ഞാറ്റുവേല ചന്തയും കർഷക സഭകളും – സംസ്ഥാനതല സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു
ഞാറ്റുവേലകളിൽ പ്രധാനമായ തിരുവാതിര ഞാറ്റുവേലക്കാലത്ത് സംസ്ഥാനത്തുടനീളം നടപ്പിലാക്കിയ ഞാറ്റുവേല ചന്തയും കർഷകസഭകളും പദ്ധതിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടന്ന യോഗത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ.അനിൽ അധ്യക്ഷനായി. തദവസരത്തിൽ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് സംഘടിപ്പിച്ച കാർഷിക മേളയിലെ മികച്ച പ്രദർശന സ്റ്റാളുകൾക്കുള്ള അവാർഡ് വിതരണം നിർവ്വഹിച്ചു.
പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കൃഷിവകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പറഞ്ഞു. വരുന്ന ഓണക്കാലത്തെ ലക്ഷ്യമിട്ട് നമുക്ക് ആവശ്യമായ പച്ചക്കറികൾ ഇവിടെത്തന്നെ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന തരത്തിൽ പ്രവർത്തങ്ങൾ ഏകോപിപ്പിക്കും.
നെടുമങ്ങാട് ബ്ലോക്കിൽ നിന്നും കതിർ ഫ്രഷ് ബ്രാണ്ടിൽ പുറത്തിറക്കിയ ഉൽപ്പന്നങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. കാലാവസ്ഥ നമ്മുടെ മുന്നിൽ തരുന്ന അപ്രതീക്ഷിത പ്രതിസന്ധികൾക്കിടയിലും പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികളുമായി കൃഷിവകുപ്പ് മുന്നോട്ട് പോവുകതന്നെ ചെയ്യും.
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന പച്ചക്കറികളിൽ വിഷാംശത്തിന്റെ അളവ് വളരെ കൂടുതലാണ്. നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള പച്ചക്കറികൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായേ മതിയാകൂ. ജൂലൈ 1 മുതൽ 4 വരെ കൃഷി വകുപ്പ് സംഘടിപ്പിച്ച കാർഷിക മേളയിൽ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും കേരളഗ്രോ ബ്രാൻഡിൽ പുറത്തിറക്കിയ ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഉണ്ടായിരുന്നു. കാർഷിക പ്രദർശന സ്റ്റാളുകൾ സന്ദർശിച്ച മന്ത്രിമാർ പ്ലാവിൻ തൈകളും കൃഷിക്കൂട്ടങ്ങളുടെ ഉൽപ്പന്നങ്ങളും വാങ്ങി ഞാറ്റുവേലചന്തയുടെ ഭാഗമായി.