Kerala Kerakarshaka Cooperative Federation Limited (KERAFED) has handed over the dividend for the financial year 2020þ-21 to the Government of Kerala.

കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) 2020þ-21 സാമ്പത്തിക വർഷത്തെ ലാഭവിഹിതം കേരള സർക്കാരിന് കൈമാറി

സംസ്ഥാനത്തെ നാളികേര കർഷകരുടെ സഹകരണ സംഘങ്ങളുടെ Apex ഫെഡറേഷനായ കേരഫെഡ്, 2020-þ21 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 97,79,154 രൂപ കേരള സർക്കാരിന് കൈമാറി. മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയിലൂടെയും മൂല്യവർദ്ധനയിലൂടെയും വരുമാനം വർദ്ധിപ്പിക്കാൻ നാളികേര കർഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 1987ൽ കേരള സർക്കാർ സ്ഥാപിച്ച കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) സംസ്ഥാനത്തെ നാളികേര കർഷകരുടെ സഹകരണ സംഘങ്ങളെ പ്രതിനിധീകരിക്കുന്ന പരമോന്നത ഫെഡറേഷനാണ്. നാളികേരത്തെ അധിഷ്ഠിതമാക്കി വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കേരഫെഡ് നിർമിക്കുന്നുണ്ട്. അതിൽ ‘കേര’ എന്ന ബ്രാൻഡിൽ വിൽക്കപ്പെടുന്ന വെളിച്ചെണ്ണയാണ് പ്രധാനമായിട്ടുള്ളത്. കൂടാതെ കേര ഡെസിക്കേറ്റഡ് കോക്കനട്ട്, കോക്കനട്ട് മിൽക്ക് പൌഡർ, ഹെയർ ഓയിൽ എന്നിവയും കേരഫെഡ് ഉത്പാദിപ്പിക്കുന്നുണ്ട്. നാളികേര കർഷകരെ പിന്തുണയ്ക്കുന്നതിനും കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ച തേങ്ങയ്ക്ക് ന്യായമായ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനും സർക്കാർ ആവിഷ്കരിച്ച പച്ചതേങ്ങാ സംഭരണം പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്തവും കേരള സർക്കാർ കേരഫെഡിനെ ഏൽപ്പിച്ചിട്ടുണ്ട്.

കേരഫെഡിന്റെ 2020þ-21 സാമ്പത്തികവർഷത്തെ അറ്റാദായം 2.16 കോടി രൂപയാണ്. 1.83% ലാഭവിഹിതമാണ് ഓഹരിയുടമകൾക്ക് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ കേരഫെഡിന്റെ 98% ഓഹരികളും സംസ്ഥാന സർക്കാരിന്റെ പേരിലാണ്. കേരള സർക്കാരിന്റെ കൈവശമുള്ള ആകെ ഓഹരികളുടെ മൂല്യം 53.43 കോടി രൂപ ആണ്.

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാനുള്ള സർക്കാർ ശ്രമങ്ങൾക്ക് കൈത്താങ്ങായി കേരഫെഡിലെ ജീവനക്കാർ തങ്ങളുടെ ശമ്പളത്തിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ 1,75,397 രൂപയും കേരഫെഡ് വിഹിതമായ 10 ലക്ഷം രൂപയും ചേർത്ത് 11,75,397 രൂപയും തദവസരത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കൈമാറി. ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ നൂതന ആശയങ്ങളിലൂടെ കാര്യക്ഷമത വർധിപ്പിച്ചും മികച്ച മാനേജ്മെന്റ് നടപടികളിലൂടെയും മാതൃകാപരമായ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും കാഴ്ചവെക്കാൻ കഴിയുമെന്ന് കേരഫെഡ് പ്രതീക്ഷിക്കുന്നു.