ചേർത്തല പൊലിമ: കരപ്പുറത്തിന്റെ കാർഷിക കാഴ്ചകൾക്ക് വർണ്ണാഭമായ തുടക്കം
നൂറ്റാണ്ടുകളുടെ കാർഷിക പാരമ്പര്യമുള്ള കരപ്പുറത്തിന്റെ കാർഷികപെരുമ വിളിച്ചോതുന്ന പത്തുനാൾ നീളുന്ന ചേർത്തല പൊലിമ കരപ്പുരം കാർഷിക കാഴ്ചകൾ സീസൺ 2 ന് വർണ്ണശബളമായ ഘോഷയാത്രയോടെ തുടക്കമായി. ചേർത്തല മണ്ഡലത്തിന്റെ സമഗ്രമായ കാർഷിക വികസനം ലക്ഷ്യമാക്കി കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് വിഷൻ 2026 എന്ന ആശയത്തിൽ കരപ്പുറം കാർഷികമേള സംഘടിപ്പിക്കുന്നത്. ചേർത്തല നിയോജകമണ്ഡലത്തിലെ കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ, തണ്ണീർമുക്കം, കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട് ഗ്രാമ പഞ്ചായത്തുകളിലെയും, ചേർത്തല നഗരസഭയിലെയും കാർഷിക മേഖലയുടെ സമഗ്രമായ മുന്നേറ്റമാണ് മേളയുടെ ലക്ഷ്യം.
ഉദ്ഘടന സമ്മേളനത്തോടനുബന്ധിച്ച് മായിത്തറ സർവീസ് സഹകരണ ബാങ്കിൻറെ മുൻവശത്ത് നിന്നും ആരംഭിച്ച വിളമ്പര ഘോഷയാത്രയ്ക്ക് കൃഷിമന്ത്രി കൃഷിമന്ത്രി പി പ്രസാദ് , തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. ചേർത്തല മണ്ഡലത്തിലെ കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ, തണ്ണീർമുക്കം, കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട് ഗ്രാമപഞ്ചായത്തുകളിലെയും ചേർത്തല മുനിസിപ്പാലിറ്റിയിലെയും കർഷകർ, ഹരിത കർമ്മസേനാംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ വൻജനാവലി ഘോഷയാത്രയിൽ അണിനിരന്നു. പഞ്ചവാദ്യം, ശിങ്കാരിമേളം, ബാൻ്റ്മേളം വർണ്ണകുടയെന്തിയ വനിതകൾ, തെയ്യം, കുട്ടികളുടെ സ്കേറ്റിംഗ് അഭ്യാസപ്രകടനങ്ങൾ, മാവേലിക്കര ജില്ലാ കൃഷിത്തോട്ടം തൊഴിലാളികൾഅവതരിപ്പിച്ച കോൽക്കളി, വിവിധ കലാരൂപങ്ങൾ, പുലികളി, നിശ്ചലദൃശ്യങ്ങൾ, തുടങ്ങിയവ ഘോഷയാത്രയ്ക്ക് നിറച്ചാർത്തേകി.
കാർഷികമേളയുടെ ഭാഗമായി സെൻ്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ സർക്കാർ, അർദ്ധസർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ 80 ഓളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കാർഷിക സെമിനാറുകൾ, വികസന സെമിനാറുകൾ, കർഷക ഗ്രൂപ്പുകൾക്കും സംരംഭകർക്കും അവരുടെ ആശയവിപുലീകരണത്തിനും അവ പ്രാവർത്തികമാക്കാനും സഹായിക്കുന്ന ഡി പി ആർ ക്ലിനിക്ക്, കാർഷികോല്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണന സാധ്യതകൾ കണ്ടെത്തുവാൻ സഹായകരമാകുന്ന ബി ടു ബി മീറ്റ് തുടങ്ങിയവ കരപ്പുറം കാഴ്ചകളുടെ പ്രത്യേകതകളാണ്. കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും പുതിയ കാർഷിക സംരംഭങ്ങൾ തുടങ്ങുന്നതിന് ബാങ്ക് വായ്പ ലഭ്യമാക്കുന്ന ഡി.പി.ആർ (ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട്) സൗജന്യമായി തയ്യാറാക്കി നൽകുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് ഡിപിആർ ക്ലിനിക്കുകൾ പ്രവർത്തിക്കുക.
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കലാ മത്സരങ്ങളും വരും ദിവസങ്ങളിൽ മേളയെ കൂടുതൽ ജനകീയമാക്കും. മേളയുടെ ഭാഗമായി ശ്രീലക്ഷ്മി എസ് കരുനാഗപ്പള്ളി അവതരിപ്പിക്കുന്ന ഭരതനാട്യം, കുച്ചിപ്പുടി, വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രി വീണകച്ചേരി, ടീം കണ്ണകി തിരുവനന്തപുരം അവതരിപ്പിക്കുന്ന ഫ്യൂഷൻ കൈകൊട്ടിക്കളി, ഇപ്റ്റ അവതരിപ്പിക്കുന്ന നാടൻപാട്ട് നാട്ടരങ്ങ് , ദക്ഷിൺ നാരായൺ അവതരിപ്പിക്കുന്ന വീണ ഫ്യൂഷൻ, കൊച്ചിൻ ക്ലാസിക്കിൻ്റെ ഗാനമേള എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കാർഷികമേള ഡിസംബർ 29 ന് അവസാനിക്കും.