കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികൾക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവൻ
പദ്ധതികളുടെ ഉദ്‌ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു.
കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാർബൺ ബഹിർമനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി എന്നീ പദ്ധതികൾക്ക് വർണ്ണാഭമായ തുടക്കം കുറിച്ച് നേമം കൃഷി ഭവൻ. പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം നഗരസഭ വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ശ്രീമതി. ഷാജിത നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പദ്ധതികളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
സംസ്ഥാനത്ത് കൃഷി സമൃദ്ധി പദ്ധതിൽ ആദ്യഘട്ടമായി തിരഞ്ഞെടുത്ത 107 പഞ്ചായത്തുകളിൽ ഒന്നായ നേമം കൃഷി ഭവൻ കതിർ ആപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിലൂടെ സമഗ്രമായ വിവരശേഖരണം നടത്തിയാണ് പ്രവർത്തനങ്ങൾക്കു തുടക്കം കുറയ്ക്കുന്നത്. ഇതിനായി കതിർ ആപ്പ് രജിസ്ട്രേഷൻ നടപടികളിൽ പരിശീലനം ലഭിച്ച എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയിലെ 300 ഓളം എൻ.എസ്.എസ്. വോളന്റിയർമാരെയാണ് ഫീൽഡ് തലത്തിൽ കർഷകരുടെ അതിവേഗത്തിലുള്ള വിവരശേഖരണത്തിനായി നിയോഗിച്ചിരിക്കുന്നത്. കൃഷി ഭവൻ പരിധിയിലെ 7 വാർഡുകളിൽ 5 വീതം രജിസ്ട്രേഷൻ സെന്ററുകൾ ഇതിനായി പ്രവർത്തിക്കും. വിവരശേഖരണത്തെതുടര്‍ന്ന് മൈക്രോപ്ലാനുകൾ തയ്യാറാക്കുകയും, സമഗ്ര കാർഷിക വികസന പദ്ധതികൾ രൂപവത്കരിക്കുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ഉത്പാദന, സേവന, മൂല്യവര്‍ദ്ധിത കൃഷിക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കും. കര്‍മ്മപരിപാടി നിര്‍വൃഹണത്തിന്റെ ആദ്യപരി പാടിയായി “ഫ്രൂട്ട്‌സിറ്റി” എന്ന പദ്ധതി തയ്യാറാക്കി നിര്‍വ്വഹിക്കും. നാച്ചുറൽ റിസോഴ്സ് പ്രൊട്ടക്ഷൻ ഫോഴ്സുമായി (NRPF) സഹകരിച്ച് ട്രീ ടാഗ് എന്ന പ്ലേറ്റ്ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തിയാണ് ഫ്രൂട്ട് സിറ്റി പദ്ധതി നടപ്പിലാക്കുക. നടുന്ന ഓരോ വൃക്ഷതൈയുടെയും വിവരങ്ങൾ, ആറു മാസം കൂടുമ്പോഴുള്ള വളർച്ച, കാർബൺ ന്യൂട്രലൈസേഷൻ തോത് എന്നിവ മനസിലാക്കാൻ സാധിക്കുന്നത് വഴി നേമത്തെ കാർബൺ ന്യൂട്രലായി പ്രഖ്യാപിക്കുന്നതിന് പ്രാരംഭ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
കൃഷി ചെയ്യുന്നതിന്റെയും കാർഷിക മേഖലയുടെയും ആവശ്യകതയെപ്പറ്റി കൃഷി മന്ത്രി സദസ്സിൽ സന്നിഹിതരായിരുന്ന യുവാക്കളോട് സംസാരിച്ചു. ഭക്ഷണം കഴിക്കുന്ന ഏതൊരു വ്യക്തിയും കൃഷിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണ്, കൃഷി നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട് മന്ത്രി പറഞ്ഞു. വയലും വീടും എന്നൊരു കാർഷിക സംസ്കാരത്തിൽ നിന്നും, കടയും വീടും എന്ന സംസ്കാരത്തിലേക്ക് മാറിയ മലയാളി ഇന്ന് ആപ്പും വീടും എന്ന സ്ഥിതിയിലേക്ക് മാറിയത് ശുഭകരമായ ഒരു കാര്യമല്ലെന്നും മന്ത്രി സൂചിപ്പിച്ചു. ഭാവിയിൽ കാർഷിക സ്റ്റാർട്ട്അപ്പുകൾക്ക് പ്രാധാന്യമേറുമെന്നും കൃഷി നമ്മുടെ നിലനിൽപ്പിന്റെ ആവശ്യകതയാണെന്ന് മനസിലാക്കി അതിനെ നമ്മുടെ ഉത്തരവാദിത്തമാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ നേമം കൃഷി ഭവൻ പരിധിയിലെ കുരുവി കൃഷിക്കൂട്ടം സി.എസ്.ഐ.ആർ. NIIST യുടെ ഇൻക്യൂബേഷൻ സെന്റർ മുഖേനെ വിപണിയിലെത്തിച്ച മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായി മന്ത്രിയും എൻ.എസ്.എസ്. വോളന്റിയർമാരോടൊപ്പം കർഷകരുടെ ഭവനങ്ങൾ സന്നർശിച്ച് കതിർ ആപ്പ് രജിസ്ട്രേഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയായി.