165 crore has been allocated for the development of rubber and coffee cultivation in Kerala under the Kera scheme

കേര പദ്ധതിയിൽ കേരളത്തിലെ റബ്ബർ, കാപ്പി കൃഷി വികസനത്തിന് 165 കോടി വകയിരുത്തി

കൃഷി വകുപ്പ് വേൾഡ് ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയിൽ 30000 ഹെക്ടർ റബർ കൃഷി വ്യാപനവും 1360 ഹെക്ടർ കാപ്പി കൃഷി വ്യാപനവും നടപ്പിലാക്കും. ഈ മേഖലകളുടെ സമഗ്ര വികസനത്തിനായി 165 കോടി മാറ്റിവെച്ചതായും കൃഷി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേരളത്തിൽ ഇതാദ്യമായാണ് റബ്ബർ കൃഷി വികസനത്തിന് ഇത്തരത്തിൽ തുക വകയിരുത്തുന്നതെന്നും നഴ്സറികളുടെ സഹായവും വിവിധ കർഷക വായ്പ പദ്ധതികളും കേര പദ്ധതിയിലൂടെ നടപ്പിലാക്കും. പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ എന്നിവ വിവിധ വകുപ്പുകളുടെയും പൊതുജന പങ്കാളിത്തത്തോടെയും നടപ്പിലാക്കും.
സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ജൈവ കാർഷിക മിഷൻ പദ്ധതിയിലൂടെ കേരളത്തിൽ സാധ്യമായ ഇടങ്ങളിലെല്ലാം ജൈവകൃഷി പ്രാവർത്തികമാക്കും. ജൈവകൃഷി രീതികൾ അവലംബിക്കുമ്പോൾ കാർഷിക ഉത്പാദനത്തിൽ ഭീമമായ ഇടിവ് സംഭവിക്കും എന്നത് മിഥ്യാധാരണയാണ്. എന്നാൽ ഉൽപ്പാദന ചിലവ് വർദ്ധിക്കും എന്നത് വസ്തുതയാണ്. അതിനാൽ തന്നെ കേരളത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമായി ഏറ്റെടുത്തുകൊണ്ട് തന്നെയാണ് കേരളഗ്രോ ബ്രാൻഡ് അവതരിപ്പിച്ചത്. നിലവിൽ കർഷകരുടെ ഏതാണ്ട് 800 ഓളം ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിൽ ഉൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷകരുടെ മൂല്യ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് ബ്രാൻഡ് ഷോപ്പുകൾക്ക് തുടക്കം കുറിച്ചത്. ഇത്തരത്തിൽ ഗുണമേന്മ ഉറപ്പുവരുത്തിയ ഉൽപ്പന്നങ്ങൾ സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നതിന് ആരംഭിച്ച കേരള ഗ്രോ ബ്രാൻഡ് ഷോപ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം ഒന്നാം തീയതി തിരുവനന്തപുരത്ത് നിർവഹിക്കുകയുണ്ടായി. കേരളഗ്രോ ഓർഗാനിക് കേരളഗ്രോ ഗ്രീൻ എന്നീ രണ്ട് വിഭാഗങ്ങളിലായി കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കും എന്ന് തിരുരങ്ങാടി എം.എൽ.എ. കെ പി മജീദ് ചുമതലപ്പെടുത്തിയ പ്രകാരം കാസർഗോഡ് എം.എൽ.എ. എൻ എ നെല്ലിക്കുന്ന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കൃഷിമന്ത്രി പറഞ്ഞു. ജൈവ കാർഷിക മിഷൻ പദ്ധതി നടപ്പിലാക്കുന്നതിനോടൊപ്പം ജൈവകൃഷി രീതികൾ അനുവർത്തിക്കുന്നവർക്ക് ജൈവ സർട്ടിഫിക്കേഷൻ ഉൾപ്പെടെ നടത്തുന്നതിനുള്ള സാമ്പത്തിക സഹായം നൽകി വരുന്നുണ്ട്. കൃഷിഭൂമിയുടെ വിസ്തൃതിക്ക് നുസരിച്ച് സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കാൻ 25000 മുതൽ 50000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതികൾ നിലവിൽ നടപ്പിലാക്കുന്നുണ്ട്.
പച്ചക്കറി സംവരണം നാളികേരസംഭരണം തുടങ്ങിയ മേഖലകളിൽ കൃഷിവകുപ്പ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. പച്ചക്കറിയുടെ സർക്കാർ പ്രഖ്യാപിത താങ്ങുവിലയെക്കാൾ വിപണി വില കുറഞ്ഞ എല്ലാ അവസരങ്ങളിലും സർക്കാർ പ്രത്യേക ഇടപെടലുകൾ നടത്തി കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ സംഭരിച്ചിട്ടുണ്ട്. കർഷകരിൽ നിന്നും സംഭരിച്ച ഉൽപ്പന്നങ്ങൾക്ക് കഴിഞ്ഞ ജൂലൈ വരെയുള്ള മുഴുവൻ തുകയും ഹോർട്ടികോർപ് നൽകിയിട്ടുണ്ട്. നാളികേരത്തിന് വിപണിയിൽ ഇപ്പോൾ നല്ല വില കർഷകന് ലഭിക്കുന്നുണ്ട്. കേരളത്തിൽ എവിടെയെങ്കിലും നാളികേര സംഭരണ ആവശ്യമുള്ളതായി ശ്രദ്ധയിൽപ്പെടുത്തിയാൽ നാളികേരസംഭരണത്തിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

കേരളത്തിൽ 2017 മുതൽ റീ ബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മില്ലറ്റ് വില്ലേജ് പദ്ധതി പാലക്കാട് അട്ടപ്പാടിയിൽ നടപ്പിലാക്കിയിട്ടുള്ളത്. പശ്ചിമ മേഖലയുടെ പ്രത്യേകതയും അട്ടപ്പാടിയുടെ പ്രാധാന്യവും കണക്കിലെടുത്ത് അവിടെ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കൂടുതൽ വിപണനം നടത്തുന്നതിന് നിലവിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി ചെറുതാന്യ വിഭവങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന മില്ലറ്റ്‌ കഫെകൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉള്ളൂരിൽ പ്രവർത്തനമാരംഭിച്ച മില്ലറ്റ് കഫെയിൽ സ്വാദിഷ്ടമായ മില്ലറ്റ് വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ആദിവാസികൾ ഉൾപ്പെടെ ചെറുധാന്യ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ സഹായിക്കുന്നതിനാണ് ഇത്തരത്തിൽ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതി ആവശ്യമായ ജീവനക്കാരെ ഉപയോഗിച്ച് ശാസ്ത്രീയമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കും ശ്രീ എം ഷംസുദ്ദീൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ജൈവ സർട്ടിഫിക്കേഷന് 150 ലക്ഷം, ഉത്തമ കൃഷി മുറകൾ അനുവർത്തിക്കുന്ന ക്ലസ്റ്ററുകൾക്ക് 100 ലക്ഷം, PGS സർട്ടിഫിക്കേഷൻ 100 ലക്ഷം, വി.എഫ്.പി.സി.കെ. മുഖേനെ നടപ്പിലാക്കുന്ന ജൈവ പഴം പച്ചക്കറി ഉൽപാദനത്തിന് 49 ലക്ഷം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്നുണ്ട്. കേരള ഗ്രോ ഓർഗാനിക് ബ്രാൻഡിൽ ഇതിനോടകം തന്നെ 15 ഉൽപ്പന്നങ്ങൾ വിപണനത്തിനായി തയ്യാറായിട്ടുണ്ട്, ഉത്തമ കൃഷി മുറകൾ പാലിച്ചു കൃഷി ചെയ്ത 11 ഉൽപ്പന്നങ്ങൾക്ക് കേരള ഗ്രോ ഗ്രീൻ ബ്രാൻഡ് അനുവദിച്ചിട്ടുണ്ട്. മലപ്പുറം എം.എൽ.എ. പി ഉബൈദുള്ള ഉന്നയിച്ചു ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

ജൈവകൃഷി പ്രോത്സാഹനം സുരക്ഷിത ഭക്ഷണം ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജൈവ കാർഷിക മിഷനോടൊപ്പം തന്നെ പോഷകസമൃദ്ധി മിഷനും കൃഷിവകുപ്പ് നടപ്പിലാക്കുന്നുണ്ട്. കേരളത്തിലെ എല്ലാ വകുപ്പുകളുടെയും പ്രത്യേകിച്ച് ആരോഗ്യം തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവരുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന പോഷക സമൃദ്ധി മിഷൻ, പൊതുജന പങ്കാളിത്തത്തോടുകൂടി പ്രാവർത്തികമാക്കി കേരള ജനതയെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് കൃഷിവകുപ്പ് രൂപം കൊടുത്തിരിക്കുന്നത്. ചാത്തന്നൂർ എം.എൽ.എ. ജി എസ് ജയലാൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

കൊച്ചി കോർപ്പറേഷനിൽ 13 വില്ലേജ് ഓഫീസുകൾ ഉള്ള സ്ഥാനത്ത് വൈറ്റിലയിലെ ഒരേയൊരു കൃഷിഭവൻ മുഖേനയാണ് പ്രവർത്തികൾ ഏകോപിപ്പിക്കുന്നതെന്നും ഭൂമി തരംമാറ്റ അപേക്ഷകൾ നിലവിൽ കെട്ടിക്കിടക്കുകയാണെന്നും പടിഞ്ഞാറെ കൊച്ചിയിൽ പുതിയ കൃഷിഭവൻ അനുവദിക്കണമെന്നും എറണാകുളം എം.എൽ.എ. റ്റി ജെ വിനോദ് ആവശ്യപ്പെട്ടു. തരം മാറ്റ് അപേക്ഷകൾ തീർപ്പാക്കുന്നതിന് വേണ്ടി കൃഷി ഓഫീസ് സംവിധാനം ഒരുക്കുന്നത് പ്രയാസമുള്ള കാര്യമാണെന്നും, കൊച്ചി കോർപ്പറേഷനിലെ കൃഷി മറ്റ് അനുബന്ധ നിയമപരമായ കാര്യങ്ങൾക്കുമായി കൂടുതൽ ജീവനക്കാരെ ആവശ്യമെങ്കിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മറുപടിയിൽ അറിയിച്ചു.