കേര പദ്ധതിക്ക് 1655.85 കോടിയുടെ ലോകബാങ്ക് സഹായം
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ (കേര) പദ്ധതിയ്ക്ക് ലോകബാങ്ക് സഹായം ലഭിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 31ന് കൂടിയ ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ യോഗം സംസ്ഥാന കൃഷി വകുപ്പ് സമർപ്പിച്ച 2,365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ആദ്യ ഗഡുവായി 1,655.85 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതിൽ ആനുപാതിക സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. കേരളത്തിലെ കാർഷിക മേഖലയിൽ അടുത്ത 5 വർഷം കൊണ്ട് പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കാലാവസ്ഥാനുപൂരകമായ കൃഷി രീതികൾ അനുവർത്തിക്കുന്നതിലൂടെ ഏകദേശം 4 ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും, 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിൽ സ്ത്രീകൾ നടത്തുന്ന ചെറുകിട, ഇടത്തരം കാർഷിക സംരംഭങ്ങൾക്കുള്ള വാണിജ്യ സഹായമായി 76 കോടി രൂപ പ്രത്യേക ധനസഹായവും ഉൾപ്പെടുന്നു.
കാർബൺ ബഹിർഗമനം കുറച്ചു കൊണ്ട് നെല്ലിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ ഉദ്ദേശത്തോടെ പദ്ധതി തുകയിൽ നിന്ന് 500 കോടി രൂപ മുതൽ മുടക്കി നെൽകൃഷി പ്രോത്സാഹിപ്പിക്കും. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കർഷകന്റെ സാങ്കേതിക- സാമ്പത്തിക-സാമൂഹിക ക്ഷേമ സംബന്ധമായ എല്ലാ വെല്ലുവിളികളെയും പങ്കാളിത്ത രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നേരിടാനുള്ള തുടക്കമെന്ന നിലയിൽ കൃഷി സമൃദ്ധി പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
തരിശിട്ടിരിക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷിയിറക്കുന്നതിനായി സർക്കാർ രൂപം നൽകിയ നവോത്ഥാൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്ന ക്രോപ്പ് കൾട്ടിവേറ്റേഴ്സ് കാർഡ് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ മൊത്തം കൃഷി ഭൂമിയിൽ ഏകദേശം 103,334 ഹെക്ടർ തരിശിട്ടിരിക്കുകയാണ്. ഇതിൽ 50,000 ഹെക്ടർ ഭൂമി അടുത്ത വർഷങ്ങളിൽ കൃഷിയോഗ്യമാക്കാൻ സാധിച്ചാൽ സംസ്ഥാനത്തിന്റെ പഴം, പച്ചക്കറി ഉൽപാദനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുകയും കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യാൻ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.