ഓണത്തിനൊരുമുറം പച്ചക്കറി സെക്രട്ടറിയേറ്റ് അങ്കണത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു
സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രിമാർ ചേർന്ന് പച്ചക്കറി തൈകൾ നട്ടു കൊണ്ട് സെക്രട്ടറിയേറ്റ് അങ്കണത്തിലെ ഉദ്യാനത്തിൽ നിർവഹിച്ചു. ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക, കൂടാതെ സുരക്ഷിത പച്ചക്കറി ഉല്പാദനം കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മലയാളികളുടെ ദേശീയ ഉൽസവമായ ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണ് ‘ ഓണത്തിനൊരുമുറം പച്ചക്കറി. സുരക്ഷിത പച്ചക്കറി ഉല്പാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി 2024-25 സാമ്പത്തിക വർഷം നടപ്പിലാക്കുന്നത്. വിപണിയിൽ നാടൻ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും, ഓണ വിപണിയിൽ ഉണ്ടായേക്കാവുന്ന പച്ചക്കറി വിലക്കയറ്റത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനും ടി പദ്ധതിക്ക് മുൻ വർഷങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകൾ വഴി സൗജന്യമായി നൽകുന്നു. കർഷകർ, കൃഷിക്കൂട്ടങ്ങൾ,
വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീകൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന പച്ചക്കറി വികസന പദ്ധതിയുടെ ഘടകമായാണ് മേൽ പദ്ധതി നടത്തപ്പെടുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 6045 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് പച്ചക്കറി വികസന പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1 ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, 50 ലക്ഷം സങ്കരയിനം പച്ചക്കറി തൈകളും വിതരണം നടത്തുന്നു. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി 4
മുതൽ 5 വരെ പച്ചക്കറി വിത്തിനങ്ങൾ അടങ്ങിയ 25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, 40 ലക്ഷം പച്ചക്കറി തൈകളും, വിവിധ മാധ്യമങ്ങൾ മുഖേന 3 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ 1 ലക്ഷം തൈകളും പൂർണ്ണമായും സൗജന്യമായി വിതരണം നടത്തുന്നു. ഓരോ വീട്ടുവളപ്പിലും പോഷകത്തോട്ടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടൊ സംസ്ഥാനത്തൊട്ടാകെ 1 ലക്ഷം പോഷകത്തോട്ടങ്ങൾ നിർമ്മിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
കൂടാതെ സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ സാധിക്കാത്ത കർഷകർക്ക് മട്ടുപ്പാവ് കൃഷിയ്ക്കായി 8000 യൂണിറ്റ് മൺചട്ടി/ HDPE ചട്ടികളിൽ 25 എണ്ണം വിവിധ ഇനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ച് നൽകി വരുന്നു. ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി വീട്ടുവളപ്പിൽ നിന്നും തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി 100 സ്ക്വയർ മീറ്ററിന് 50,000/- രൂപ ധനസഹായത്താൽ 30000 സ്ക്വയർ മീറ്ററിൽ മഴമറ കൃഷി നടപ്പിലാക്കുന്നു. സർക്കാർ/സർക്കാരിതര/സ്വകാര്യ സ്ഥാപനങ്ങളിൽ പ്രോജക്ട് അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഹെക്ടറൊന്നിന് 1ലക്ഷം രൂപ ധനസഹായത്തിൽ 203 ഹെക്ടർ സ്ഥലത്ത് കൃത്യതാ കൃഷി നടപ്പിലാക്കുന്നു. ഇതു കൂടാതെ കുറഞ്ഞത് 3 മുതൽ 5 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് ക്ലസ്റ്റർ ഘടകത്തിൽ ഉൾപ്പെടുത്തി 1.25 ലക്ഷം ധനസഹായം നൽകുന്നു. ക്ലസ്റ്ററുകളിൽ ഉൾപ്പെടാതെ കൃഷി ചെയ്യുന്ന കൃഷിക്കാർക്ക് സ്റ്റാഗേർഡ് ക്ലസ്റ്ററിൽ ഉൾപ്പെടുത്തി ഹെക്ടറൊന്നിന് പന്തൽ ആവശ്യമുള്ളതിന് 25,000/- രൂപയും, പന്തൽ ആവശ്യമില്ലാത്തതിന് 20,000/- രൂപയും ധനസഹായം നൽകി വരുന്നു. ശീതകാല പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 30,000/- രൂപയും പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ പ്രോത്സാഹനത്തിനായി ഹൊക്ടറൊന്നിന് 10,000/- രൂപ ധനസഹായം നൽകുന്നു.
സംസ്ഥാന പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഒാണത്തിനൊരുമുറം പച്ചക്കറി പദ്ധതി ഘടകം വിജയകരമായി നടപ്പിലാക്കി ഓണക്കാലത്തും തുടർന്നും നമ്മുടെ വീട്ടുവളപ്പിൽ നിന്നു തന്നെ സമൃദ്ധമായി സുരക്ഷിത പച്ചക്കറി ഉല്പാദിപ്പിക്കുവാനാണ് കൃഷിവകുപ്പ് ഇൗ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.