First installment of Kera project sanctioned

കേര പദ്ധതി ആദ്യ ഗഡു അനുവദിച്ചു

കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്രവളർച്ചയും കാലാവസ്ഥാ പ്രതിരോധ ശേഷി വർദ്ധനവും ലക്ഷ്യമിട്ട് കൃഷിവകുപ്പ് ലോക ബാങ്ക് സഹായത്തോടെ ആവിഷ്‌കരിച്ച ബ്രഹത് പദ്ധതിയായ “കേര” (Kerala Climate Resilient Agri-Value Chain) പദ്ധതിക്ക് ആദ്യ ഗഡുവായ 139.65 കോടി രൂപ ലഭിച്ചു. പദ്ധതിയുടെ ആകെ അനുമതി തുകയായ 2365.5 കോടി രൂപയിൽ ഈ സാമ്പത്തിക വർഷത്തേക്കുള്ള സഹായധനമാണ് അനുവദിച്ചിരിക്കുന്നതെന്ന് കൃഷിവകുപ്പു മന്ത്രി പി.പ്രസാദ് അറിയിച്ചു.

ഈ സാമ്പത്തിക വർഷം തന്നെ ആദ്യഗഡു തുക ലഭ്യമാക്കണമെന്ന് സർക്കാർ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന കൃഷി വകുപ്പ് സമർപ്പിച്ച 2365.5 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ഒക്ടോബർ 31 ന് അംഗീകാരം ലഭിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്തു. കേരളത്തിലെ കാർഷിക മേഖലയിൽ അടുത്ത 5 വർഷങ്ങളിലായി ഇതു പ്രകാരമുള്ള പദ്ധതികൾ നടപ്പാക്കും. കാലാവസ്ഥ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും വർദ്ധിപ്പിക്കാനും കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകൾ നടത്തുന്ന ചെറുകിട ഇടത്തരം കാർഷിക സംരംഭങ്ങൾക്ക് പ്രത്യേക സഹായം വാഗ്ദാനം ചെയ്യുന്നതോടൊപ്പം കാർഷിക ഉത്പന്നങ്ങളുടെ സംസ്‌കരണത്തിനും വിപണനത്തിനുമായി പ്രത്യേക പദ്ധതികളും ഉണ്ടാകും .

കാലാവസ്ഥ പ്രതിരോധത്തിനും ലഘൂകരണത്തിനുമായുള്ള ഘടകത്തിൽ നിന്ന് കാലാവസ്ഥ അനുസൃത കൃഷിരീതികൾ നടപ്പാക്കുകയും കാർഷിക പാരിസ്ഥിതിക യൂണിറ്റുകൾ ആസ്പദമാക്കി കർഷകർക്ക് സാങ്കേതിക വിദ്യകൾ കൈമാറുകയും ചെയ്യും. മൂല്യവർദ്ധനവിനായുള്ള ചെറുകിട സംരംഭങ്ങളുടെ വാണിജ്യവൽക്കരണത്തിനും കാപ്പി, റബ്ബർ, ഏലം, വാനില തുടങ്ങിയ വിളകളുടെ പുനരുജ്ജീവനത്തിനും പദ്ധതി തുക പ്രയോജനപ്പെടുത്തുവാൻ ലക്ഷ്യമിടുന്നു. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും അഗ്രിബിസിനസുകൾക്കും സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

കാർഷിക സംരംഭകത്വ വികസനത്തിനും അഗ്രി-ഫുഡ് എസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭിക്കും. ഫുഡ് പാർക്കുകൾക്കുള്ള സഹായവും പദ്ധതിയുടെ ഭാഗമാണ്. അടിയന്തര പ്രതിരോധ ഘടകമായി കാലാവസ്ഥാ മാറ്റങ്ങളാൽ നേരിടുന്ന പ്രതിസന്ധികൾക്കുള്ള ഉടനടി പ്രതികരണത്തിനായി പ്രത്യേക ഫണ്ടും മാറ്റിവച്ചിട്ടുണ്ട്. ഏകദേശം 4 ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൃഷിക്കൂട്ടം, ഫാർമർ പ്രൊഡ്യൂസർ സംഘടനകൾ എന്നിവയുടെ പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടു്. കാർഷിക ഉൽപ്പാദനക്ഷമതയും കർഷക വരുമാനവും വർദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാർബൺ പുറന്തള്ളൽ കുറച്ച് നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതിയും ഉണ്ട്.

പദ്ധതി കൃഷി വകുപ്പ് വഴിയാണ് നടപ്പാക്കുക. കാർഷികോല്പാദന കമ്മീഷണർ പ്രോജക്ട് ഡയറക്ടറായി പ്രവർത്തിക്കും. മൂന്ന് റീജണൽ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റുകളും (RPMU) നാല് പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും (PIU) ഫീൽഡ് തലത്തിൽ പ്രവർത്തിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹൈലെവൽ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രോജക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അദ്ധ്യക്ഷത കാർഷികോല്പാദന കമ്മീഷണർ വഹിക്കും.

കേന്ദ്ര നിലവാരങ്ങൾ പാലിച്ചുള്ള ധനകാര്യ, ഓഡിറ്റ് നടപടികൾ ആയിരിക്കും പദ്ധതിയിൽ അനുവർത്തിക്കുക. പദ്ധതിയുടെ നടത്തിപ്പ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് (SPMU) മുഖേനയാണ് നടത്തുന്നത്. കർഷകർ, കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉൽപ്പാദനസംഘങ്ങൾ എന്നിവയുടെ പങ്കാളിത്തം പദ്ധതിയിൽ ഉറപ്പാക്കും. കേരളത്തിലെ കാർഷിക മേഖലയിലെ സമഗ്രവളർച്ചയ്ക്കും കാലാവസ്ഥാ പ്രതിരോധത്തിനും “കേര” പദ്ധതി നവീന വഴികൾ തുറന്നുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.