ചെറുമല- പാലക്കത്തടം നീർത്തട പദ്ധതി ആസ്തി കൈമാറി
പഴവർഗകൃഷി ഈ വർഷം 200 ക്ലസ്റ്ററുകളിലെത്തും
പഴവർഗങ്ങളുടെ കൃഷി ലാഭകരമാക്കാൻ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷി തുടങ്ങി. ഈവർഷം സംസ്ഥാനം 200 ക്ലസ്്റ്ററുകളിലേക്ക് എത്തും. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ചെറുമല- പാലക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റ ചടങ്ങ് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു. പഴവർഗകൃഷിയുടെ 200 ക്ലസ്റ്ററുകളിലൊന്നു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അനുവദിക്കും.
പഴവർഗങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ലാഭകരമായി നടപ്പാക്കാൻ പറ്റിയ കൃഷിയാണിത്. മണ്ണറിഞ്ഞും നാടറിഞ്ഞും കാലവസ്ഥയറിഞ്ഞും ലാഭകരമായ കൃഷി നടത്താനുള്ള ആസൂത്രമാണ് വേണ്ടത്. കൃഷിയുടെ ആസൂത്രണം നടക്കേണ്ടത് കൃഷിയിടങ്ങളിലാണ്. കർഷകന്റെ സംരക്ഷണം സമൂഹത്തിന്റെയും സർക്കാരുകളുടെയും ഉത്തരവാദിത്തമായി മാറണം. കർഷകന് അന്തസാർന്ന ജീവിതം നയിക്കാനായാൽ മാത്രമേ കൃഷിയിൽ നിലനിൽക്കാനാവൂ.
കാലാവസ്ഥ വ്യതിയാനമാണ് കാർഷികമേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കാലാവസ്ഥ വ്യതിയാനം കെട്ടുകഥയാണെന്ന മട്ടിലുള്ള പ്രചാരണങ്ങളാണ് നടന്നിട്ടുള്ളത്. എന്നാൽ ഇന്നതു നമ്മുടെ മുന്നിലുള്ള യാഥാർഥ്യമാണ്. ചെറിയ സമയത്തിനുള്ളിൽ കാലാവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റങ്ങൾ പഴയ തലമുറയുടെ പോലും ഓർമയിൽ ഇല്ലാത്ത കാര്യമാണ്.
സംസ്ഥാന മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നബാർഡിന്റെ ധനസഹായത്തോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പാറത്തോട് ഗ്രാമ പഞ്ചായത്തിലെ 6, 7, 8, 9, 13, 14, 15 വാർഡുകളിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിന്റെ ഏതാനും ഭാഗങ്ങളിലുമായി 542 ഹെക്ടർ സ്ഥലത്താണ് ചെറുമല- പാലയ്ക്കാത്തടം നീർത്തട പദ്ധതി പൂർത്തീകരിച്ചത്. 145.87 ലക്ഷം രൂപയുടെ ആസ്തി നിർമാണത്തിനൊപ്പം തദ്ദേശീയർക്കായി തൊഴിൽദിനങ്ങളും സൃഷ്ടിച്ചു. ഇനി ആസ്തിയുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിനാണ്. ചടങ്ങിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ആസ്തികൈമാറ്റരേഖ ഏറ്റുവാങ്ങി.