K-Agtech launch pad for a bright rural future

കെ–അഗ്ടെക് ലോഞ്ച് പാഡ് ശോഭനമായ ഗ്രാമീണ ഭാവിക്ക്

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് കരുത്തേകാൻ കെ-അഗ്ടെക് ലോഞ്ച്‌പാഡ് എന്ന പ്രൊജക്റ്റിന് തുടക്കം കുറിച്ചു. സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ പിന്തുണയും, ആശയവൽക്കരണത്തിൽ നിന്ന് വിപണിയിലെത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്ൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള കാർഷിക സർവ്വകലാശാലയിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് കെ-അഗ്ടെക് ലോഞ്ച് പാഡ് പദ്ധതി ആരംഭിച്ചത്. കേരള കാർഷിക സർവ്വകലാശാലയും നബാർഡും വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയും സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 2025 മാർച്ച് 14-ന് രാവിലെ 10:30-ന് വെള്ളായണി കാർഷിക കോളേജിൽ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.
നബാർഡിന്റെ ഗ്രാമീണ ബിസിനസ്സ് ഇൻക്യുബേഷൻ സെൻ്റർ (RBIC) പദ്ധതിയായി 2025 മുതൽ അഞ്ചുവർഷത്തേക്ക് 1457.50 ലക്ഷം രൂപയാണ് ഈ സംരംഭത്തിനായി വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം ആസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ ഒരു ഹൈടെക് കൃഷി യൂണിറ്റ് വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കുന്നതാണ് ഈ പ്രോജക്ടിൻ്റെ മറ്റൊരു പ്രധാന ആകർഷണം.
കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനം, വൈവിധ്യവൽക്കരണം എന്നിവയിലൂടെ കർഷകരുടെയും സംരംഭകരുടെയും വരുമാന വർദ്ധനവിനുള്ള സാധ്യത ഉറപ്പുവരുത്തുക, കാർഷിക മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാങ്കേതിക സാമ്പത്തിക പിന്തുണ നൽകുകയും ഇൻക്യുബേഷന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക, സ്ത്രീ സംരംഭകർക്ക് പ്രാമുഖ്യം നൽകി അവരെ ശാക്തീകരിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുക, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) സഹായത്തോടെ വിവിധ വിളകളിലെ കൃത്യതാ കൃഷിക്കുള്ള സാങ്കേതിക വിദ്യകൾ ഉരുത്തിരിച്ചെടുക്കുക എന്നിവയൊക്കെയാണ് ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനവും ഗ്രാമീണ സംരംഭകത്വവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കാർഷിക രംഗത്ത് വലിയൊരു മുതൽക്കൂട്ടാകും.കാർഷിക കോളേജ് ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫന്റെ സ്വാഗത പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു.
കോവളം നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. ശ്രീ. എം. വിൻസെൻ്റിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ഈ ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അവർകൾ നിർവഹിച്ചു . കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ഐ.എ.എസ്, നബാർഡ് ചെയർമാൻ ഡോ. ഷാജി കെ. വി., വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. നിക്കോലിൻ മർഡോക്ക് എന്നിവരായിരുന്നു ചടങ്ങിൻ്റെ പ്രധാന അതിഥികൾ. പദ്ധതിയുടെ മേധാവിയായ ഡോ. അലൻ തോമസ് പദ്ധതിയെ വിശദീകരിച്ചു സംസാരിച്ചു. കേരള കാർഷിക സർവകലാശാല ബഹുമാനപെട്ട വൈസ് ചാൻസിലർ ഡോ. ബി. അശോക് ഐ.എ.എസ് മുഖ്യ പ്രഭാഷണം നൽകി. പരിപാടിയുടെ അദ്യക്ഷൻ അഡ്വ. ശ്രീ. എം. വിൻസെൻറ് കാർഷികമേഖലയോടുള്ള യുവാക്കളുടെ വിമുഖത കാർഷിക കേരളം നേരിടുന്ന ഒരു പ്രധാന പ്രശനമായി വിലയിരുത്തി, കൂടാതെ യുവ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ ഇത്തരത്തിലുള്ള പദ്ധതികളുടെ നിർണായക പങ്കിനെ കുറിച്ചും പ്രതിപാദിച്ചു. കേരള സംസഥാനത്തിൻറെ ബഹുമാന്യ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഈ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ചും, കേരളത്തിലെ കർഷകർ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചും അവയെ പരിഹരിക്കാൻ ഈ പദ്ധതി എങ്ങനെ വിനിയോഗിക്കാം എന്നും പ്രതിപാദിക്കുകയുണ്ടായി. കാർഷിക സംരംഭങ്ങളുടെ ഒഴിച്ച് കൂടാനാവാത്ത പ്രാധാന്യത്തെ കുറിച്ചും പ്രാഥമിക കൃഷി മേഖലക്കൊപ്പം ദ്വിതീയ കാർഷിക മേഖലക്കുള്ള തുല്യമായ പങ്കിനെക്കുറിച്ചും ഉൽഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു. സ്ത്രീ സംരംഭകർക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി നിലവിൽ വരുന്നത്. ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധനവും വൈവിധ്യ വൽക്കരണവും കർഷകർക്കുള്ള സാമ്പത്തിക സഹായവും കൂടാതെ കർഷക കൂട്ടായ്മകളുടെ പ്രോത്സാഹനവും ആണെന്ന് മന്ത്രി വിശദീകരിച്ചു. നബാർഡ് ചെയർമാൻ ഡോ. ഷാജി കെ. വി. ചടങ്ങിൽൽ മുഖ്യാതിഥിയായി, അദ്ദേഹം കെ-അഗ്രിടെക് ലോഞ്ച്പാഡ് ഡിസൈൻ അനാച്ഛാദനം ചെയ്യുകയും ധാരണാപത്രം കൈമാറുകയും ചെയ്തു.വിശിഷ്ട അതിഥിയായ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി (WSU) പ്രോ വൈസ് ചാൻസലർ ഡോ. നിക്കോലിൻ മർഡോക്ക് ഇൻകുബേഷനായി തിരഞ്ഞെടുത്ത സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. നിഷ രാകേഷ് WSU പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരണം നടത്തി.കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സോമശേഖരൻ നായർ, കേരള കാർഷിക സർവ്വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. ഷിബു എസ്.എൽ, ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, അക്കാദമിക് കൗൺസിൽ അംഗം ഡോ. റഫീഖർ എം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അഗ്രികൾച്ചർ ചീഫ് ശ്രീ. എസ്.എസ്. നാഗേഷ്, ഡയറക്ടർ (എക്സ്റ്റൻഷൻ) ഡോ. ജേക്കബ് ജോൺ, ഡയറക്ടർ (ഗവേഷണം) ഡോ. കെ. എൻ. അനിത്ത് എന്നിവർ ഉദ് ഘാടന ചടങ്ങിന് ആശംസകൾ അറിയിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന സങ്കേതിക സെഷനിൽ നബാർഡ് ചെയർമാൻ ഡോ. ഷാജി കെ. വി. “ശോഭനമായ ഗ്രാമീണ ഭാവിക്കായി” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.