ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യത്തെ നെൽവിത്ത് വിതയ്ക്കൽ പരീക്ഷണം വിജയം
മനുഷ്യ സഹായമില്ലാതെ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കുന്ന കാർഷിക പരീക്ഷണം കുട്ടനാട്ടിൽ വിജയത്തിലേക്ക്. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണത്തിൽ 30 കിലോ വിത്താണ് ഡ്രോൺ വഴി വിതച്ചത്. മാങ്കൊമ്പിലെ ഡോ. എം.എസ് സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രവും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും ചേർന്നു ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചെമ്പടി ചക്കൻകരി പാടശേഖരത്തിലെ ഒരേക്കർ കൃഷിയിടത്തിലായിരുന്നു വിത നടത്തിയത്. 10 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് ഡ്രോണിലുള്ളത്.10 കിലോഗ്രാമിൽ താഴെ വിത്ത് ഇതിൽ നിറയ്ക്കാം. ഒരേക്കറിൽ വെറും പത്ത് മിനുട്ട് കൊണ്ട് ഏതാണ്ട് 30 കിലോ വിത്താണ് വിതച്ചു നോക്കിയത്. നേരത്തെ കീടനാശിനി തളിക്കാൻ ഡ്രോൺ ഉപയോഗിച്ചിരുന്നു,
കേരളത്തിൽ തന്നെ ഇതാദ്യമായാണ് വിത്ത് വിതയ്ക്കാൻ ഡ്രോണുകളെ നിയോഗിക്കുന്നത്. സമയലാഭവും സാമ്പത്തിക ലാഭത്തിനും പുറമെ ആളുകൾ ഇറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റ് വിത്തുകൾ താഴ്ന്നു പോകുന്നത് ഒഴിവാക്കാം. മണ്ണിന്റെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും നേട്ടമാണ്. രോഗകീടനിയന്ത്രണം സ്വാഭാവികമായി തന്നെ സാധ്യമാകും. നിശ്ചിത അളവിൽ വിതയ്ക്കുന്നതിനാൽ നെൽച്ചെടികൾ തിങ്ങി നിറയുന്നതും ഇല്ലാതാകും. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നത് ഒഴിവാക്കാം.ആദ്യ പരീക്ഷണം വിജയിച്ചതിനാൽ ഡ്രോൺ വിദ്യ വ്യാപിപ്പിക്കും.