Agriculture Department to ensure citizen participation: Meetings will now be broadcast online

പൗരപങ്കാളിത്തം ഉറപ്പാക്കാൻ കൃഷി വകുപ്പ് : യോഗങ്ങൾക്ക് ഇനി ഓൺലൈൻ പ്രക്ഷേപണം

സംസ്ഥാനത്ത് കാർഷിക മേഖലയിൽ നടപ്പാക്കുന്ന കർഷകക്ഷേമവുമുൾപ്പെട്ട വിവിധ പദ്ധതികളിലും പ്രവർത്തനങ്ങളിലും പൊതുജന വിശ്വാസം വർദ്ധിപ്പിക്കുക, കൃഷി വകുപ്പിൻറെ വിവിധ നടപടിക്രമങ്ങളിൽ പൗരപങ്കാളിത്തം വർധിപ്പിക്കുക, പ്രവർത്തങ്ങൾക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് കൃഷി വകുപ്പ് രൂപം നൽകിയ വെളിച്ചം പദ്ധതിക്ക് (VELICHAM – Virtual Engagement for Leveraging Interactive Community Honed Agriculture Management ) സംസ്ഥാനത്ത് തുടക്കമായി. പൊതുജനങ്ങൾക്ക് കൃഷി വകുപ്പിൽ നടക്കുന്ന തിരഞ്ഞെടുത്ത യോഗങ്ങളുടെ പൊതു പ്രക്ഷേപണമാണ് വെളിച്ചം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യോഗങ്ങളുടെ പൊതു പ്രക്ഷേപണം വഴി വകുപ്പിനെ സംബന്ധിച്ചു പൗരന്മാർക്കിടയിൽ അവബോധം വളർത്തുന്നതിനും കാർഷിക ഭരണ പ്രക്രിയയിൽ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാവും.

പ്രാരംഭ ഘട്ടത്തിൽ വെളിച്ചം പദ്ധതിയുടെ ഭാഗമായി വകുപ്പ് തല അവലോകന യോഗങ്ങൾ, സർക്കാർ നയങ്ങൾ സംബന്ധിച്ച ചർച്ചകൾ,കർഷക സംഘടനകളുമായുള്ള യോഗങ്ങൾ, വകുപ്പിന്റെ പുതിയ നയങ്ങളും പദ്ധതികളും സംബന്ധിച്ച പബ്ലിക് കൺസൾട്ടേഷനുകൾ,കൃഷി വകുപ്പിന്റെ പ്രധാന പദ്ധതികൾ/സംരഭങ്ങൾ സംബന്ധിച്ച യോഗങ്ങൾ എന്നിവയാണ് ഓൺലൈനായി നടത്തപ്പെടുന്ന യോഗങ്ങൾ പ്രക്ഷേപണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വകുപ്പിന്റെ പ്രവർത്തനങ്ങളിലെ തന്ത്രപ്രധാനമായ വിവരങ്ങൾ ഉൾപ്പെടുന്ന യോഗങ്ങൾ പ്രക്ഷേപണം ചെയ്യില്ല. ഉദ്യോഗസ്ഥർക്ക് ഏതൊക്കെ യോഗങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടണമെന്നത് തീരുമാനിക്കുന്നതിനുള്ള ഓപ്ഷൻ സ്വീകരിക്കുവാൻ സാധിക്കും. വിവരാവകാശ നിയമത്തിനു കീഴിൽ വ്യക്തികൾ അഭ്യർത്ഥിക്കാതെ തന്നെ ചില വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന Proactive disclosure സംവിധാനത്തെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.

പ്രസ്തുത പദ്ധതി വഴി സുതാര്യതയും പൊതു ഇടപഴകലും വർദ്ധിപ്പിക്കുന്നതിനൊപ്പം സർക്കാർ പ്രവർത്തനങ്ങളെക്കുറിച്ചും കൃഷി വകുപ്പിലെ വിവിധ വകുപ്പുകളുടെയും ഡയറക്‌ടറേറ്റുകളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം വർധിപ്പിക്കും. തത്സമയ സ്ട്രീമിംഗ് പൊതുജന പങ്കാളിത്തം പ്രാപ്തമാക്കി വ്യക്തികൾക്ക് അവരുടെ അഭിപ്രായങ്ങൾ പങ്കിടാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും കഴിയും. ഈ നടപടികൾ വകുപ്പിന്റെ തീരുമാനമെടുക്കൽ പ്രക്രിയയിൽ കൂടുതൽ പൗരന്മാരുടെ പങ്കാളിത്തം വളർത്തുന്നു. കൂടാതെ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നയരൂപീകരണവും പദ്ധതി നിർവഹണത്തിൽ നിർണായക പങ്ക് വഹിക്കുന്നതു കൂടാതെ സുതാര്യവും പങ്കാളിത്തവുമുള്ള ഭരണ ചട്ടക്കൂട് സൃഷ്ടിക്കുന്നതിന് സഹായമാകും

വെളിച്ചം പദ്ധതി സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, സംസ്ഥാനത്തു പൗരകേന്ദ്രീകൃത ഭരണ മികവിന്റെ മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നു. സുതാര്യതയ്ക്കും പൗരന്മാരുടെ ഇടപഴകലിനും മുൻഗണന നൽകുന്നതിലൂടെ, അത് കേരളത്തിൻ്റെ കാർഷിക മേഖലയിൽ കൂടുതൽ ചലനാത്മകമായ പ്രവർത്തനങ്ങളും അവലോകനകളും ഉണ്ടാകുകയും അത് സുസ്ഥിര കാർഷിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് നിർണായക പങ്ക് വഹിക്കുകയും ചെയ്യും.