കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയൊരുക്കാൻ കാബ്കോ
കാർഷിക ഉത്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോത്പ്പന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനും മൂല്യവർധനവിനും ദേശീയ അന്തർദേശീയ വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക, കാർഷിക ഉത്പ്പന്നങ്ങളെ പൊതു ബ്രാൻഡിൽ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച കമ്പനിയാണ് കാബ്കോ. കാർഷിക ഉത്പ്പന്നങ്ങളെ പൊതു ബ്രാൻഡിങ്ങിൽ കൊണ്ടുവരും. ദേശീയ അന്തർ ദേശീയ കയറ്റുമതി, വിപണന പ്രവർത്തനങ്ങൾക്ക് കർഷകരെ കമ്പനി പ്രാപ്തരാക്കും. മൂല്യ വർദ്ധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഏജൻസിയായും കാബ്കോ പ്രവർത്തിക്കും. കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണത്തിനാവശ്യമായ യന്ത്രങ്ങളുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും.
33 % സർക്കാർ, 24 % കർഷകർ, 25 % കൃഷികൂട്ടങ്ങൾ, എഫ്.ബി.ഒ.കൾ, കാർഷിക സഹകരണ സംഘങ്ങൾ, 13 % പൊതുവിപണി, 5 % ധനകാര്യസ്ഥാപനങ്ങൾ എന്നിങ്ങനെയാണ് ഓഹരികൾ നിശ്ചയിച്ചിട്ടുള്ളത്. കൃഷി വകുപ്പ് മന്ത്രി ചെയർപേഴ്സണും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കേരള അഗ്രോ ഇൻഡട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നിവർ കമ്പനിയുടെ പ്രാരംഭ ഡയറക്ടർമാരായിരിക്കും. കാബ്കോയ്ക്കു ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം കർഷകർക്ക് നൽകും.
ഇടുക്കി വട്ടവട വെജിറ്റബിൾ അഗ്രോപാർക്ക്, തൃശൂർ കണ്ണാറയിലെ ബനാന ഹണി അഗ്രോപാർക്ക്, കോഴിക്കോട് വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിംഗ് ആന്റ് മാർക്കറ്റിംഗ് ഹബ് അഗ്രോപാർക്ക്, കോഴിക്കോട് കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിംഗ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാർക്ക് എന്നിവ ആദ്യ ഘട്ടത്തിൽ കാബ്കോയുടെ അടിസ്ഥാന യൂണിറ്റുകളാകും.
സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന വിതരണശൃംഖലകൾ വഴി കാബ്കോ കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിക്കും. സാധ്യതയുള്ള വിപണികൾക്കും ഉത്പന്നങ്ങൾക്കുമായി കമ്പോള ഗവേഷണം, ഉപഭോക്താക്കൾക്ക് ഉതകുന്ന രീതിയിൽ ബ്രാൻഡ് സൃഷ്ടിക്കൽ എന്നിവ കാബ്കോ വഴി നടത്തും. മാർക്കറ്റ് റിസർച്ച് അടിസ്ഥാനമാക്കി മത്സരാധിഷ്ഠിത വില നിർണയ തന്ത്രം നടപ്പാക്കും. വിവിധ മാർക്കറ്റിങ് പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ എന്നിവയിലൂടെ കാബ്കോയ്ക്ക് മാർക്കറ്റിങ് പ്രവർത്തനങ്ങൾ പ്രീ-ലോഞ്ച് ചെയ്യാനാകുന്നതിനാൽ ഉത്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാകും.