General headquarters building for agriculture department institutions

കൃഷി വകുപ്പ് സ്ഥാപനങ്ങൾക്ക് പൊതു ആസ്ഥാന മന്ദിരം
*30 കോടി രൂപയ്ക്ക് ഭരണാനുമതി**

കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനും, കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിലേയ്ക്കായുള്ള ഇ-ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്ട്രേറ്റീവ് ഹബ്ബായി പ്രവർത്തിക്കാനുതകുന്ന തരത്തിലും ഒരു പൊതു ആസ്ഥാന മന്ദിരം രൂപീകരിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവായതായി.

തിരുവനന്തപുരം ജില്ലയിൽ കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനയറയിലെ കാർഷിക നഗര മൊത്തവ്യാപാര കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥലത്തുള്ള 1 ഏക്കർ ഭൂമിയിലാണ്, കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഒരുമിപ്പിക്കാൻ ഉതകുന്ന ഐ.ടി അധിഷ്ഠിത ആധുനിക ഓഫീസും കർഷക സേവന കേന്ദ്രവും യാഥാർത്ഥ്യമാകുന്നത്. കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനു ഏകീകൃത അഡ്മിനിസ്ട്രേറ്റീവ് ഹബ്ബായി (Integrated & Administrative Hub) പ്രവർത്തിക്കാനുതകുന്ന കേന്ദ്രം കൂടി ആയിരിക്കുമിത്.

നിർദ്ദിഷ്ട പൊതു ഓഫീസ് സമുച്ചയത്തിൽ കൃഷി വകുപ്പുമായി ബന്ധപ്പെട്ട നിലവിൽ സ്വന്തം കെട്ടിടം ഇല്ലാത്ത ഓഫീസുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആവശ്യകത കണക്കിലെടുത്ത്, ഈ സ്ഥാപനങ്ങൾ കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനനുസരിച്ച് , സ്ഥലം അനുവദിക്കുന്നതിനുള്ള രൂപരേഖ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ തയ്യാറാക്കുന്നതാണ്. കെട്ടിട നിർമ്മാണത്തിന്റെ സാങ്കേതിക എസ്റ്റിമേഷൻ, കോൺട്രാക്ടിങ് എന്നിവ നിശ്ചയിക്കാൻ കാർഷികോത്പാദന കമ്മീഷണർ (കൺവീനർ), കൃഷി ഡയറക്ടർ, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്,സ്പെഷ്യൽ ഓഫീസർ WTO , മാനേജിംഗ് ഡയറക്ടർ, കാബ്കോ/എം.ഡിയുടെ പ്രതിനിധി, കാബ്കോ, സ്റ്റേറ്റ് അഗ്രിക്കൾച്ചർ എഞ്ചിനീയർ/ പ്രതിനിധി,ചീഫ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി (ബിൽഡിംഗ്)/എക്സിക്യൂട്ടിവ് എഞ്ചിനീയർ പദവിയുള്ള പ്രതിനിധി ,കെട്ടിട നിർമ്മാണത്തിന് തുക മുടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി/ഡയറക്ടർ (പ്രതിനിധി), അഡീഷണൽ സെക്രട്ടറി-3, കൃഷി വകുപ്പ് എന്നിവർ അടങ്ങിയ ഉദ്യോഗസ്ഥ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. 24 മാസത്തിൽ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.