Nutrient Samrudhi Mission: Special Scheme for Health Care through Agriculture

പോഷക സമൃദ്ധി മിഷൻ: കൃഷിയിലൂടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി

കാർഷിക പാരിസ്ഥിതിക പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ പോഷക പ്രാധാന്യമുള്ള വിളകൾ ഉത്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ‘പോഷകസമൃദ്ധി മിഷൻ’ കൃഷി വകുപ്പ് രൂപീകരിച്ചു. ഉൽപാദനം, വിപണനം, മൂല്യവർദ്ധനവ്, പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്നീ മേഖലകൾ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. രൂപീകരണം സംബന്ധിച്ച ഉത്തരവ് 13.09.2023 നു പുറത്തിറങ്ങി.

നടപ്പ് സാമ്പത്തിക വർഷം ആരംഭിച്ച്‌ 2026-27ൽ ലക്ഷ്യത്തിലെത്തുന്ന തരത്തിൽ പ്രത്യേക ക്യാമ്പയിൻ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെ കാർഷിക, ആരോഗ്യ, സാമൂഹിക മേഖലകളിൽ പുരോഗതി നേടുന്നതിനും, വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇതുവഴി സാധ്യമാകും. വിവിധ വിളകളുടെ ഉത്പാദനത്തെ അടിസ്ഥാനപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി വിഭജിച്ചുകൊണ്ട് ഓരോ ഘട്ടത്തിലും ആവശ്യമായ സമഗ്ര ഇടപെടലുകൾ നടത്തുക, കാർഷിക മേഖലയെ ആധാരമാക്കി പ്രാദേശിക സാമ്പത്തിക വികസനം ആസൂത്രണം ചെയ്തു കർഷകരുടെ വരുമാനം ഉയർത്തുക, കാർഷിക പാരിസ്ഥിതിക മേഖലയെ അടിസ്ഥാനമാക്കിയുള്ള കാർഷിക ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി ദേശീയതലത്തിലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ ന്യൂട്രീഷൻ പ്ലേറ്റ് തയ്യാറാക്കുക തുടങ്ങിയവ ഈ പദ്ധതിയുടെ സവിശേഷതകളാണ്. കൃഷി, ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, സഹകരണം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ 25 ലക്ഷം കുടുംബങ്ങളെയും 2026-27 സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും മിഷന്റെ ഭാഗമാക്കുവാൻ ലക്‌ഷ്യം വക്കുന്നു.

പച്ചക്കറി, പയർ വർഗ്ഗങ്ങൾ, ചെറു ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ അവശ്യ അളവിലുള്ള ഉപയോഗത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക, പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, പോഷക പ്രാധാന്യമുള്ള ചെറുധാന്യങ്ങൾ ഉൾപ്പെടെയുള്ള വിളകളുടെ ഉത്പാദനവും ഉപയോഗവും വ്യാപകമാക്കുക, പയർ വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉത്പാദനം ആരോഗ്യ സൂചികയ്ക്ക് അനുസൃതമായി വർദ്ധിപ്പിക്കുക, കൂൺ കൃഷിയും കൂൺ അടിസ്ഥാനമാക്കിയ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക, ഉത്തമ കൃഷി രീതികളിലൂടെയും ജൈവകൃഷി രീതികളിലൂടെയും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക, പോഷക ഭക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകി ജീവിതശൈലി രോഗങ്ങളിൽ നിന്നും വിമുക്തി നേടുവാൻ ജനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സംസ്ഥാന പദ്ധതികളും കേന്ദ്ര ആവിഷ്കൃത പദ്ധതികളും ഫലപ്രദമായി കൂട്ടി യോജിപ്പിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദ് ആസ്ഥാനമായ ഐസിഎആർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചുമായി കൃഷിവകുപ്പ് ധാരണ പത്രം ഒപ്പു വയ്ക്കും. കൃഷി സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ സംസ്ഥാനതല നോഡൽ ഓഫീസറും കൃഷി ഡയറക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് നോഡൽ ഓഫീസറും ആയിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.