Department of Agriculture to prepare nutritious and safe food

പോഷക സമൃദ്ധ സുരക്ഷിത ഭക്ഷണമൊരുക്കാൻ കൃഷി വകുപ്പ്

പൊതുജനത്തിന് സ്വയം പര്യാപ്തമായ സുരക്ഷിത പോഷണ ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പോഷക സമൃദ്ധി മിഷന് തുടക്കം കുറിച്ചു. ആവശ്യമായ പോഷക ഗുണങ്ങളുള്ള ഭക്ഷണമല്ല നിലവിൽ ആഹാരമായി മലയാളികൾ കഴിക്കുന്നതെന്ന് നിരവധി പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നു. പോഷക സമൃദ്ധമായ ഭക്ഷണം ഈ ജനതയ്ക്ക് എത്തിക്കേണ്ടതിന്റെ ചുമതല ഓരോ കുടുംബവും ഏറ്റെടുക്കേണ്ടതുണ്ട്. 28.5 ലക്ഷം ടൺ പച്ചക്കറി ഉത്പാദിപ്പിച്ച് ഉപയോഗിക്കുക എന്നതാണ് ദേശീയ ശരാശരിയിൽ സ്വയം പര്യാപ്തതയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ തന്നെ സംസ്ഥാനത്തെ പരമാവധി കുടുംബങ്ങളെ പച്ചക്കറി കൃഷി ചെയ്യിക്കുന്നതിനും പോഷകസമൃദ്ധമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനും മിഷനിലൂടെ ലക്ഷ്യമിടുന്നു. 2026 -ഓടെ എല്ലാ കുടുംബങ്ങളെയും മിഷന്റെ ഭാഗമാക്കും.

ഇതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റുമായി ധാരണാപത്രം ഒപ്പിടും, നെൽവയലുകളിൽ മൂന്നാം വിളയായി പയർ കൃഷി പ്രോത്സാഹിപ്പിക്കും, ഹരിത പോഷക ഗ്രാമങ്ങൾ സൃഷ്ടിക്കും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനുമായി കൈകോർത്ത് ന്യൂട്രീഷൻ പ്ലേറ്റ് തയ്യാറാക്കും.

വിവിധ കാർഷിക ഉത്പന്നങ്ങളുടെ സംരംഭത്തിനും സംസ്കരണത്തിനും മൂല്യ വർദ്ധന ദേശീയ അന്തർദേശീയ വിപണത്തിനുമായി രൂപീകൃതമാകുന്ന കാബ്കോയുടെ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് പരമാവധി വിപണി കണ്ടെത്തി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കും. സർക്കാരിന്റെയും പൊതു വിപണിയുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരി വിഹിതങ്ങൾക്കൊപ്പം കർഷകരുടെയും കൂടെ പങ്കാളിത്തമുള്ള ഒരു കമ്പനി ആയിരിക്കും കാബ്കോ. കാബ്കോയുടെ ഓഹരിവിഹിതം എടുക്കുവാൻ നബാർഡ് തയ്യാറായി.

കർഷകർക്ക് മികച്ച വരുമാനം കണ്ടെത്തുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളോടൊപ്പം കർഷകരുടെ പങ്കാളിത്തത്തോടെയുള്ള നിരവധി വികസന പ്രവർത്തനങ്ങൾ കൃഷിവകുപ്പ് നടത്തി വരുന്നു. കൃഷിയിടങ്ങളിൽ നിന്നും പദ്ധതി ആസൂത്രണത്തിന് തുടക്കം കുറിക്കുന്ന കൃഷിയിടാതിഷ്ഠത പദ്ധതി, ഉൽപാദന മൂല്യ വർദ്ധന സേവനമേഖലയിൽ 23,000 ത്തോളം കൃഷിക്കൂട്ടങ്ങൾ, കർഷകർക്ക് സേവനങ്ങൾ സ്മാർട്ട് ആയി നൽകുന്നതിന് സ്മാർട്ട് കൃഷിഭവനുകൾ, കേരളത്തിലെ എല്ലായിടത്തും യന്ത്രവൽകൃത തൊഴിൽ സേന തുടങ്ങിയ പ്രവർത്തനങ്ങൾ നവീന കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടാകുന്നു.
____________________________________________________________________________

 

പോഷകസമൃദ്ധി മിഷൻ

കേരളത്തിന്റെ കാർഷിക മേഖല കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി, ഉത്പാദനം, വിപണനം, മൂല്യവർധനവ്, പൊതുജനാരോഗ്യം എന്നീ മേഖലകൾ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ടും ആരോഗ്യ ക്ഷേമത്തിന് ഉതകുന്ന രീതിയിൽ പോഷക സമ്പുഷ്ടമായ കാർഷിക വിളകളുടെ കൃഷിക്ക് ഊന്നൽ നല്കിക്കൊണ്ടുമുള്ള ഒരു സമഗ്ര പദ്ധതിയാണ് പോഷക സമൃദ്ധി മിഷൻ.

പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്കുള്ള നടപടികൾ ഊർജിതപ്പെടുത്തുന്നതോടൊപ്പം പോഷക പ്രധാനമായ പഴവർഗ്ഗങ്ങൾ, പയറു വർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ എന്നിവയുടെ ഉത്പാദനവും ഉപയോഗവും വ്യാപകമാക്കുക, ഉത്പാദനം, വിപണനം, മൂല്യ വർധനവ് എന്നീ മേഖലകൾ ഫലപ്രദമായി സംയോജിപ്പിച്ചികൊണ്ട് കർഷകരുടെ വരുമാനം വർധിപ്പിക്കുക, ആധുനിക സാങ്കേതിക വിദ്യകൾ, ഉത്തമ കൃഷി രീതികൾ, ജൈവ കൃഷി രീതികൾ എന്നിവയുടെ സുരക്ഷിതവും, പോഷക പ്രധാനവും, ഗുണമേന്മയുള്ളതുമായ കാർഷിക ഉത്പന്നങ്ങൾ ലഭ്യമാക്കുകവഴി പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നിവയാണ് മിഷന്റെ സുപ്രധാന ലക്ഷ്യങ്ങൾ. മൂന്നുവർഷക്കാലം നീണ്ടുനിൽക്കുന്ന പദ്ധതി പ്രവർത്തനങ്ങളിലൂടെ കാർഷിക സാമൂഹിക ആരോഗ്യ മേഖലകളിൽ ആശാവഹമായ പുരോഗതി നേടുന്നതിനും വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നത്തിനും ഇതിലൂടെ ലക്ഷ്യമിടുന്നു. കൃഷി, ആരോഗ്യം, സാമൂഹ്യ ക്ഷേമം, വ്യവസായം, വിദ്യാഭ്യാസം, സഹകരണം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, പദ്ധതി പ്രവർത്തനങ്ങൾ സംയോജിപ്പിച്ചുകൊണ്ടുമുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.

പോഷക സമൃദ്ധി മിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ വിളകളുടെ കൃഷി മൂന്ന് ഘട്ടങ്ങളിലായി (ഉത്പാദനത്തിന് മുൻപ്, ഉത്പാദനം, ഉത്പാദനത്തിന് ശേഷം) വിഭജിച്ചുകൊണ്ട് ഓരോ ഘട്ടത്തിലും ആവശ്യമായ സമഗ്ര ഇടപെടലുകൾ നടത്തും. പച്ചക്കറികൾ, പഴവർഗ്ഗവിളകൾ, പയറുവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ, ഔഷധസസ്യങ്ങൾ എന്നീ കാർഷിക വിളകളാണ് പോഷക സമൃദ്ധി മിഷനിൽ ഊന്നൽ നൽകുന്നത്.

 

കാബ്‌കോ

കാർഷികോല്പന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനും മൂല്യ വർദ്ധനവിനും ദേശീയ- അന്തർദേശീയ വിപണനത്തിനുമായി കർഷക പങ്കാളിത്തത്തോടുകൂടിയാണ് കാബ്‌കോ കാബ്‌കോ ആരംഭിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള കാർഷിക വിഭവങ്ങളുടെ ഉൽപാദനം എന്നതിൽ നിന്നും വ്യതിചലിച്ചുകൊണ്ട് മൂല്യ വർദ്ധനവിനും വിപണനത്തിനും കൂടി തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് കൃക്ഷി വകുപ്പ് ഇപ്പോൾ മുൻതൂക്കം നൽകി വരുന്നത്. കാർഷിക വിഭവങ്ങളുടെ ഉദ്പാദനത്തിൽ കൂടി വൈവിധ്യവൽക്കരണം ആവശ്യമാണ്. അത് കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും വിപണി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനവിനും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി വിവിധയിടങ്ങളിൽ ആരംഭിക്കുന്ന അഗ്രോ പാർക്കുകളുടെയും ഫ്രൂട്ട് പാർക്കുകളുടെയും ഏകോപനം കാബ്കോയിലൂടെ സാധ്യമാക്കും. നാളികേരം, നെല്ല്, മാങ്ങ, തേൻ തുടങ്ങി വിവിധ വിളകളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് അഗ്രോ പാർക്കുകൾ കമ്പോളത്തിൽ എത്തിക്കുക. പഴങ്ങൾ, കിഴങ്ങ് വർഗ്ഗ വിളകൾ തുടങ്ങി ആരോഗ്യപരമായി മൂല്യ വർദ്ധനവിന് സാധ്യതയുള്ള ഉൽപ്പന്നങ്ങളുടെ പാക്കിംഗ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി വിപണിയിലിറക്കുവാൻ അഗ്രോപാർക്കുകളിൽ സംവിധാനമുണ്ടാകും. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എല്ലാം തന്നെ കേരളാഗ്രോ എന്ന പൊതു ബ്രാൻഡിൽ ആയിരിക്കും അറിയപ്പെടുക. കൃഷിവകുപ്പ് കേന്ദ്രീകരിച്ചുള്ള കാർഷിക ഉത്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാർഷിക ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കുവാനും കാബ്കോയ്ക്ക് കഴിയും. ദേശീയ അന്തർദേശീയ കയറ്റുമതി വിപണന പ്രവർത്തനങ്ങളിൽ കേരളത്തിലെ കർഷകരെ പ്രാപ്തരാക്കുക എന്ന ഒരു വലിയ ദൗത്യം കൂടി കാബ്കോയ്ക്കുണ്ട്‌.

മറ്റൊരു പ്രത്യേകത കർഷക പങ്കാളിത്തമാണ്. സംസ്ഥാന സർക്കാരിന്റെ 33% ഓഹരി വിഹിതവും കർഷകരുടെ 24% ഓഹരി വിഹിതവും FPO, കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25% ഓഹരി വിഹിതവും പൊതു ഓഹരി വിപണിയിൽ നിന്ന് 13% ത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും പ്രാഥമിക കാർഷിക സഹകരണ സ്ഥാപനങ്ങളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 5% ത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും നിജപ്പെടുത്തി Public Private Partnership ൽ (PPP) കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്(CIAL) കമ്പനി മാതൃകയിൽ കാബ്കോ പ്രവർത്തിക്കും.