കരളകം പാടശേഖരത്തിൽ കൃഷി പുനരാരംഭിക്കുന്നതിന് രണ്ടുകോടിയുടെ സമഗ്ര പദ്ധതി ആവിഷ്കരിക്കും
ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തിൽ വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നെൽകൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്കരിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേരള നിയമസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏതാണ്ട് 70 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിൽ ജല ആഗമന നിർഗമന സംവിധാനങ്ങളിലെ അപര്യാപ്തത, ബണ്ടുകളിൽ ചളി നിറഞ്ഞ് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന സ്ഥിതി, കാർഷിക യന്ത്രങ്ങൾ പാടശേഖരത്തിലേക്ക് എത്തിക്കുന്നതിന് സൗകര്യമില്ലായ്മ, പുറംബണ്ടുകളിലെ ബലക്ഷയം തുടങ്ങി നിരവധി പ്രശ്നങ്ങളാൽ കഴിഞ്ഞ നാലുവർഷമായി കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. നഗരസഭയിലെ 4 വാർഡുകളിലായി നിലകൊള്ളുന്ന കരളകം പാടശേഖരത്തിന്റെ പ്രശ്ന പരിഹാരത്തിന് മുൻ വർഷങ്ങളിൽ ഫണ്ട് വകയിരുത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ നാല് വർഷമായി കൃഷിയിറക്കാൻ കഴിയാതെ വന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ്, ഇവയുടെ ഒക്കെ ശാശ്വത പരിഹാരത്തിന് കൃഷിവകുപ്പിന്റെ ഇടപെടൽ അത്യന്താപേക്ഷിതമാണ്.
കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗത്തിനോട് (സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനീയർ) 10 ദിവസത്തിനകം ഒരു പഠനം നടത്തി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാടശേഖരത്തിലെ ജലസേചന സംവിധാനം, പുനഃരുജ്ജീവനം, പുറം ബണ്ട് ബലപ്പെടുത്തൽ, 4 പമ്പ് ഹൗസുകളുടെ നിർമ്മാണം, കാർഷിക യന്ത്രങ്ങൾ ഉൾപ്പെടെ പാടശേഖരത്തിൽ എത്തിക്കുന്നതിന് ട്രാക്ടർ ബ്രിഡ്ജുകൾ ഉൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക്, കൃഷിവകുപ്പിന്റെയും എം.എൽ.എ ഫണ്ട്, നഗരസഭ ഫണ്ട് എന്നിവ സംയോജിപ്പിച്ചുകൊണ്ട് രണ്ടുകോടിയുടെ പദ്ധതി നടപ്പിലാക്കും. പാടശേഖരത്തിന്റെ റിസർവ്വേ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് റവന്യൂ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കും.