കേരള കാർഷിക സർവ്വകലാശാല പ്രവർത്തനങ്ങൾ പരിഷ്കരിക്കുന്നതിന് രൂപീകരിച്ച വിദഗ്ദ്ധ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
കേരള കാർഷിക സർവ്വകലാശാലയെ ആധുനീകരിക്കുന്നതിനും മെച്ചപ്പെടുത്തു ന്നതിനുമുള്ള മാർഗങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കുന്നതിനായി സർക്കാർ നിയോഗിച്ച ഡോ. ഇ. ബാലഗുരുസ്വാമി കമ്മീഷൻ റിപ്പോർട്ട് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന് സമർപ്പിച്ചു. ഭരണ നിർവ്വഹണം, ഗവേഷണം, വിജ്ഞാന വ്യാപനം, വിദ്യാഭ്യാസം, ഡിജിറ്റൽ ലൈബ്രറി, ധനകാര്യം, വിദ്യർത്ഥി ക്ഷേമം തുടങ്ങിയവ മേഖലകളിൽ വിശദമായ പഠനം നടത്തിയാണ് കമ്മീഷൻ ശുപാർശ സമർപ്പിച്ചത്.
സർവ്വകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുക, നൂതനമായ കോഴ്സുകൾ ആരംഭിക്കുക, ഐ.സി.എ. ആർ മോഡൽ ആക്ടിന് അനുസൃതമായി കാർഷിക സർവ്വകലാശാലയുടെ ആക്ടിൽ ഭേദഗതി വരുത്തുക, രാജ്യത്തുടനീളം ഉള്ള കാർഷിക മേഖലയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനം ഫലപ്രദമായി നടത്തുക, അഫിലിയേറ്റഡ് കോളേജുകൾ ആരംഭിക്കുക, വരുമാന വർദ്ധനവിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക, തുടങ്ങിയ വിഷയങ്ങൾ ശുപാർശകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡോ. ഇ. ബാലഗുരുസ്വാമി ചെയർമാനായ കമ്മീഷനിൽ മുൻകേരള കാർഷിക സർവ്വകലാശാല വൈസ്ചാൻസിലർ ഡോ. പി രാജേന്ദ്രൻ, മുൻ കേരള കാർഷിക സർവ്വകലവാശാല ഡയറക്ടർ ഓഫ് എക്സറ്റൻഷൻ ഡോ. പി. വി ബാലചന്ദ്രൻ, കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി. അശോക് IAS എന്നിവർ അംഗങ്ങളും മുൻ കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ അരവിന്ദാക്ഷൻ, മുൻ തമിഴ്നാട് കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. കെ. രാമസ്വാമി എന്നിവർ പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെട്ടിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ വിശദമായി പരിശോധിക്കുന്നതാണെന്ന് കൃഷി മന്ത്രി അറിയിച്ചു.