നേരിട്ട് നെല്ല് സംഭരിക്കാന്‍ 3 കോടി രൂപയുടെ പ്രത്യേക പാക്കേജ്
കുട്ടനാടിലെ ചില പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് നെല്ലിന്റെ ഗുണനിലവാരത്തില്‍ കുറവ് സംഭവിച്ചതിനാല്‍ നെല്ല് സംഭരിക്കുന്നത് പ്രയാസമായി മാറുകയുണ്ടായി. സപ്ലൈകോയുമായി സംഭരണത്തിന് കരാറില്‍ ഏര്‍പ്പെട്ട മില്ലുകള്‍ ഈ നെല്ല് സംഭരിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുകയുണ്ടായി. മില്ലുകള്‍ പിന്‍മാറിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കൃഷി വകുപ്പിന് 3 കോടി രൂപ പ്രത്യേക പാക്കേജായി സര്‍ക്കാര്‍ അനുവദിച്ചു.
കുട്ടനാട് മേഖലയിലെ വിവിധ പാടശേഖരങ്ങളിൽപ്പെട്ട പുഞ്ചകൃഷിയിൽ ഉപ്പ് വെള്ളം കയറിയതിനെ തുടർന്നാണ് നെല്ലിന്റെ ഗുണനിലവാരം കുറഞ്ഞ സാഹചര്യം ഉണ്ടായത്. പുന്നപ്ര നോർത്ത്, ആലപ്പുഴ മുനിസിപ്പാലിറ്റി, തകഴി, കരുവാറ്റ, അമ്പലപ്പുഴ സൗത്ത്, നെടുമുടി, കൈനകരി, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിൽ ഉൾപ്പെട്ട 70 ഓളം പാടശേഖരങ്ങളിലാണ് ഉപ്പ് വെള്ളം കയറി ഭീഷണി നേരിട്ടത്. ലവണാംശം കൂടിയത് നെൽകൃഷിയെയും, ഉല്പാദനക്ഷമതയേയും സാരമായി ബാധിച്ചു. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെ നെല്ലുല്പാദനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഉല്പാദിപ്പിക്കപ്പെട്ട നെല്ലിന് ഗുണനിലവാരം കുറയുന്ന സാഹചര്യവും തന്മൂലം സംഭവിച്ചിട്ടുണ്ട്.
ഉപ്പ് വെള്ളം കയറിയ പാടശേഖരങ്ങളിൽ ഉല്പാദിപ്പിച്ച നെല്ലിന് MSP/PDS (Minimum Support Price/ Public Distribution System) പ്രകാരം നിശ്ചയിച്ചിട്ടുള്ള FAQ (Fair Average Quality) നിലവാരം ഇല്ലാത്ത സാഹചര്യത്തിൽ സപ്ലൈക്കോ മുഖേനയുള്ള നെല്ല് സംഭരണം സാധ്യമാവാതെ വന്ന സാഹചര്യത്തിൽ സമയബന്ധിതമായി നെല്ല് സംഭരിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷിവകുപ്പ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന ഈ നെല്ല് സംഭരിക്കുന്നത്. ഇതിന്റെ ഗുണ നിലവാരം കൃഷി വകുപ്പ് ഉറപ്പാക്കി കൃഷി വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന തുക സംഭരണ വിലയായി ലഭ്യമാക്കും. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കൃഷി നാശത്തിന്റെ നഷ്ടപരിഹാരം നിശ്ചയിക്കുവാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊയ്തെടുത്ത നെല്ലിൽ FAQ (Fair Average Quality) നിലവാരമുള്ള നെല്ല് സപ്ലൈകോയുടെ നിലവിലുള്ള സംഭരണ പ്രക്രിയയിലൂടെ സംഭരിക്കുന്നതാണ്.
സപ്ലൈക്കോയുടെയും കൃഷിവകുപ്പിന്റെയും പ്രതിനിധികൾ ചേർന്നായിരിക്കും സംഭരിക്കേണ്ട നെല്ലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുക. ഇത്തരത്തിൽ ശേഖരിക്കുന്ന നെല്ല് വിപണി സാധ്യതകളുള്ള ഉപോല്പന്നങ്ങളാക്കുന്നതിനും ബാക്കിയുള്ളവ ലേലം ചെയ്യുന്നതിനുമാണ് നിർദേശം കൊടുത്തിട്ടുള്ളത്. നിശ്ചയിക്കുന്ന സംഭരണ വില കർഷകന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന് ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി നേരിട്ട പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും സപ്ലൈക്കോ മാനേജിങ് ഡയറക്ടർ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ പ്രതിനിധിയായി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി. പ്രതിസന്ധി നേരിട്ട മേഖലകളിൽ ഒരാഴച്ചക്കകം നടപടികൾ പൂർത്തീകരിച്ച് നെല്ല് സംഭരണം പൂർത്തീകരിക്കുന്നതിനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.