കനോയിംഗ്-കയാക്കിംഗ് ബോട്ടുകൾ ഉദ്ഘാടനം ചെയ്തു
തദ്ദേശസ്ഥാപനങ്ങൾക്ക് പ്രാദേശികജനതയെ ഉയർത്തിക്കൊണ്ടുവരാൻ വലിയ ഇടപെടലുകൾ നടത്താനാവുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ‘സ്പോർട്സാണ് ലഹരി’ പദ്ധതിയുടെ ഭാഗമായി ആര്യാട് ഡിവിഷനിൽ ആരംഭിച്ച കനോയിംഗ്-കയാക്കിംഗ് പരിശീലനത്തിനായി വാങ്ങിയ ബോട്ടുകളുടെ ഉദ്ഘാടനം അടിവാരം കിഴക്ക് കായൽച്ചിറയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക ഭരണകൂടങ്ങളാണ്. പ്രദേശിക ഭരണകൂടങ്ങൾക്ക് പ്രാദേശിക ജനതയെ ഉയർത്തിക്കൊണ്ടുവരാൻ വലിയ ഇടപെടലുകൾ നടത്താൻ കഴിയും. സ്‌പോട്‌സാണ് ലഹരി പദ്ധതിയിലൂടെ കനോയിംഗ്-കയാക്കിംഗ് രംഗത്ത് ലോകചാമ്പ്യന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാൽ കോടിയോളം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് പരിശീലനത്തിന് ആവശ്യമായത്ര ബോട്ടുകൾ വാങ്ങി നൽകിയിരിക്കുന്നത്. വളരെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ മുൻകൈയിൽ വളരെ വലിയ കാര്യങ്ങൾ ചെയ്യാനാവും എന്ന് തെളിയിക്കുകയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത്. വികസനം എന്നാൽ ഇതൊക്കെ കൂടി ചേർന്നതാണ് എന്നാണ് ജില്ലാ പഞ്ചായത്ത് കാണിച്ചു നൽകുന്നത്. ഇത്രമേൽ വലിയ പദ്ധതി ഏറ്റെടുത്ത് മികച്ച രീതിയിൽ നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിനെ ഹൃദയപൂർവം അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയിച്ച കായികതാരങ്ങളെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
കലവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് കനോയിംഗ്-കയാക്കിംഗ് അസോസിയേഷന്റെ കീഴിൽ ഇവിടെ പരിശീലനം നേടുന്നത്.