The ninth 'Poopoli 2025' international flower fair has started

ഒൻപതാമത് ‘പൂപ്പൊലി 2025’ അന്താരാഷ്ട്ര പുഷ്പമേള ആരംഭിച്ചു

കേരളാ കാർഷിക സർവകലാശാലയും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംഘടിപ്പിക്കുന്ന ഒൻപതാമത് ‘പൂപ്പൊലി 2025’ അന്താരാഷ്ട്ര പുഷ്പമേള ജനുവരി ഒന്നാം തിയതി മുതൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു. ജനുവരി 15 വരെയാണ് പുഷ്പമേള നടക്കുന്നത്. മേളയുടെ ഓദ്യോഗിക ഉദ്ഘാടനം ജനുവരി രണ്ടിന് നടന്നു. വിദഗ്ധർ പങ്കെടുക്കുന്ന ശിൽപ്പശാലകൾ, 200 വാണിജ്യ സ്റ്റാളുകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങിയവ പുഷ്പമേളയുടെ ഭാഗമായി സംഘടിപ്പിക്കും. വൈവിധ്യമാർന്ന അലങ്കാര വർണ്ണ പുഷ്പങ്ങളുടെ പ്രദർശനമാണ് മേളയുടെ പ്രധാന ആകർഷണം. പെറ്റൂണിയ, ഫ്‌ളോക്‌സ്, പാൻസി, ഡാലിയ, ചൈന ആസ്റ്റർ, മാരിഗോൾഡ്, ടോറീനിയ, കോസ്‌മോസ്, ഡയാന്തസ്, സാൽവിയ, ജമന്തി, അലൈസം, കാൻഡിടഫ്റ്റ്, ബ്രാക്കിക്കോം, കാലൻഡുല, പൈറോസ്റ്റീജിയ തുടങ്ങി നിരവധി പുഷ്പങ്ങളും കാലീഷ്യ, സെബ്രിന, റിയോ, ഡ്രസീന, സെടം മുതലായ ഇലച്ചെടികളും പൂപ്പൊലി ഉദ്യാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫ്‌ളോറൽ ക്ലോക്ക്, മലയുടെ രൂപം, മയിൽ, കുതിര തുടങ്ങിയ സൃഷ്ടികളും ഫ്‌ളോട്ടിംഗ് ഗാർഡൻ, റോസ് ഗാർഡൻ, മെലസ്റ്റോമ ഗാർഡൻ, കുട്ടികൾക്ക് വിനോദത്തിനായി ചിൽഡ്രൻസ് പാർക്ക്, വിവിധതരം റൈഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആനുകാലിക പ്രസക്തമായ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ശിൽപശാലകളും, കർഷകർക്ക് വേണ്ടിയുള്ള സെമിനാറുകളും, കാർഷിക ക്ലിനിക്കുകളും ഈ വർഷത്തെ പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങളാണ്. മേളയുടെ ഭാഗമായി പ്രധാനമായി അഞ്ച് ശിൽപ്പശാലകളാണ് നടത്തുന്നത്. പശ്ചിമഘട്ടത്തിലെ കാലാവസ്ഥ വ്യതിയനാനവും, ദുരന്തനിവാരണവും, പശ്ചിമഘട്ടത്തിലെ കൃഷി രീതികൾ, കാപ്പി ബ്രാന്റിംഗ്, ഹൈടെക് ഹോർട്ടികൾച്ചർ, മൃഗസംരക്ഷണവും, കൃഷിയും എന്നീ വിഷയങ്ങളിലാണ് ശിൽപ്പശാലകൾ. കൂടാതെ നൂതന സാങ്കേതിക വിദ്യകളുടെയും, മികച്ചയിനം നടീൽ വസ്തുക്കളുടെയും, കാർഷിക ഉൽപ്പന്നങ്ങളുടെയും പ്രദർശനവിപണന മേളയും ഉണ്ടായിരിക്കും. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടു ദുരിത മനുഭവിക്കുന്ന വയനാടൻ ജനതയുടെ തിരിച്ചു വരവിന് പ്രചോദനമാകുന്ന രീതിയിലാണ് വർഷത്തെ പൂപ്പൊലി സംഘാടനം. വിവിധ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പ്രമുഖ കർഷകർ, കർഷക കൂട്ടായ്മകൾ എന്നിവരുടെ നിരവധി സ്റ്റാളുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 60 രൂപയും, കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വർദ്ധിപ്പിച്ച മുതിർന്നവരുടെ ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം മുണ്ടക്കൈ ദുരിതബാധിതരുടെ അതിജീവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.