ആറ്റുമൺപുറം നീർത്തട പദ്ധതി ആസ്തികൈമാറ്റം
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാർഡിന്റെ സാമ്പത്തിക സഹായത്തോടു കൂടി റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) 25-ആം ഘട്ടത്തിൽ ഉൾപ്പെടുത്തി 96.62 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ ആറ്റുമൺപുറം നീർത്തട പദ്ധതിയിൽ പൂർത്തീകരിച്ച പ്രവർത്തികളുടെ ആസ്തികൈമാറ്റം ഓൺലൈനായി നടത്തി. മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യുന്നത് പോഷകസമ്പുഷ്ടമായ ഭക്ഷണത്തിലൂടെയാണ്. വികസനം എന്നത് റോഡുകളും, പാലങ്ങളും എല്ലാം ഉൾപ്പെട്ട് വരുന്നതാണെങ്കിലും അതിനേക്കാളൊക്കെ പ്രാധാന്യമുള്ളത് കാർഷിക മേഖലയിലെ വികസനപ്രവർത്തനങ്ങൾ തന്നെയാണ്. കൃഷിയിലൂടെ ഉല്പാദിപ്പിച്ചെടുക്കുന്ന ഭക്ഷണംതന്നെയാണ് മനുഷ്യന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം. കൃഷി ചെയ്തല്ലാതെ പോഷകസമൃദ്ധമായ ഭക്ഷണം എന്നത് അസാധ്യമാണ്. കാർഷിക മേഖലയിലെ പ്രതിസന്ധികൾ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ നടപ്പിലാക്കിയാൽ മാത്രമേ സമഗ്രമായി പരിഹരിക്കാൻ സാധിക്കുകയുള്ളു. അത്തരത്തിലുള്ള ഒരു സമഗ്ര ഇടപെടലാണ് ആറ്റുമൺപുറം പദ്ധതിയിലൂടെ നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. 281 ഹെക്ടർ വിസ്തൃതിയിലുള്ള കാർഷിക പ്രദേശങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാവുക. നൂറുകണക്കിന് കർഷകർക്കാണ് ഈ അടിസ്ഥാനവികസന പ്രവർത്തനങ്ങൾ പ്രാവർത്തികമായതോടെ കൃഷി മേഖലയിൽ സജീവമാകാൻ കഴിഞ്ഞത് മന്ത്രി കൂട്ടിച്ചേർത്തു. RIDF പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ കേരളത്തിലുടനീളം നടപ്പിലാക്കും. കൃഷിയിട ആസൂത്രണം നടപ്പിലാക്കേണ്ടത് കൃഷിയിടത്തിൽ കർഷകരുടെ കൂടിയാലോചനയോടുകൂടി ആവണം. വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള പ്രശ്‍നങ്ങൾ നിലനിൽക്കുന്ന മേഖലയാണ് വിതുരയെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ എങ്ങനെ ഫലപ്രദമായി അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയും എന്നതിൽ സ്വീകരിക്കാൻ സാധിക്കുന്ന നടപടികൾ സ്വീകരിച്ച് വിതുര പഞ്ചായത്തിലെ കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. കൃഷി മന്ത്രിയുടെ അഭാവത്തിൽ ആസ്തി സംബന്ധിച്ച ഔദ്യോഗിക രേഖകൾ അരുവിക്കര എം എൽ എ. അഡ്വ. ജി. സ്റ്റീഫൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദിന് കൈമാറി.
തിരുവനന്തപുരം അരുവിക്കര നിയോജകമണ്ഡലത്തിൽ നെടുമങ്ങാട് താലൂക്കിലെ വെള്ളനാട് ബ്ലോക്കിൽ ഉൾപ്പെട്ട വിതുര ഗ്രാമ പഞ്ചായത്തിലെ മണലി, കല്ലാർ വാർഡുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. മണലി വാർഡിലെ കലത്തോട്, തണ്ണിപ്പെട്ടി, കൊമ്പ്പാൻകല്ല്, പെരുംപാറയടി, മുരുക്കുംകാല, ആറ്റുമൺപുറം, വേങ്ങത്താര, കല്ലൻകുടി, തലതൂത്തക്കാവ് , ഇലവൻമുട്, അല്ലത്താര, ചാരുപാറ, പെണ്ണങ്കപ്പാറ, പൊങ്ങൻമരുതുംമുട്, ഇടിമുടങ്ങ്, ഇടമൺപുറം, കല്ലാർ വാർഡിലെ മൊട്ടമുട, മുല്ലമൂട് എന്നീ ഭാഗത്തുള്ള ഗോത്ര കുടിയേറ്റ പ്രദേശങ്ങളിലുള്ള മണ്ണ് ജല സംരക്ഷണവും ജൈവ സമ്പത്തിന്റെ പരിപാലനവും ലക്ഷ്യമാക്കിയാണ് ടി പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് മന്ത്രി പറഞ്ഞു.
2020 ഒക്ടോബർ 31-ന് മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവൃഹിച്ച പദ്ധതിയിൽ കാർഷിക ഭൂമിയിലെ മണ്ണ് ജല സംരക്ഷണ പ്രവൃത്തികളായ കല്ല് കയ്യാല (42244.94 ച.മീ), ജൈവവേലി (2025 മീറ്റർ), റബ്ബർ തടം (1911 എണ്ണം) കുടിവെള്ളത്തിനും കൃഷിയ്ക്കും വേണ്ടിയുള്ള കിണർ നിർമാണം (10 എണ്ണം) എന്നീ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ പദ്ധതി പ്രദേശത്തെ നീർച്ചാലുകളുടെ സംരക്ഷണത്തിനായി ഇ-ടെൻഡർ മുഖേന സംരക്ഷണഭിത്തി (255.70 മീറ്റർ), തടയണ (1 എണ്ണം), കാട്ടുകല്ല് ഉപയോഗിച്ചുള്ള പാർശ്വഭിത്തി (79.15 മീറ്റർ), നടപ്പാലം (3 എണ്ണം) എന്നിവയും നിർമിച്ചിട്ടുണ്ട്. ടി നീർത്തടപ്രദേശത്ത് മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾ നടപ്പിലാക്കിയതിലൂടെ കാർഷികാഭിവൃദ്ധി കൈവരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിനും സാധിച്ചിട്ടുണ്ട്.