കൃഷിവകുപ്പിന്റെ ജൈവ സർട്ടിഫിക്കേഷന് പദ്ധതിയിൽ അംഗങ്ങളാകാം
സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ APEDA അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തൽ പദ്ധതി ഈ വർഷം മുതൽ ആരംഭിക്കുകയാണ്. കാർഷികോല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുമുള്ള പ്രധാന അതോറിറ്റിയാണ് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA). അപ്പേഡാ അംഗീകരിച്ചിട്ടുള്ള NPOP സ്റ്റാൻഡേർഡ് പ്രകാരമുള്ള തേർഡ് പാർട്ടി സർട്ടിഫിക്കേഷന് പദ്ധതിയ്ക്കാണ് കൃഷിവകുപ്പ് ആരംഭം കുറിച്ചിരിക്കുന്നത്. ഈ ത്രിവത്സര പദ്ധതി പ്രകാരം നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (NPOP) ജൈവ സാക്ഷ്യപ്പെടുത്തലിനുള്ള നടപടിക്രമങ്ങൾക്കുള്ള ഫീസും, കർഷകന്റെ കൃഷിയിടം ജൈവവൽക്കരിക്കുന്നതിനുള്ള ചിലവുകളും കൃഷിവകുപ്പ് വഹിക്കുന്നതാണ്. ഇതിന് ആവശ്യമായ അപേക്ഷകൾ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും സ്വീകരിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗം കർഷകർക്കും ഉപയോഗപ്രദമായ ഈ പദ്ധതി സാക്ഷ്യപ്പെടുത്തിയ ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് അധികമൂല്യം ലഭിക്കുന്നതിന് സഹായകരമാണ്. ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് വമ്പിച്ച കയറ്റുമതി സാധ്യതകൾ തുറന്നു കൊടുക്കുന്ന ഈ പദ്ധതിയിൽ കൃഷിഭവൻ മുഖാന്തിരം കർഷകർക്ക് അംഗങ്ങളാകാവുന്നതാണെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.