കർഷകർക്ക് വേണ്ടി സർക്കാർ നടത്തിവരുന്ന നിരവധിയായ സേവന – സഹായ പ്രവർത്തനങ്ങൾ
കാർഷിക മേഖലയിൽ വികസനത്തിലൂന്നിയ നിരവധി പദ്ധതികളാണ് ഈ സർക്കാർ നടപ്പിലാക്കി വരുന്നത്. കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്‌ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ക്രമാനുസൃതമായി നടപ്പാക്കുമ്പോൾ കർഷകർക്കും കാർഷികമേഖലക്കും സുസ്ഥിരമായ ഒരു ഭാവിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനത്തിന് ശേഷമുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകുകയും, കേന്ദ്രത്തിൽ നിന്നുള്ള പല സഹായപദ്ധതികളിലും സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറക്കുകയും ചെയ്‌തെങ്കിലും 2020-21ൽ 0.24% ആയിരുന്ന കാർഷിക വളർച്ച 2021-22 ൽ 4.64 ശതമാനത്തിലേക്കെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകളുടെ ഭാഗമായി മാത്രമാണ്.
രാജ്യത്ത് ആദ്യമായി സംസ്ഥാന സർക്കാർ കാർബൺ തുലിത കൃഷി നടപ്പാക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന് കീഴിലെ ആലുവ വിത്തുല്പാദന ഫാം രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാമായി ഉയർത്തി. അതിരപ്പിള്ളി ട്രൈബൽ മേഖലയ്ക്കും അവിടുത്തെ ഉത്പന്നങ്ങൾക്കും കാർബൺ തുലിത സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. പരിസ്ഥിതി സൗഹാർദ്ദമായ പുനരുജ്ജീവനം മുന്നിൽ കണ്ടുകൊണ്ട് കാർബൺ തുലിത കൃഷിരീതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ജൈവകൃഷിയും ഉത്തമകൃഷി രീതികളും പ്രോത്സാഹിപ്പിക്കുന്നതിനായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രവർത്തനങ്ങൾ സർട്ടിഫിക്കേഷനോടുകൂടി നടപ്പിലാക്കുന്നതിനായി 2022-23 സാമ്പത്തിക വർഷത്തിൽ ജൈവകൃഷി മിഷൻ ഉടൻ പ്രവർത്തനം ആരംഭിക്കും. പോഷകാഹാരവും സുരക്ഷിത ഭക്ഷണവും പൊതുജനാരോഗ്യത്തിന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പച്ചക്കറികൾ, ചെറുധാന്യങ്ങൾ, കിഴങ്ങു വർഗ്ഗ വിളകൾ, പയറു വർഗ്ഗ വിളകൾ, എന്നീ കൃഷികളെ സമഗ്രമായി സംയോജിപ്പിച്ച് കൊണ്ടുള്ള കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിന് പോഷക സമൃദ്ധി മിഷൻ രൂപീകരിച്ചു. കൃഷി കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി ലഭ്യമായ വിഭവശേഷി ശാസ്ത്രീയമായി പരമാവധി ഉപയോഗപ്പെടുത്തുക വഴി സംസ്ഥാനത്തിന്റെ ഉൽപ്പാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് കൃഷിയിടാസൂത്രണാധിഷ്ഠിത വികസന സമീപനം നടപ്പാക്കി. വിളയാധിഷ്ഠിത സമീപനത്തിൽ നിന്നും മാറി സംയോജിത- ബഹുവിള കൃഷി സമ്പ്രദായത്തിലേക്കുള്ള മാറ്റത്തിലൂടെ കാർഷിക വികസനം സാധ്യമാക്കുക എന്നതാണ് ഈ സമീപനത്തിന്റെ പ്രധാന ലക്ഷ്യം. 2022-23 സാമ്പത്തിക വർഷം 10,760 പ്ലോട്ടുകളിൽ ഇത്തരത്തിലുള്ള സംയോജിത കൃഷി നടപ്പിലാക്കി.
അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി 2288 ഹെക്ടർ സ്ഥലത്ത് ചെറുധാന്യകൃഷി വ്യാപിപ്പിക്കുവാൻ സാധിച്ചു. രണ്ടാം വിളകൃഷി 1014 ഹെക്ടറിലും നടപ്പിലാക്കി. 30 ആദിവാസി ഊരുകളിൽ ജൈവ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചു. സംസ്ഥാനത്ത് നാളികേരത്തിന്റെ വിലത്തകർച്ച ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 2021 ഫെബ്രുവരി 25 ന് നാളികേരത്തിന്റെ സംഭരണ വില 27 രൂപയിൽ നിന്നും 32 രൂപയായി വർദ്ധിപ്പിച്ചു. 2023 ഏപ്രിൽ 1 മുതൽ ആയത് 34 രൂപയായി വർദ്ധിപ്പിച്ചു. നിലവിൽ സംസ്ഥാന സർക്കാരിന്റെ പച്ചത്തേങ്ങ സംഭരണവും, നാഫെഡ് മുഖേനയുള്ള കൊപ്രാ സംഭരണവും ഊർജ്ജിതമായി കൃഷി വകുപ്പ് നടത്തുന്നുണ്ട്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിലെ കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാരം കാണുകയെന്ന ആശയത്തിൽ കൃഷിദർശൻ എന്ന പരിപാടി അസൂത്രണം ചെയ്യുകയും സംസ്ഥാനത്തെ 4 കാർഷിക ബ്ലോക്കുകളിൽ നടപ്പാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നുതന്നെ നിരവധി ഉത്തരവുകളാണ് പുറത്തിറക്കുവാൻ കഴിഞ്ഞത്.
കാർഷിക മേഖലയിലെ മൂല്യവർദ്ധനവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുടെ വിപണനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക വിപണന സംവിധാനം സ്ഥാപിക്കുന്നതിനായി സിയാൽ മോഡലിൽ കേരള അഗ്രോ ബിസിനസ് കമ്പനി (KABCO) രൂപീകരിച്ചു. കൃഷിയിടങ്ങളിൽ നിന്ന് കൊണ്ട് തന്നെ സേവനങ്ങളിലേക്ക് വിരൽ ചലിപ്പിക്കുവാനും, ഉദ്യോഗസ്ഥരുടെ പൂർണ്ണമായ സേവനം കൃഷിയിടങ്ങളിൽ ലഭ്യമാക്കുവാനും സ്മാർട്ട് കൃഷിഭവനുകൾ സ്ഥാപിച്ചു. കാലാവസ്ഥയെയും മണ്ണിനെയും അടിസ്ഥാനപ്പെടുത്തി അഭികാമ്യമായ വിളകളുടെ പുതിയ ഇനങ്ങൾ കാർഷിക സർവ്വകലാശാലയിലൂടെ വികസിപ്പിച്ചെടുത്തു. കൂടാതെ ഇ-ലേണിംഗ് സൗകര്യങ്ങളിലൂടെ കർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനങ്ങളും മാതൃകകളും തയ്യാറാക്കുകയും പ്രയോഗത്തിൽ കൊണ്ടുവരുവാനുമുള്ള സൗകര്യവും ഒരുക്കി. കൃഷിക്കാരുടെ വരുമാനം, കാർഷിക ഉത്പാദനക്ഷമത, ഉൽപ്പന്ന സംസ്കരണം, ഉൽപ്പന്നങ്ങളുടെ വില മൂല്യ വർധിത പ്രവർത്തനങ്ങളിൽ നിന്നും മറ്റ് അനുബന്ധ മേഖലയിൽ നിന്നുമുള്ള വരുമാനങ്ങൾ എന്നിവയിൽ വർദ്ധനവ് വരുത്തുന്നതിനായി മൂല്യ വർധിത കൃഷി മിഷന് രൂപം നൽകി. കേരളാഗ്രോ എന്ന ബ്രാൻഡിൽ 23 സർക്കാർ ഫാമുകളുടെ 195 ഉൽപന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കി. ഈ വർഷം കാർഷിക സർവകലാശാലയുടെയും, കേരഫെഡ്, ഹോർട്ടികോർപ്പ് മുതലായ പൊതുമേഖല സ്ഥാപനങ്ങളുടെയും കർഷക ഉത്പാദക സംഘടനകളുടേയും മികച്ച ഉത്പന്നങ്ങളും കേരളാഗ്രോ ബ്രാൻഡിൽ ലഭ്യമാകുവാൻ തയ്യാറെടുക്കുകയാണ്. പച്ചക്കറികൾ, ചെറു ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, ഇല വർഗ്ഗങ്ങൾ എന്നീ കൃഷികൾ കൃഷിയിടത്തിൽ ഉറപ്പുവരുത്തുന്നതിലൂടെയും അവ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കുന്നതിലൂടെയും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും കർഷകരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കുന്നതിനും പോഷക സമൃദ്ധി മിഷൻ രൂപീകരിച്ചു. 2026-27 സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും മിഷന്റെ ഭാഗമാക്കുവാൻ ലക്‌ഷ്യം വയ്ക്കുന്നു.
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന ജനകീയ മുന്നേറ്റത്തിലൂടെ ഒട്ടനവധി ആളുകളാണ് കാർഷിക മേഖലയിലേക്ക് കടന്നു വന്നത്. ആരോഗ്യ സംരക്ഷണത്തിന് സുരക്ഷിത ഭക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവ് സ്വന്തമായി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചു. മനസികാരോഗ്യത്തിനും ഉല്ലാസത്തിനും കൃഷിയെ തെരഞ്ഞെടുത്തവരും നിരവധിയാണ്. കൃഷിയില്ലാതെ വരും നാളുകളെ അതിജീവിക്കുവാൻ കഴിയുകയില്ല എന്ന് ജനം ഗൗരവത്തോടെ തിരിച്ചറിഞ്ഞ നാളുകളാണ് കടന്നു പോയത്. ഐ ടി മേഖലകളിൽ നിന്ന് പോലും ആൾക്കാർ കൃഷിയിലേക്ക് കടന്നു വന്നു.
മേൽ പറഞ്ഞവയൊക്കെയും ഈ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിലൂന്നിയ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണ്. ഇവയെക്കൂടാതെ കഴിഞ്ഞ സർക്കാർ അവതരിപ്പിച്ചതും നടത്തിപ്പോന്നതുമായ കൃഷിയധിഷ്ഠിത പദ്ധതികളുൾപ്പടെ വിവിധ കർഷക സൗഹൃദ പദ്ധതികൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് മുന്നോട്ട് പോകുന്നത്. ഈയടുത്ത് ഏറെ സംസാരവിഷയമായ നെല്ലുസംഭരണം തന്നെ ഇതിനു ഉദാഹരണമായി എടുക്കാം. രാജ്യത്തെ ഏറ്റവും മികച്ച വില നൽകിയാണ് കേരളം നെല്ല് സംഭരിക്കുന്നത്. അത് നെല്ലിന്റെ ഉത്പാദന ചെലവുമായി മുട്ടിച്ചു നോക്കുമ്പോൾ പ്രാദേശികമായി സംഭവിച്ചേക്കാവുന്ന ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുന്നതിനായി വകുപ്പ് നേരിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയും മികച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. കർഷകന് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ തുലോം കുറവ് വരുത്താതെ കാർഷികമേഖലയുടെ സമഗ്രവികസനത്തിനു ചുക്കാൻ പിടിക്കുകയാണ് കേരളം.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് 2012-13 ബജറ്റിൽ കുട്ടനാടും പാലക്കാട് 2 റൈസ് പാർക്കുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും സ്ഥാപിച്ചില്ല. എല്ലാ പഞ്ചായത്തിലും 3 ഗ്രീൻഹൗസുകൾ, 2013-14 ബജറ്റിൽ ചെറുകിട കർഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളും എന്ന് പറഞ്ഞു, 14-15 ബജറ്റിൽ സർക്കാർ 90% പ്രീമിയം ഏറ്റെടുത്തുകൊണ്ട് കർഷക ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനം, ഇൻകം ഗ്യാരന്റി സ്കീം തുടങ്ങിയ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും വലിയ തുകകൾ അനുവദിക്കുകയും ചെയ്‌തെങ്കിലും ഇവയൊന്നും നടപ്പാക്കിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് മുന്നോട്ടുവച്ച പ്രകടനപത്രിയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നതിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധവും സദാ കർമ്മനിരതരുമാണ്. നടപ്പിലാക്കിയവയൊക്കെയും പ്രോഗ്രസ്സ് റിപ്പോർട്ടുകൾ ആയി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു.