സോയാബീൻ ഓയിൽ, മക്കച്ചോളം, ക്ഷീര ഉൽപ്പന്നങ്ങൾ) ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ പ്രാദേശിക വിപണികളെ തകർക്കുകയും കർഷകരുടെ വരുമാനം കുറയ്ക്കുകയും ചെയ്യും. ഇന്ത്യ-ആസിയാൻ FTA-യിലെ താരിഫ് ഇളവുകൾ മൂലമുണ്ടായ പ്രതിസന്ധി ഇതിന് ഉദാഹരണമാണ്. നിതി ആയോഗിന്റെ ജനിതകമാറ്റം വരുത്തിയ (GM) സോയാബീനും മക്കച്ചോളവും തീരുവ രഹിതമായി ഇറക്കുമതി ചെയ്യാനുള്ള നിർദ്ദേശം, ഇന്ത്യയുടെ GM വിളകൾക്കെതിരായ നയത്തിന് വിരുദ്ധമാണ്. ഇത്തരം ഇറക്കുമതി യു.എസിലെ വൻകിട കർഷകർക്കും ബഹുരാഷ്ട്ര കമ്പനികൾക്കും മാത്രം പ്രയോജനപ്പെടുത്തുകയും, ഇന്ത്യയുടെ ജൈവവൈവിധ്യത്തിനും പരിസ്ഥിതി സന്തുലനത്തിനും ഭീഷണിയാകുകയും ചെയ്യും.
യു.എസിന്റെ വൻതോതിലുള്ള യന്ത്രവത്കൃത കൃഷിയും സബ്‌സിഡികളും ഇന്ത്യയുടെ ചെറുകിട കർഷക സമ്പ്രദായവുമായി താരതമ്യം ചെയ്യുമ്പോൾ വൻ അന്തരമുണ്ട്. ഇന്ത്യയുടെ 0% മുതൽ 150% വരെയുള്ള താരിഫ് ഘടന, വിലനിലവാരം നിയന്ത്രിക്കാനും കർഷകരുടെ വരുമാനം സംരക്ഷിക്കാനും സഹായിക്കുന്നു. എന്നാൽ, FTA മൂലമുള്ള താരിഫ് കുറവ് ഇന്ത്യൻ കർഷകരെ അന്യായമായ മത്സരത്തിന് വിധേയമാക്കും. FTA-യുടെ വ്യവസ്ഥകളെക്കുറിച്ച് സംസ്ഥാന സർക്കാരുകളുമായോ കർഷക സംഘടനകളുമായോ ആവശ്യമായ കൂടിയാലോചനകൾ നടത്താത്തത് വലിയ ആശങ്കയുണ്ടാക്കുന്നു. ഇത് പ്രാദേശിക പ്രശ്നങ്ങൾ അവഗണിക്കപ്പെടാനും ദേശീയ വ്യാപാര താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനും ഇടയാക്കും. FTA തൊഴിലവസരങ്ങൾ കുറയ്ക്കാനും കർഷകരുടെ ഇടയിൽ അസമത്വം വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. യു.എസ്. മാതൃകയിലുള്ള വ്യാവസായിക കൃഷി, GM വിളകൾ എന്നിവ ഇന്ത്യയുടെ പരിസ്ഥിതി സന്തുലനത്തെ തകർക്കുകയും ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യും.ഈ കരാർ ഇന്ത്യയുടെ കാർഷിക മേഖലയ്ക്കും കർഷകർക്കും ദോഷം വരുത്തുന്നതിനാൽ, എല്ലാ സംസ്ഥാനങ്ങളിലെയും കൃഷിമന്ത്രിമാർ ഒന്നിച്ച് നിന്ന് ഇതിനെ എതിർക്കണമെന്ന് ശ്രീ. പി. പ്രസാദ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനോട് ഈ കരാറിൽ ഒപ്പുവെക്കരുതെന്നും, കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ബദൽ വ്യാപാര മാർഗങ്ങൾ പരിഗണിക്കണമെന്നും, സംസ്ഥാനങ്ങളുമായി വിശദമായ കൂടിയാലോചനകൾ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഒരു ഏകോപിത തന്ത്രം രൂപപ്പെടുത്തുന്നതിനായി എല്ലാ സംസ്ഥാന കൃഷിമന്ത്രിമാരുടെയും അടിയന്തര യോഗം കൂടണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.