കൃഷി സമൃദ്ധി നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ഒരു സമീപനമാണ്
കൃഷി സമൃദ്ധി കേവലം ഒരു പദ്ധതി അല്ലെന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ഒരു സമീപനമാണെന്നും കൃഷിമന്ത്രി പി പ്രസാദ്. ചിറയിൻകീഴ് ശാർക്കര ഗവൺമെന്റ് യു.പി.എസ്. സ്കൂൾ ഹാളിൽ കൃഷി സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയുടെ ആനുകൂല്യം കൈപ്പറ്റാത്തവരായി ആരുമില്ല. ഭക്ഷണം കഴിക്കുന്ന ഏവരും കൃഷിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണ്. ഭക്ഷണത്തിൽ ഏതാണ്ട് 95% ഉൽപ്പന്നങ്ങളും കൃഷിയുടെ /കാർഷിക മേഖലയുടെ സംഭാവനയാണ്. സമൂഹത്തിൽ ന്യൂനപക്ഷമായ കർഷകർ ഭൂരിപക്ഷമായ ലോക ജനസംഖ്യയുടെ വിശപ്പ് മാറ്റാനായി ചെയ്യുന്ന ഒരു വലിയ പ്രവർത്തിയാണ് കൃഷി എന്നത് മന്ത്രി കൂട്ടിച്ചേർത്തു. കൃഷി പ്രവർത്തികൾ സജീവമായി നിലനിർത്തുക എന്നുള്ളത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇതിനായി നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായി കൃഷി മാറിയേ മതിയാകൂ. നെൽവയലുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇതിനോട് ചേർത്തു വച്ച് നമ്മൾ മനസ്സിലാക്കണം. ഒരു ഏക്കർ വയൽ പ്രതിവർഷം അഞ്ച് കോടി ലിറ്റർ വെള്ളം മണ്ണിലേക്ക് സംഭരിക്കുന്നു. നെൽ വയലുകൾ നമ്മുടെ ഭൂഗർഭ ജലസംഭരണികൾക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.
ICMR ന്റെ കണക്ക് പ്രകാരം 56.4% അസുഖങ്ങളും ഭക്ഷണക്രമത്തിന്റെ ഭാഗമായി ഉണ്ടായതാണെന്ന് സൂചിപ്പിക്കുന്നു. വയലും വീടും എന്ന കാർഷിക സംസ്കാരത്തിൽ നിന്നും കടയും വീടും എന്ന രീതിയിലേക്ക് മാറിയ മലയാളി ഇന്ന് ആപ്പും വീടും എന്ന തരത്തിൽ കൃഷി മേഖലയിൽ നിന്നും വളരെ വിദൂരത്തിലായി. അശുഭകരമായ സൂചനയാണിതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഓരോ വ്യക്തിയുടെയും ഭാവി നിർണയിക്കുന്നത് അവരുടെ ഭക്ഷണപാത്രമാണ്. ആതുര സേവന കേന്ദ്രങ്ങളുടെ വർദ്ധനവ് വികസനത്തിന് മാനദണ്ഡമാക്കുന്നത് ഒരു നല്ല സൂചന അല്ല നൽകുന്നത്. കൃഷിസമൃദ്ധി പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത് മലയാളികളുടെ ആരോഗ്യകരമായ നാളെയും കേരളത്തിന്റെ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തതയുമാണ്. സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 107 കൃഷിഭവനുകളിലൂടെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ചിറയിൻകീഴ് കൃഷിഭവനെ കൃഷി സമൃദ്ധി പദ്ധതിയിലൂടെ സമഗ്ര കാർഷിക മുന്നേറ്റം നടത്താൻ ആവട്ടെ എന്ന് മന്ത്രി ആശംസിച്ചു. കൃഷി സമൃദ്ധി പദ്ധതിയിൽ കൃഷിയോഗ്യമായ എന്നാൽ കൃഷി ചെയ്യാതെ കിടക്കുന്ന മുഴുവൻ സ്ഥലങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഇടപെടലിലൂടെ കൃഷിയോഗ്യമാക്കണം. കൃഷിയിട ആസൂത്രണം സൂക്ഷ്മ മേഖല അടിസ്ഥാനമാക്കി പ്രാദേശികമായി നടപ്പിലാക്കി പദ്ധതി ആരോഗ്യവകുപ്പും മറ്റ് അനുബന്ധ വകുപ്പുകളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കണമെന്നും മന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിനെയും കാർഷിക ഉൽപാദനത്തിൽ സ്വയം പര്യാപ്തരാക്കുന്നതിന് കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി അഭിനന്ദനാർഹമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ എംഎൽഎ അറിയിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ്ഷൈലജ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡണ്ട് പിസി ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എസ് അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. പോഷകത്തോട്ടം സംസ്ഥാന അവാർഡ് ജേതാവ് അനിൽ ദേവിനെ വേദിയിൽ കൃഷി മന്ത്രി ആദരിച്ചു. കൃഷി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അഗ്രി കോയിൻ – കൃഷിയിൽ നിന്നും ലഭിക്കുന്ന ആധദായവും കൃഷി കൂട്ടങ്ങളുടെ ഉന്നമനത്തിനായി ബാങ്കിൽ നിക്ഷേപിക്കുന്ന പദ്ധതിയുടെ ലോഗോ പ്രദർശനം മന്ത്രി നിർവഹിച്ചു. സംസ്ഥാന അവാർഡ് ജേതാവായ അനിൽദേവിനെ കതിർ ആപ്പ് മുഖേന രജിസ്റ്റർ ചെയ്ത് ലഭ്യമായ ഐഡി കാർഡ് മന്ത്രി അണിയിച്ചു. കർമ്മ ശ്രീ കൃഷിക്കൂട്ടം – ഉരുക്കുവെളിച്ചെണ്ണ, സോണിക കൃഷിക്കൂട്ടം -ചിപ്സ്, ശാർക്കര കൃഷിക്കൂട്ടം – മാങ്ങ,നാരങ്ങ അച്ചാറുകൾ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ വേദിയിൽ പ്രകാശനം ചെയ്തു.