കൃഷി വകുപ്പ് പ്രവർത്തനങ്ങൾ സ്മാർട്ടാകുന്നു
സംസ്ഥാനത്ത് കൃഷിഭവൻ സേവനങ്ങൾ സ്മാർട്ടും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പദ്ധതികളിൽ കൂടുതൽ പരിഷ്കരണങ്ങൾ വരുത്താൻ ഒരുങ്ങി കൃഷി വകുപ്പ്. സംസ്ഥാനത്തെ കാർഷിക വികസനവും കർഷകക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത് കൂടുതൽ ജനകീയവും സുതാര്യവുമാക്കാൻ വിവിധ സർക്കാർ യോഗങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ ലൈവ് ആയി ഓൺലൈൻ പ്രക്ഷേപണം നടത്തുന്നത് ഉപകരിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് വെളിച്ചം പദ്ധതി കൃഷി വകുപ്പ് നടപ്പിലാക്കിയിട്ടുള്ളത്. കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാവുന്നതോടെ കാർഷിക വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്. വെളിച്ചം പദ്ധതിയിൽ നാളിതുവരെ 13 യോഗങ്ങൾ/പരിപാടികൾ തത്സമയ സംപ്രേഷണം ചെയ്തിട്ടുണ്ട് മന്ത്രി പറഞ്ഞു. ഏപ്രിൽ മാസം മുതൽ കൃഷി, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് എന്നിവിടങ്ങളിൽ നിന്നും നടത്തുന്ന നിയമപരമായി രഹസ്യ സ്വഭാവമുള്ളതും, വിലക്കുള്ളതുമായ യോഗങ്ങൾ ഒഴികെ, വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കി പൊതുജന സമക്ഷം അവതരിപ്പിക്കാൻ കഴിയുന്ന മുഴുവൻ യോഗങ്ങളും പൊതുജനങ്ങൾക്ക് ദൃശ്യമാകുന്ന തരത്തിൽ സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയിൽ കൃഷി മന്ത്രി സഭയെ അറിയിച്ചു. കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും കൃഷിഭവൻ അടിസ്ഥാനത്തിൽ അനുഭവം പദ്ധതി നടപ്പിലാക്കി വരുന്ന വിവരവും മന്ത്രി സഭയെ അറിയിച്ചു. ഓരോ കൃഷി ഭവനിലും വ്യക്തിഗത QR കോഡുകൾ സ്ഥാപിച്ച് കർഷകരുടെ പ്രതികരണങ്ങൾ തത്സമയം ശേഖരിച്ചുകൊണ്ട് കൃഷിഭവൻ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് കൃഷി വകുപ്പ് ഇതിലൂടെ ഉദ്ദേശിക്കുന്നത് മന്ത്രി വ്യക്തമാക്കി. നാളിതുവരെ 5452 കർഷകർ അനുഭവം പദ്ധതിയിലൂടെ അവരവരുടെ വ്യക്തിഗത കൃഷിഭവൻ അനുഭവങ്ങൾ കൃഷി വകുപ്പുമായി പങ്കുവെച്ചിട്ടുണ്ട്. 4244 കർഷകരിൽ നിന്നായി കൃഷി ഭവൻ റേറ്റിങ്ങും ലഭ്യമായിട്ടുണ്ട്. ഇത്തരത്തിൽ ഓരോ സേവനങ്ങളും സ്മാർട്ടാകുന്നതോടെ കൃഷി വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ സമർട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.