സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ ‘ഹരിതരശ്മി’ പദ്ധതിയിലൂടെ 500 ഏക്കർ പാടത്ത് നെൽകൃഷി നടത്തി വയനാട്ടിലെ ഗോത്രകർഷകർ. പട്ടികവർഗക്കാരിൽ കൃഷി പ്രോത്സാഹനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണ് ഹരിതരശ്മി. വയനാട്, ഇടുക്കി ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ്(സിഎംഡി) പദ്ധതിയ്ക്ക് നേതിര്ത്വം നൽകുന്നത്. ജീരകശാല, ഗന്ധകശാല ,കുള്ളൻതൊണ്ടി, ചോമാല, കുടക് കല്യാണി, മുള്ളൻ കെെമ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
വയനാട്, ഇടുക്കി ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട്ടിൽ ബത്തേരി, മാനന്തവാടി, കൽപ്പറ്റ താലൂക്കുകളിലാണ് കൃഷി. ബത്തേരിയിൽ മൂന്നൂറും മറ്റു രണ്ട് താലൂക്കുകളിൽ നൂറ് ഏക്കർ വീതവുമാണ് നെല്ല് വിളയുന്നത്. പുൽപ്പള്ളി കുറുവ ചെറിയമല പാടശേഖരത്ത് 19 ഏക്കറിൽ കൃഷിയുണ്ട്. ജില്ലയിൽ മൂവായിരത്തോളംപേർ പദ്ധതിയുടെ ഭാഗമാണ്. പണിയ, അടിയ, കുറുമ, കാട്ടുനായിക്ക വിഭാഗങ്ങളെല്ലാം കൃഷി കൂട്ടായ്മയിലുണ്ട്.
കർഷകർക്ക് വിത്തും വളവും നൽകുന്നതിനൊപ്പം കൃഷി മുടങ്ങാതിരിക്കാൻ എന്തെല്ലാമാണോ ആവശ്യം അതെല്ലാം സിഎംഡിയുടെ നേതൃത്വത്തിൽ നിർവഹിക്കും. സാമ്പത്തിക പ്രയാസമുള്ളവർക്ക് കൂലിയും അനുവദിക്കും. വിത്തിറക്കുന്നതുമുതൽ വിപണനംവരെ സഹായം നൽകും. കൃഷി പരിശീലനം, രോഗപ്രതിരോധം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പലയിടങ്ങളിലും ആദിവാസി കർഷകർ കൂട്ടമായാണ് കൃഷിചെയ്യുന്നത്. തരിശുനിലങ്ങളിലുൾപ്പെടെ കർഷകർ കൃഷിയൊരുക്കുന്നുണ്ട്.