Field based farming will be implemented

വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കും

കേരളത്തിൽ വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കുമെന്നും കാർഷിക സർവകലാശാലയുടെ ഗവേഷണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക സർവകലാശാല തയ്യാറാക്കിയ പുസ്തകങ്ങളായ വിള പരിപാലന ശുപാർശകൾ 2024, കോൾ നിലങ്ങളുടെ അറ്റ്‌ലസ് എന്നിവ സെക്രട്ടേറിയേറ്റ് ലയം ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകൾ സാധാരണയായി ഇംഗ്ലീഷിലാണ് തയ്യാറാക്കുന്നത്. എന്നാൽ സാധാരണക്കാരായ കർഷകർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സാങ്കേതിക പദങ്ങൾ ലഘൂകരിച്ച് മലയാളത്തിൽ തയ്യാറാക്കിയ പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. പത്തുവർഷം മുൻപുള്ള കൃഷി രീതിയല്ല ഇന്ന്. കേരളത്തിൽ തന്നെ ഒരിടത്ത് നടപ്പിലാക്കുന്ന കൃഷിരീതി അതേപോലെ മറ്റൊരിടത്ത് നടപ്പാക്കാൻ കഴിയില്ല. ഭൂപ്രകൃതിയും കാലാവസ്ഥയും അടിസ്ഥാനമാക്കി മാറ്റങ്ങൾ അനിവാര്യമാണ്. കാർഷിക മേഖലയിൽ നടക്കുന്ന പഠനങ്ങൾ മണ്ണിന് ഗുണം ഉണ്ടാവണം എന്നതാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. പുതിയ വിവരങ്ങൾ അടങ്ങിയ പുസ്തകങ്ങൾ പുറത്തിറക്കുന്നതോടൊപ്പം ഉള്ളടക്കത്തിന്റെ അപ്‌ഡേറ്റും യഥാസമയം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

വിള അടിസ്ഥാനപ്പെടുത്തിയുള്ള കൃഷി രീതിയിൽ പ്രതിസന്ധികൾ ഏറെയാണ്. കാലാവസ്ഥയെ കണക്കിലെടുത്തു കൊണ്ടുള്ള കൃഷി രീതി മാത്രമേ കേരളത്തിൽ ഫലവത്തായി നടക്കുകയുള്ളൂ. ഉൽപ്പാദനത്തിൽ വരുന്ന കുറവ് വരുമാനത്തിൽ പ്രതിഫലിക്കും. കാലാനുസൃതമായ മാറ്റം വരുത്തി സാങ്കേതിക വിദ്യകളും മാറ്റങ്ങളും കൃഷിരീതിയിൽ പ്രായോഗികമാക്കണം. കാർഷിക മേഖലയിലെ പ്രതിസന്ധികൾ മറികടക്കാനുള്ള പരിഹാരരീതികളും വിള നഷ്ടം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളും ശാസ്ത്ര സമൂഹത്തിന്റെ പഠനങ്ങളിലുണ്ട്. 2017 പുറത്തിറക്കിയ വിള പരിപാലന ശുപാർശകൾ വളരെയേറെ പ്രയോജനപ്രദമായിരുന്നു. അതിനാലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ശുപാർശകളുടെ മലയാളം പതിപ്പ് വേണമെന്ന് സർവകലാശാലയോട് ആവശ്യപ്പെട്ടത്. കർഷകരുടെ ഭാഷയിൽ അവർക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ വിള പരിപാലന ശുപാർശകൾ തയ്യാറാക്കിയതിൽ കാർഷിക സർവകലാശാലയെ അഭിനന്ദിക്കുന്നതായൂം മന്ത്രി അറിയിച്ചു.