Secondary agriculture should be strengthened for the economic development of the agricultural sector

കാർഷികമേഖലയുടെ സാമ്പത്തിക വികസനത്തിന് ദ്വിതീയ കാർഷികരംഗം ശക്തിപ്പെടണം

കേരളത്തിൻറെ കാർഷിക മേഖലയുടെ സാമ്പത്തിക വികാസത്തിന് വിളകൾ ഉത്പാദിപ്പിക്കുയെന്നുള്ള പ്രാഥമികമായ പ്രവർത്തനത്തിനോടൊപ്പം ഈ വിളകളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ദ്വിതീയ കാർഷികരംഗം കൂടി ശക്തിപ്പെടേണ്ടതായിട്ടുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. സംസ്ഥാന കൃഷിവകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെ സിയാൽ മാതൃകയിൽ ആരംഭിച്ച കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകന്റെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവണമെങ്കിൽ വിപണിക്കനുസൃതമായ വിളകൾ ഉത്പാദിപ്പിക്കാൻ സാധിക്കണം. കാർഷിക ഉൽപ്പന്നങ്ങൾ കർഷകന്റെ പങ്കാളിത്തത്തോടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ആക്കി മാറ്റുകയും അതിന്റെ വില നിശ്ചയിക്കാനുള്ള അവകാശം കർഷകന് ലഭ്യമാവുകയും വേണം. മാർക്കറ്റിങ്ങിലും വിപണനത്തിലും കൃത്യമായ ഇടപെടൽ സാധ്യമാകണം.

ഇതിനെല്ലാമായുള്ള ഒരു പരിതസ്ഥിതി ഒരുക്കുക എന്നുള്ളതാണ് കാബ്കോയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വളരെ വ്യത്യസ്തമാർന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റെത് . വിളയെ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികൾക്ക് പകരം വിളയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് കേരളത്തിന് അനുഗുണമായത്. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന പദ്ധതിയിലൂടെ 3000ത്തിലധികം കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാധിച്ചു. ഉൽപ്പന്നങ്ങളുടെ മികവാർന്ന പാക്കിങ്ങിനായി കർഷകർക്ക് പാക്കിങ്ങിൽ പരിശീലനം നൽകി. ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കാർഷിക ഉത്പന്നങ്ങൾ കേരളാഗ്രോ എന്ന ബ്രാൻഡിൽ വിപണനം നടത്താൻ ആരംഭിക്കുകയും സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്വന്തമായി അഞ്ച് കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ ആരംഭിക്കുകയും ചെയ്തു. കേരളത്തിൻറെ കാലാവസ്ഥയും ഭൂപ്രകൃതിയും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന കാർഷികോൽപ്പന്നങ്ങൾക്ക് പ്രത്യേക ഗുണമേന്മ പ്രദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൻറെ കാർഷികോല്പന്നങ്ങൾക്ക് വലിയ ഡിമാൻഡ് ആണ് മാർക്കറ്റിലൂള്ളത്. കാർഷിക മേഖലയുടെ സാമ്പത്തിക വികസനത്തിലൂടെ മാത്രമേ കേരളത്തിൻറെ ഗ്രാമീണ സമ്പത്ഘടന ശക്തിപ്പെടുകയുള്ളൂ. അതിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു.

വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ലോകബാങ്കിൻറെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിലൂടെ കേരളത്തിൻറെ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ കാർഷികരംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയണം. കേരളം അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനനുസൃതമായ പദ്ധതികൾ കൊണ്ടുവരാൻ കഴിയണം. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിന് നിയമ തടസ്സങ്ങൾ ഉണ്ടെങ്കിൽ അഭിപ്രായങ്ങൾ സ്വരൂപിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ വകുപ്പ് മന്ത്രി എന്ന നിലയിൽ സഹായം നൽകും. അതിനായി നിയമ വകുപ്പ് ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്ന ഒരു സബ്കമ്മിറ്റി രൂപീകരിക്കാം എന്നും മന്ത്രി അറിയിച്ചു. തദ്ദേശ സഹകരണ വ്യവസായ വകുപ്പുകളുമായി ചേർന്ന് ഒരു ടീമായി പ്രവർത്തിച്ചാൽ കാർഷിക രംഗത്ത് വലിയൊരു മാറ്റം സൃഷ്ടിക്കാൻ കൃഷി വകുപ്പിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാബ്കോയുടെ മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി അശോക് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. കാബ്കോ അഡീഷണൽ മാനേജിങ് ഡയറക്ടർ സാജു കെ സുരേന്ദ്രൻ ഐ.ഇ.എസ്. സ്വാഗതം ആശംസിച്ച ചടങ്ങിൽ കൃഷിവകുപ്പ് ഡയറക്ടർ ഡോ അദീല അബ്ദുള്ള ഐ.എ.എസ്. പ്രത്യേക പ്രഭാഷണം നടത്തി.

ഗ്രാൻ്റ് തോൺട്ടൻ ഭാരതിൻ്റേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. കാർഷിക മൂല്യ ശൃംഖലയുടെ ശാക്തീകരണത്തിന് – കാബ്കോയുടെ ഇടപെടലുകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ ആഗോള ദേശീയ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന മൊത്ത വ്യാപാരികൾ, വിവിധ മേഖലയിലെ വിദഗ്ധർ, കൃഷി ഉദ്യോഗസ്ഥർ, കാർഷിക സംസ്കരണ വിപണന മേഖലയിലെ സംരംഭകർ, ധനകാര്യ വിദഗ്ധർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികൾ, കർഷകർ, കൃഷിക്കൂട്ടം പ്രതിനിധികൾ, കർഷക ഉത്പാദക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഗ്രാൻഡ് തോൺട്ടൺ ഭാരത് പാർട്ട്ണർ പ്രൊഫ. പി. പത്മാനന്ദ്, നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ്, വയനാട് ഹിൽസ് എഫ് പി സി ഡയറക്ടർ സുനിൽകുമാർ, ഗ്രാൻഡ് തോൺട്ടൺ ഭാരത് മാനേജർ ആശിഷ്കുമാർ എന്നിവർ സംസാരിച്ചു.