SFAC Kerala - Organized face-to-face program for Farmer Producer Company (FPC) representatives

SFAC കേരള – ഫാർമർ പ്രൊഡ്യൂസർ കമ്പനി (FPC) പ്രതിനിധികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

രാഷ്ട്രീയ കൃഷി വികാസ് യോജന എഫ്.പി.ഒ പ്രൊമോഷൻ സ്കീം 2019-2020 പ്രകാരം രൂപീകരിക്കപ്പെട്ട ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ കമ്പനികൾക്ക് വേണ്ടിയുള്ള ദ്വിദിന ശില്പശാല 13.08.24, 14.08.24 തിയ്യതികളിൽ ശ്രീകാര്യം മരിയ റാണി സെന്ററിൽവെച്ച് എസ്. എഫ്. എ. സി. കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. തദവസരത്തിൽ കർഷക ഉത്പാദക സംഘടനകളുടെ പ്രതിനിധികൾക്കായി കൃഷി മന്ത്രിയുമായി മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻമാരും, CEO മാരും, ATMA പ്രൊജക്റ്റ് ഡയറക്ടർമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. കാർഷിക മേഖലയിൽ കർഷക ഉത്പാദക കമ്പനികളുടെ പ്രാധാന്യത്തെപ്പറ്റിയും, FPO കളുടെ രൂപീകരണത്തിലും നടത്തിപ്പിലും പ്രാദേശികമായി ഉണ്ടാകാറുള്ള പ്രതിസന്ധികളെയും പ്രായോഗികമായ പരിഹാരമാർഗങ്ങളെപ്പറ്റിയും യോഗത്തിൽ ചർച്ചനടത്തി. കൃഷി വകുപ്പ് പുതുതായി ആരംഭിക്കുന്ന നാവോ-ധാൻ പദ്ധതിയിലൂടെ കാലാകാലങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന കേരളത്തിലെ തരിശു ഭൂമികളെ കാർഷികയോഗ്യമാക്കുന്ന നടപടികളെ കുറിച്ച് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത്. എൻ. ഐ.എ.എസ്. വിശദീകരിച്ചു. FPO കളുടെ രൂപീകരണത്തിൽ കൃഷിക്കൂട്ടങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സാബിർ ഹുസൈൻ ചർച്ചാക്ലാസ്സ് നയിച്ചു. FPO കളുടെ ശാക്തീകരണത്തിൽ സർക്കാരിന്റെ നയങ്ങൾ എന്ന വിഷയത്തിൽ കൃഷി വകുപ്പിന്റെ പരിപൂർണ്ണ പിന്തുണ FPO പ്രവർത്തനങ്ങളിൽ ഉണ്ടാകും എന്ന് അറിയിച്ച മന്ത്രി പങ്കെടുത്ത 48 പ്രതിനിധികളുമായി മുഖാമുഖം പരിപാടിയിൽ സംവദിച്ചു. FPO കളുടെ ശാക്തീകരണത്തിലൂടെ മാത്രമേ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി മൂല്യം ഉയർത്താൻ കഴിയൂ എന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. FPO കൾ രൂപീകരിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും കാർഷിക പുരോഗതിയിൽ കൂട്ടായ്മ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് കൃഷി വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള ഐ.എ.എസ്. സംസാരിച്ചു. RKVY പ്രൊമോഷൻ സ്കീം മുഖേനെ SFAC കഴിഞ്ഞ 3 വർഷമായി നടത്തിയ പ്രവർത്തനങ്ങളുടെ പുരോഗതി റിപ്പോർട്ട് കൃഷി മന്ത്രി വകുപ്പ് ഡയറക്ടർക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.