കേരളത്തിൽ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യും
കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അതിരപ്പിള്ളി ട്രൈബൽ വാലി കർഷക ഉത്പാദക കമ്പനിയിൽ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാൻ ധാരണാ പത്രം ഒപ്പു. കാർഷികോല്പാദക കമ്പനിയുടെ നേതൃത്വത്തിൽ 330 ഹെക്ടർ സ്ഥലത്താണ് പൂർണ്ണമായും ജൈവ രീതിയിൽ കാപ്പി, കുരുമുളക്, മഞ്ഞൾ, കൊക്കോ തുടങ്ങിയ കൃഷികൾ ചെയ്തുവരുന്നത്. അന്തർദേശിയ സസ്റ്റൈനബിൾ സർട്ടിഫിക്കേഷൻ ഏജൻസിയായ റൈൻ ഫോറസ്റ്റ് അലയൻസിന്റെ ജൈവ സർട്ടിഫിക്കേഷനും കൃഷി വകുപ്പ് നടപ്പിലാക്കുന്ന PGS ഓർഗാനിക് സർട്ടിഫിക്കേഷനും നേടിയിട്ടുള്ള ഇവിടത്തെ കാർഷിക ഉൽപ്പനങ്ങ്ൾക്ക് ഗുണമേന്മയും ഏറെയാണ്. വിദേശ ലാബിലെ സാമ്പിൾ പരിശോധനയിൽ എക്സലന്റ് സ്റ്റാറ്റസോടെയാണ് അതിരപ്പള്ളിയിലെ ലിബറിക്ക കോഫി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. കാപ്പിയുടെ ഇനങ്ങളായ റോബസ്റ്റ, ലിബറിക്ക എന്നീ ഇനങ്ങളാണ് പ്രാരംഭഘട്ടത്തിൽ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി നടപടികളുടെ പ്രാരംഭ നടപടിയായി യൂറോപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന JS&T അസ്സോസിയേറ്റ്സ് എന്ന സ്ഥാപനവുമായി അതിരപ്പള്ളി ട്രൈബൽ വാലി എഫ്.പി.സി. ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ജൈവ രീതിയിൽ അന്തർദേശിയ ഗുണനിലവാരത്തിൽ ഉല്പാദിപ്പിക്കുന്ന കുരുമുളക് കയറ്റുമതിക്കായി സ്വീഡൻ ആസ്ഥാനമായ വൈക് വർക്സ് AB എന്ന കമ്പനിയാണ് തദവസരത്തിൽ അതിരപ്പള്ളി ട്രൈബൽ വാലി FPC-യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
അതിരപ്പിള്ളി ട്രൈബൽ വാലി എഫ്.പി.സിക്കായി ചെയർമാൻ എം രതീഷും വൈക് വർക്സ് AB-യെ പ്രതിനിധികരിച്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് രാജഗോപാലനും JS &T അസ്സോസിയേറ്റീസിനെ പ്രധിനിധികരിച്ച് ജിനു ജോസഫും ധാരണ പത്രത്തിൽ ഒപ്പു വച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത 3 വർഷം വൈക് വർക്സ് AB കോ-ബ്രാൻഡിംഗ് രീതിയിൽ 2 ടൺ കുമുളക് അതിരപ്പിള്ളി ബ്രാൻഡിൽ കയറ്റുമതി ചെയ്യും. യൂറോപ്പിലേക്ക് കാപ്പി കയറ്റി അയക്കുന്നതിനാണ് ധാരണയായത്. ഇതു പ്രകാരം അടുത്ത 5 വർഷം 20 ടൺ കാപ്പിയാണ് അതിരപ്പിള്ളി ട്രൈബൽ വാലി എഫ്.പി.സി. മുഖേന സംഭരിക്കുക.
കേരള സർക്കാർ റി ബിൽഡ് കേരള ഇനിഷ്യേറ്റീവ് (RKI) പദ്ധതി സാമ്പത്തിക സഹായത്തോടെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പ് മുഖേനയാണ് ആദിവാസി മേഖലയുടെ സമഗ്ര വികസനത്തിനായി ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി യിലൂടെ പഞ്ചായത്തിലെ കാർഷിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആദിവാസിവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സാധിക്കും. കാർഷിക വിളകളുടെ വിളവ്യാപനം മുതൽ കാർഷിക ഉത്പന്ന മൂല്യവർദ്ധനവും വിപണനവും വരെ പദ്ധതിയുടെ ഭാഗമായി 2021 മുതൽ നടപ്പിലാക്കി വരുന്നു. PGS രീതിയിൽ ജൈവ കൃഷി രീതികൾ പാരമ്പര്യമായി അനുവർത്തിക്കുന്ന ഇവിടത്തെ മുഴുവൻ കൃഷി ഭൂമിയിലും ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കുകയും അതിനുള്ള സഹായധനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കർഷകർക്ക് മെച്ചപ്പെട്ട വരുമാനം നേടുന്നതിനും മൂല്യവർദ്ധനവിലൂടെ വരുമാനവർദ്ധനവ് ലക്ഷ്യംവെച്ചുമാണ് ഈ വിഭാഗത്തെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു കർഷക ഉത്പാദക കമ്പനി അതിരപ്പിള്ളി ട്രൈബൽ വാലി കർഷക ഉൽപാദക കമ്പനി എന്ന പേരിൽ ആരംഭിച്ചത്. ഉത്പന്നങ്ങൾ മൂല്യവർധനം നടത്തുന്നതിനായി ഒരു പ്രോസസ്സിംഗ് യൂണിറ്റും വിപണനം നടത്തുന്നതിനായി ATHIRAPPILLY എന്ന ബ്രാൻഡും നിലവിലുണ്ട്. ATHIRAPPILLY എന്ന ബ്രാൻഡിൽ ട്രൈബൽ വാലി എഫ്.പി.സി. വിവിധ ജൈവ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്.
—