A team of agricultural experts led by the Minister of Agriculture visited Andhra Pradesh to study the Andhra Model of Natural Farming.

ആന്ധ്രാ മോഡൽ പ്രകൃതി കൃഷി പഠിക്കാൻ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കാർഷിക വിദഗ്ദ്ധരുടെ സംഘം സന്ദർശനം നടത്തി

പ്രകൃതി കൃഷി രീതികൾ പഠിക്കുന്നതിലൂടെ കൃഷി വകുപ്പ് നടത്തുന്ന ജൈവ കാർഷിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള കാർഷികോദ്യോഗസ്ഥർ അടങ്ങിയ വിദഗ്ദ്ധ സംഘം ആന്ധ്രപ്രദേശിലെ എൻ.ടി.ആർ. ജില്ലയിൽ സന്ദർശനം നടത്തി. കേരളത്തിൽ ജൈവ കാർഷിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ജൈവ കാർഷിക മിഷന്റെ പ്രവർത്തനങ്ങൾ വിജയകരമാക്കുകയും, കൃഷി വകുപ്പ് ഫാമുകളിൽ പ്രകൃതി കൃഷി രീതികൾ നടപ്പിലാക്കി സുസ്ഥിര കാർഷിക വികസനം സാധ്യമാക്കുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ആന്ധ്രാപ്രദേശ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ റൈത്തു സാധികാര സമസ്ത (RySS) ഇടപെടലിലൂടെ വിജയകരമായി നടപ്പിലാക്കിയ ആന്ധ്രാപ്രദേശ് കമ്മ്യൂണിറ്റി മാനേജ്ഡ് നാച്ചുറൽ ഫാർമിംഗ് (APCNF) പദ്ധതിയുടെ പ്രത്യേകതകൾ സ്ഥലസന്നർശനങ്ങളിലൂടെ മനസിലാക്കുന്നതിനും, കേരളത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഫലപ്രദമായി പദ്ധതി നടപ്പിലാക്കുന്നതിനുമാണ് കൃഷി വകുപ്പ് ഉദ്ദേശിക്കുന്നത്.

കാലാവസ്ഥ അനുരൂപ കൃഷിരീതികൾ അനുവർത്തിക്കേണ്ടതിന്റെ ആവശ്യകതയും കൃഷിയിടങ്ങളിൽ വർഷം മുഴുവനും ജൈവകവചം സൃഷ്‌ടിച്ച് കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുത്തുനില്കുന്നതിന്റെ ആവശ്യകതയെയും കുറിച്ച് RySS എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ റ്റി. വിജയകുമാർ ഐ.എ. എസ്. സംസാരിച്ചു. തദവസരത്തിൽ രാസ കൃഷി രീതികൾ അനുവർത്തിക്കുമ്പോൾ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും നാച്ചുറൽ ഫാർമിംഗ് രീതിയിലൂടെ ഈ പ്രതിസന്ധി തരണം ചെയുന്നതിനെക്കുറിച്ചും ഇരുസംസ്ഥാനങ്ങളും ചർച്ച നടത്തി. സംഘം മാവ് കർഷകയായ രമാദേവി, പച്ചക്കറി കർഷകയായ വല്ലിഭി എന്നിവരുടെ കൃഷിയിടങ്ങൾ സന്നർശിച്ചു. ഇടവിള കൃഷിയിലെ നൂതന ആശയങ്ങളെപറ്റിയും പ്രകൃതിക്ഷോഭങ്ങളെ ചെറുത്തുനിൽക്കുന്നതിൽ പ്രകൃതികൃഷി രീതികൾ അനുവർത്തിച്ച വിളകളുടെ പ്രത്യേകതയും സംഘം വിലയിരുത്തി. പ്രകൃതി കൃഷി രീതിയിൽ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണന രീതികൾ മനസ്സിലാക്കുന്നതിന് സംഘം വനിതാ സ്വയം സഹായ സംഘം പ്രതിനിധികളുമായി ആശയവിനിമയം നടത്തി. മൂന്നു ദിവസത്തെ സന്നർശനം നടത്തുന്ന കേരളത്തിൽ നിന്നുള്ള ഉന്നതതല സംഘം ആന്ധ്രാപ്രദേശ് കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്. കൃഷി അഡിഷണൽ ഡയറക്ടർ തോമസ് സാമൂവൽ, മുണ്ടേരി ഫാം ഡെപ്യൂട്ടി ഡയറക്ടർ ഷക്കീല.പി, നെല്ലിയാമ്പതി ഫാം സുപ്രണ്ട് സാജിദലി പി, ആലുവ ഫാം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലിസി മോൾ, സീനിയർ അഗ്രികൾച്ചർ ഓഫീസർമാരായ രശ്മി എം.വി., ഷിജോ കെ കാർഷിക സർവകലാശാല പ്രൊഫസർ ഡോ.അപർണ ബി. തുടങ്ങിയവരാണ് സംഘത്തിലുള്ളത്.