ദ്വിതീയ മേഖലയിലൂന്നിയ കാർഷിക വികസനം സാധ്യമാകും
കേരളത്തിലെ കാർഷികമേഖലയുടെ ഭാവി ദിതീയ മേഖലയിലാണെന്നും അതടിസ്ഥാനമാക്കിയുള്ള വികസന പ്രവർത്തനങ്ങളായിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കുകയെന്നും കൃഷി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘നിറവ്-2025’ ശില്പശാല
തിരുവനന്തപുരത്ത് വെറ്ററിനറി കൌൺസിൽ ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . വർത്തമാന കാലത്ത് കേരളത്തിലെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അപഗ്രഥിക്കുന്നതിനുംകർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനും ,കൃഷി ഓഫീസർമാർ ഫീൽഡ് തലത്തിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനും ആയതു സർക്കാർ ശ്രദ്ധയിൽ പെടുത്തി ഉചിതമായ പരിഹാരം കാണുന്നതിനുമുള്ള ഇടപെടലായാണ് നിറവ് ശില്പശാല സംഘടിപ്പിക്കപ്പെട്ടത്. കെ ജി ഓ എഫ് സംസ്ഥാന പ്രസിഡന്റ് ജെ ഹരികുമാറിന്റെ അധ്യക്ഷതയിലായിരുന്നു ശില്പശാല.
വർക്ക്ഷോപ്പിൽ അവതരിപ്പിച്ച വിഷയങ്ങൾ ഗ്രൂപ്പ് തിരിച്ച് ചർച്ച ചെയ്ത്, ക്രോഡീകരിച്ച് റിപ്പോർട്ടാക്കി ആയതു സർക്കാരിലേക്ക് സമർപ്പിക്കുന്നതാണ്. കാർഷിക മേഖലയിലെ പദ്ധതികൾ, കൃഷിയും വിവരസാങ്കേതിക വിദ്യയും, കൃഷി ഫാമുകളുടെ വികസനം, സർവീസ് സംബന്ധമായ വിഷയങ്ങൾ, നെൽകൃഷി വികസനം എന്നിങ്ങനെ വിവിധ വിഷയങ്ങളിലായിരുന്നു ചർച്ച നടന്നത്.