‘കതിർ’ ആപ്പ് – കാർഷിക സേവനങ്ങൾക്കൊരു ഏകജാലക സംവിധാനം
കേരളത്തിന്റെ കാർഷിക മേഖലയുടെ പുരോഗതിക്ക് വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടു കൃഷി വകുപ്പ് തയ്യാറാക്കുന്ന പ്ലാറ്റ്ഫോമാണ് കതിർ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) ആപ്പ്. കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോർട്ടലാണ് കതിർ. കർഷകർക്ക് വളരെ എളുപ്പത്തിലും സുതാര്യമായും സമയോചിതമായും സേവനങ്ങൾ എത്തിക്കുവാനും കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം കൃഷിയിടത്തിൽ ചിലവഴിക്കുവാനും ഈ സോഫ്റ്റ്‌വെയർ സഹായകരമാകും. കൂടാതെ ഈ സോഫ്റ്റ്‌വെയർ കൃഷി വകുപ്പിനെ പേപ്പർരഹിത ഓഫീസിലേക്ക് നയിക്കുകയും ചെയ്യും. വെബ് പോർട്ടലായും മൊബൈൽ ആപ്ലിക്കേഷനായും രൂപപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്‌വെയർ തികച്ചും കർഷകസഹൃദമായി കർഷകർക്ക് വിവിധ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അവ നേടുന്നതിനും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഈ സംവിധാനം പ്രവർത്തിക്കും. കേന്ദ്ര ഡിജിറ്റൽ കാർഷിക മിഷന്റെ ഭാഗമായി വികസിപ്പിച്ചിട്ടുള്ള അഗ്രി സ്റ്റാക്കിന്റെ ഘടനയോട് സമാന്തരമായി പോകുന്ന കതിർ സോഫ്റ്റ്‌വെയർ, കാർഷിക കാർഷികേതര വിഭവ സ്രോതസ്സുകളുടെ വിവരശേഖരണം നടത്തുകയും അത് വഴി നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനും, കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്ക് ഉപകരിക്കുന്ന തരത്തിലുമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകൾ നൽകുക വഴി അപകട സാധ്യത കുറക്കുക, കർഷകർക്ക് കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപദേശ സേവനങ്ങളും സമയോചിതമായി നൽകുക, കാർഷിക മേഖലയുടെ വിവിധ തലങ്ങൾ മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഒരൊറ്റ പ്ലാറ്റ്ഫോമിൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഏകീകരിക്കുക, വ്യത്യസ്ത കാർഷിക ആവാസ വ്യവസ്ഥകളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും, കർഷകരുടെ കാർഷിക വിവരങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിനും കൃത്രിമ ബുദ്ധി, റിമോട്ട് സെൻസിംഗ് എന്നിവയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുക, ഓരോ മേഖലയിലും കാലാവസ്ഥാധിഷ്ഠിതമായ തരത്തിൽ അനുയോജ്യമായ വിള കണ്ടെത്തുക, വിള വിസ്തീർണ്ണം, വിളവ് എന്നിവ കണക്കാക്കൽ, സുഗമമായ വിതരണ ശൃംഖലയും, മികച്ച സേവനവും ഉറപ്പാക്കുന്നതിന് മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക, കാർഷിക യന്ത്രവൽക്കരണവും മനുഷ്യ വിഭവശേഷി ലഭ്യതയും മനസ്സിലാക്കി മികച്ച ആസൂത്രണത്തിലൂടെ ആവശ്യാനുസരണം അവ ലഭ്യമാക്കുക, സർക്കാർ അനുകൂല്യങ്ങളുടെയും പദ്ധതികളുടെയും ഫലപ്രദമായ നടപ്പാക്കലും നിരീക്ഷണവും എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.
കതിർ 3 ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ കർഷകർക്ക് നൽകുന്ന സേവനങ്ങൾ ഇവയാണ്.
1. കാലാവസ്ഥാ വിവരങ്ങൾ
കർഷകരുടെ വിവര ശേഖരണത്തിന് ശേഷം ഓരോ കർഷകന്റെയും വിള അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ കാലാവസ്ഥാ നിർദ്ദേശങ്ങളും രോഗ കീട നിയന്ത്രണ നിർദ്ദേശങ്ങളും മൊബൈൽ നോട്ടിഫിക്കേഷനായി ലഭ്യമാക്കുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങളും മുന്നറിയിപ്പുകളും കർഷകന് ലഭ്യമാകും.
2. മണ്ണ് പരിശോധനാ സംവിധാനം
കൃഷിയിടത്തിലെ മണ്ണിന്റെ നിലവിലെ പോഷകനില സംബന്ധിച്ച വിവരങ്ങൾ കർഷകന് നൽകും. കർഷകന് സ്വയം മണ്ണ് സാമ്പിൾ ശേഖരിക്കുവാനും, സാമ്പിൾ വിവരങ്ങൾ പോർട്ടലിലേക്ക് നൽകുവാനും സാധിക്കും. ആവശ്യമെങ്കിൽ മണ്ണ് സാമ്പിൾശേഖരിക്കുന്നതിനായി കൃഷിഉദ്യോഗസ്ഥർക്ക് വിവരം നൽകുവാനും സാധിക്കും. മണ്ണ് സാമ്പിളുകളുടെ പരിശോധനാഫലം എത്തിക്കുന്നതിനോടൊപ്പം പൊതുവായ ഓൺലൈൻ ഭൂപടത്തിലേക്കും വിവരങ്ങൾ നൽകുന്നു.
3. പ്ലാന്റ് ഡോക്ടർ സംവിധാനം
കീടങ്ങളും, രോഗങ്ങളും സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു. കർഷകർക്ക് ചിത്രങ്ങൾ എടുത്ത് കൃഷി ഓഫീസർക്കു അയക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
4. കാർഷിക പദ്ധതി വിവരങ്ങൾ
കേരള സർക്കാരിന്റെ കാർഷിക പദ്ധതികളിലെ ആനുകൂല്യങ്ങൾ നേടുന്നതിനുള്ള ഒറ്റ ക്ലിക്ക് അപേക്ഷാ സംവിധാനം. കൃഷി സമൃദ്ധി പദ്ധതിയിൽ കർഷകരുടെയും കർഷക ഗ്രൂപ്പുകളുടെയും വിവര ശേഖരണം നടത്തുന്നു.
5. വകുപ്പിന്റെ പ്രോഗ്രാമുകൾ, ഇവന്റുകൾ സംബന്ധിച്ച വിവരങ്ങൾ
കൃഷിവകുപ്പിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതികൾ, കാമ്പയിനുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇതിലൂടെ കർഷകർക്ക് ലഭിക്കും. സംസ്ഥാനത്തിലും രാജ്യാന്തരതലത്തിലും നടക്കുന്ന പ്രധാന കാർഷിക പരിപാടികൾ സംബന്ധിച്ച വിവരങ്ങളും പോർട്ടലിലൂടെ കർഷകർക്ക് മനസ്സിലാക്കാം.
കൃഷിക്കാവശ്യമായ വിത്ത്, വളം തുടങ്ങിയ ഉത്പാദനോപാധികളുടെ ലഭ്യത, കാർഷിക യന്ത്രങ്ങളുടെയും മാനവ വിഭവശേഷിയുടെയും ലഭ്യത, സേവനങ്ങൾ പൂർണ തോതിൽ കർഷകരിലേക്കെത്തിക്കൽ, വിപണി വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങൾ രണ്ടാം ഘട്ടത്തിലും, വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിനുള്ള നഷ്ടപരിഹാരം, ഗുണനിലവാരമുള്ള കർഷകരുടെ ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടങ്ങിയ സേവനങ്ങൾ മൂന്നാം ഘട്ടത്തിലും കതിർ പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തി കർഷകരിലേക്കെത്തിക്കും.
കതിർ ആപ്പ് കർഷകർക്ക് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ചിങ്ങം ഒന്നു മുതൽ കതിർ ആപ്പിന്റെ ആദ്യഘട്ട സേവനങ്ങൾ കർഷകർക്ക് ലഭ്യമായി തുടങ്ങും. മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി ക്യൂ.ആർ. കോഡും കൃഷിവകുപ്പ് വികസിപ്പിച്ചിട്ടുണ്ട്. തികച്ചും കർഷക സൗഹൃദമായ കതിർ ആപ്പ് നമ്മുടെ കർഷകരുടെ വിവിധ ആവശ്യങ്ങൾ കാലവിളംബം കൂടാതെ നടപ്പിലാക്കുന്നതിനുള്ള ഒരു സംവിധാനം കൂടിയാണ്.
കാർഷിക അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ പുരോഗതി നമ്മുടെ എല്ലാ കർഷകരും സ്വായത്തമാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യണം. ഉത്പാദനോപാധികൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കാർഷിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും അതുവഴി ഉത്പാദനക്ഷമത വർധിപ്പിക്കുന്ന ഇത്തരം സാങ്കേതികവിദ്യകൾ നമ്മുടെ കർഷകരെ സഹായിക്കും. വിളവ് വർദ്ധിക്കുന്നതോടൊപ്പം വിള പരിപാലന ചെലവ് കുറയുന്നത് കർഷകരുടെ വരുമാന വർദ്ധനവിന് കാരണമാകും. വർദ്ധിച്ചുവരുന്ന ഭക്ഷ്യോത്പന്നങ്ങളുടെ ആവശ്യകതയെ പൂർത്തീകരിക്കാൻ കഴിയുന്ന ഉത്പാദനക്ഷമതയും സുസ്ഥിരവുമായ കാർഷിക അഭിവൃദ്ധിയും മലയാളിക്ക് പ്രദാനം ചെയ്യുന്ന സാങ്കേതിക വിദ്യയിലേക്കുമുള്ള ഒരു ചുവടുവയ്പാവും കതിർ ആപ്പ്.
https://play.google.com/store/apps/details?id=com.vassar.aims